SignIn
Kerala Kaumudi Online
Tuesday, 22 September 2026 11.41 PM IST

ശബരിമല റോപ് വേ ; പ്രതീക്ഷകൾ മങ്ങുന്നു

rop-way

ശബരിമല : സംസ്ഥാന വന്യജീവി ബോർഡിന്റെ രണ്ടാമത്തെ യോഗത്തിലും ശബരിമല റോപ് വേ പദ്ധതിക്ക് അനുമതിയില്ല. അനുമതി കിട്ടാതായതോടെ പദ്ധതിയുടെ നിർമ്മാണം അനിശ്ചിതത്വത്തിലായി. വനംവകുപ്പ് പെരിയാർ വെസ്റ്റ് ടൈഗർ റിസവ് ഡെപ്യൂട്ടി ഡയറക്ടർ സന്ദീപ് നായർ, റാന്നി ഡി.എഫ്.ഒ എന്നിവർ പദ്ധതി സംബന്ധിച്ച് അനുകൂല റിപ്പോർട്ട് സമർപ്പിച്ചിട്ട് മാസങ്ങൾ പിന്നിട്ടു. ദേവസ്വം മന്ത്രി വി.എൻ.വാസവൻ ശബരിമലയുടെ വികസനത്തിന് സുപ്രധാന ചാലകമാകുന്ന പദ്ധതിയെന്നാണ് റോപ് വേയെ വിശേഷിപ്പിച്ചിരുന്നത്. ദേവസ്വം ബോർഡിന്റെയും സ്വപ്ന പദ്ധതിയാണിത്. ഇക്കാരണത്താൽ മുഖ്യമന്ത്രി അദ്ധ്യക്ഷനായ ബോർഡിന്റെ യോഗത്തിൽ റോപ് വേ പദ്ധതിക്ക് മുന്തിയ പരിഗണന ലഭിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും അതുണ്ടായില്ല.

മാത്രമല്ല യോഗ അജണ്ടയിൽ സംസ്ഥാനത്തെ ക്വാറികൾക്കുള്ള പ്രവർത്തന അനുമതിയ്‌ക്കൊപ്പമാണ് റോപ് വേയും ഉൾപ്പെടുത്തിയിരുന്നത്.
സംസ്ഥാന വന്യജീവി ബോർഡിന്റെ അനുമതി ലഭിച്ചശേഷം കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിച്ചെങ്കിൽ മാത്രമേ റോപ് വേ നിർമ്മാണം ആരംഭിക്കാൻ കഴിയു. മാസങ്ങൾക്ക് മുൻപുതന്നെ പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള നിർദ്ദിഷ്ട റോപ്‌വേയുടെ പ്രാഥമിക സ്ഥലപരിശോധന പൂർത്തിയാക്കി സർവേക്കല്ലുകൾ സ്ഥാപിച്ചിരുന്നു.

വനംഭൂമിക്ക് പകരം റവന്യൂഭൂമി

2011ൽ ആരംഭിച്ച റോപ് വേ നിർമ്മാണ പദ്ധതി വി.എൻ.വാസവൻ ദേവസ്വം മന്ത്രിയായതോടെയാണ് ഊർജിതമായത്. തുടർന്ന് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നടപടി ക്രമങ്ങൾ അദ്ദേഹം വേഗത്തിലാക്കി. പെരിയാർ ടൈഗർ റിസർവിലൂടെയും റാന്നി ഫോറസ്റ്റ് ഡിവിഷനിലൂടെയുമാണ് റോപ് വേ കടന്നുപോകുന്നത്. ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം കൊല്ലം ശെന്തുരുണി വൈൽഡ് ലൈഫ് ഡിവിഷനിലെ കട്ടിളപ്പാറ സെറ്റിൽമെന്റിലെ 4.5336 ഹെക്ടർ റവന്യു ഭൂമി വനംവകുപ്പിന് കൈമാറി.


പമ്പയിൽ നിന്ന് സന്നിധാനത്തേക്കുള്ള ചരക്കുനീക്കം സുഗമമാക്കാനും ആംബുലൻസ് സർവീസിനും പുറമെ രോഗികൾക്കും പ്രായമായവർക്കും ഡോളിയിൽ സഞ്ചരിക്കുന്നവർക്കും അടിയന്തരഘട്ടങ്ങളിലും റോപ്‌വേ അനുവദിക്കാനായിരുന്നു നീക്കം. പമ്പ ഹിൽടോപ്പിൽ നിന്ന് ആരംഭിച്ച് അഞ്ച് സ്റ്റീൽ ടവറുകളിലൂടെ മാളികപ്പുറം പൊലീസ് ബാരക്കിന് പിന്നിലെത്തും വിധമാണ് നിർമ്മാണം.

ശബരിമല റോപ് വേ : 2.7 കിലോമീറ്റർ നീളം

പ്രതീക്ഷിക്കുന്ന പദ്ധതി ചെലവ് : 150 മുതൽ 180 കോടി രൂപ വരെ

റോപ് വേ നിർമ്മാണം അനുമതി ലഭിച്ചാൽ മഴക്കാലവും തീർത്ഥാടനകാലവും ഒഴികെയുള്ള 24 മാസം കൊണ്ട് പൂർത്തിയാക്കാൻ കഴിയും. ഒരു സെക്കന്റിൽ മൂന്ന് മീറ്റർ വേഗതയിൽ ചരക്കു നീക്കം നടത്താൻ കഴിയും.
ഓപ്പറേഷൻസ് ഹെഡ്,
ശബരിമല റോപ് വേ നിർമ്മാണ കമ്പിനി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL