SignIn
Kerala Kaumudi Online
Friday, 23 October 2026 8.25 PM IST

കദളിമംഗലം പടയണി : കാലയക്ഷി കനൽവാരി, കരക്കാർ കളമൊഴിഞ്ഞു

padayani
കദളിമംഗലം പടയണിയിൽ ഇരുവെള്ളിപ്പറ- തെങ്ങേലി കരക്കാരുടെ പകൽ പടയണിയുടെ ഭാഗമായി കാലയക്ഷി കോലം കളത്തിൽ തുള്ളിയുറഞ്ഞ് തീക്കനൽ വാരിയെറിയുന്നു

തിരുവല്ല : കദളിമംഗലം പടയണിയിൽ പകൽ പടയണിയിലെ കാലയക്ഷി കോലത്തോടെ ഇരുവെള്ളിപ്പറ - തെങ്ങേലി കരക്കാരുടെ പടയണിക്ക് സമാപനമായി. ഇന്നലെ രാവിലെ 10.30 ഓടെ, കഴിഞ്ഞ 10 നാൾ നടന്ന പടയണിയിലെ തെറ്റുകുറ്റങ്ങൾക്ക് അമ്മയോട് മാപ്പപേക്ഷിച്ച് പിഴകളെല്ലാം പൊറുത്തുകൊണ്ടെ .... അനുഗ്രഹിക്ക ഭഗവതിയെ എന്ന് പാടികൊണ്ട് മംഗളഭൈരവി കളത്തിൽ തുളളിമാറി. ശേഷം കണിയാൻ കളത്തിലെത്തി. പൂപ്പടയും ഗന്ധർവ്വൻ കോലവും കളത്തിൽ തുള്ളിയൊഴിഞ്ഞു. തുടർന്ന് പകൽ 11.30ന് പകൽ പടയണി നടന്നു. ക്ഷേത്രത്തിന്റെ തുറന്നിട്ട തിരുനടയ്ക്ക് മുമ്പിൽ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് പ്ലാവ് വിറക് കത്തിച്ചുകൊണ്ട് തീക്കനൽ ഉണ്ടാക്കിശേഷം കാലയക്ഷി കോലമേറ്റി കോലധാരി കളത്തിലെത്തി. പാട്ടിനനുസരിച്ച് ചുവട് വെച്ച് തുള്ളിയുറഞ്ഞ് ക്ഷേത്രത്തിന് മൂന്ന് പ്രദക്ഷിണം വച്ച് ശേഷം ഇരുകൈകളിലെയും ഇലഞ്ഞി തൂപ്പുകൾ രണ്ട് ദിക്കുകളിലേക്ക് എറിഞ്ഞശേഷം കത്തിജ്വലിക്കുന്ന തീക്കനൽ മൂന്ന് പ്രവശ്യം വാരിയെറിഞ്ഞതോടെ ഇരുവെള്ളിപ്പറ - തെങ്ങേലി കരക്കാരുടെ പടയണിക്ക് സമാപനം കുറിച്ചു.

ഇന്ന് വെൺപാല കരക്കാരുടെ പകൽ പടയണി നടക്കും.

ഏപ്രിൽ ഒന്നിന് അമ്മയുടെ പിറന്നാൾ ദിനമായ മീനഭരണി ദിനത്തിൽ മൂന്ന് കരക്കാരും കൂടി ഒത്തുചേർന്ന് കളത്തിൽ വിനോദ ഇനമായ പരദേശി ഇറങ്ങുന്നതോടെ കദളിമംഗലം പടയണിക്ക് സമ്പൂർണ സമാപനമാകും.

വലഞ്ചുഴി വലിയ പടയണി ഇന്ന്

പ്രമാടം : വലഞ്ചുഴി ദേവീക്ഷേത്രത്തിൽ ഇന്ന് വലിയ പടയണി നടക്കും. രാത്രി 8 മുതൽ വിവിധ കരകളിൽ നിന്നുള്ള കോലങ്ങൾ ആഘോഷമായി ക്ഷേത്രത്തിലേക്ക് എത്തിത്തുടങ്ങും. 9.30ന് പടയണിക്കളത്തിൽ കോലംതുള്ളൽ ആരംഭിക്കും. ശിവകോലം, കുതിര, അരക്കിയക്ഷി, ആന്തരയക്ഷി, മായയക്ഷി, ഭൈരവി എന്നീ കോലങ്ങൾ കളത്തിൽ തുള്ളിയൊഴിയും. 14 കരകളുടെ പങ്കാളിത്വത്തോടെയാണ് പടയണി സംഘടിപ്പിച്ചിരിക്കുന്നത്. നാളെ രാവിലെ എട്ടിന് തന്ത്രി അടിമുറ്റത്ത്മഠം ശ്രീദത്ത് ഭട്ടതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ മീനഭരണി വിശേഷാൽ പൂജകൾ നടക്കും. രാത്രി എട്ടിന് ജീവത എഴുന്നള്ളത്ത്, ഒൻപതിന് ചട്ടത്തിൽകോലം വലഞ്ചുഴി വഞ്ചിപ്പടിയിൽ നിന്ന് എഴുന്നള്ളിക്കും. പത്തിന് പടയണി. പുലർച്ചെ 5.30 ന് വഞ്ചിപ്പാട്ട് പാടി ദേവിയെ ശ്രീകോവിലിലേക്ക് എഴുന്നള്ളിക്കും. തുടർന്ന് നാളികേരം ഉടച്ച് രാശി നോക്കി ഒരുവർഷത്തെ ഫലം പറയും. ഇതോടെ ഈ വർഷത്തെ പടയണിക്ക് പരിസമാപ്തിയാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL