
പത്തനംതിട്ട : എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞ് കളർ വാരി എറിഞ്ഞുള്ള ആഘോഷവും കറങ്ങി നടന്നുള്ള അർമാദവും ഒന്നും ഇത്തവണ അനുവദിക്കില്ല. ജില്ലാ ഭരണകൂടവും പൊലീസും സ്കൂൾ അധികൃതരും കർശനമായ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. താമരശേരിയിൽ മർദ്ദനമേറ്റ് വിദ്യാർത്ഥി മരിച്ച സംഭവവും അതിക്രമങ്ങളും ലഹരിയുടെ വ്യാപനവും കണക്കിലെടുത്താണ് പൊലീസ് ജാഗ്രത ശക്തമാക്കിയത്. പരീക്ഷ കഴിഞ്ഞ് രക്ഷിതാക്കളെ കൂട്ടി വേണം കുട്ടികൾ മടങ്ങാൻ. കൂട്ടംകൂടി നിൽക്കാനോ പരീക്ഷയ്ക്ക് ശേഷം കറങ്ങി തിരിഞ്ഞ് നടക്കാനോ പാടില്ല. പൊലീസ് സംഘത്തിന്റെ ശക്തമായ പട്രോളിംഗ് ജില്ലയിലെ എല്ലാ സ്കൂളിലുമുണ്ടാകും. ഇത് സംബന്ധിച്ച നിർദേശങ്ങൾ ജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രിൻസിപ്പൽമാർക്കും ഹെഡ്മാസ്റ്ററിനും നൽകിയിട്ടുണ്ട്. ലഹരി മരുന്ന് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രത്യേക സംഘവും പരിശോധനയ്ക്കുണ്ടാകും.
പ്രശ്നസാദ്ധ്യതയുള്ള സ്കൂളുകളിൽ പട്രോളിംഗ് ശക്തമാക്കും. പി.ടി.എ അംഗങ്ങളും സ്കൂളിലെത്താൻ നിർദേശമുണ്ട്. ഇംപ്രൂവ്മെന്റ് പ്ലസ് ടു പരീക്ഷകളും ഇന്ന് അവസാനിക്കും.
നാശ നഷ്ടം ഉണ്ടാക്കരുത്
സ്കൂളിലെ അവസാന ദിവസത്തിലെ ആഘോഷത്തിൽ നാശനഷ്ടങ്ങൾ ഉണ്ടാക്കരുതെന്ന് പ്രത്യേക നിർദേശമുണ്ട്. സ്കൂളിലെ ഫർണിച്ചറുകൾ നശിപ്പിക്കുക, മേൽക്കൂരകൾക്ക് കേടുപാട് വരുത്തുക, ചുമർ വൃത്തികേടാക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നുണ്ടോയെന്ന് സ്കൂൾ അധികൃതർ പരിശോധിക്കും.
ബസ് സ്റ്റാൻഡുകളിലും പൊലീസ് പട്രോളിംഗ്
എസ്.എസ്.എൽ.സി പരീക്ഷ കഴിഞ്ഞ് കൂടുതൽ നേരം സംഘമായി ബസ് സ്റ്റാൻഡുകളിലും സ്റ്റോപ്പുകളിലും നിൽക്കാൻ സമ്മതിക്കില്ല. ആഘോഷ പരിപാടികളോ കൂട്ടംചേർന്നുള്ള ആഹ്ലാദ പ്രകടനങ്ങളോ അനുവദിക്കില്ല. പത്തനംതിട്ട ബസ് സ്റ്റാൻഡിൽ മുമ്പ് എസ്.ഐയെ വിദ്യാർത്ഥി ആക്രമിച്ചത് പൊലീസിന് നാണക്കേടായിരുന്നു. ജില്ലയിലെ ബസ് സ്റ്റാൻഡുകളിൽ പൊലീസ് കർശന നിരീക്ഷണം നടത്തും.
ജില്ലയിലെ എസ്.എസ്.എൽ.സി പരീക്ഷ കേന്ദ്രങ്ങൾ : 169.
പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ : 9925.
കളക്ടറുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്ന് നിയന്ത്രണങ്ങൾ വിലയിരുത്തിയിട്ടുണ്ട്. ഇന്ന് കുട്ടികൾ രക്ഷിതാക്കളോടൊപ്പമാകും സ്കൂളിൽ നിന്ന് മടങ്ങി പോകുക.
ഡി.അനില,
ജില്ലാ വിദ്യാഭ്യാസ ഓഫീസർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |