SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.56 AM IST

വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ച് ആറ്റിൽ ചാടിയ പ്രതി പിടിയിൽ

rajesh-kumar

പിടികൂടിയത് പ്രതിക്ക് പിന്നാലെ നീന്തിച്ചെന്ന്

ആക്രമത്തിനിടെ എസ്.ഐക്ക് പരിക്ക്

ആറന്മുള : വീട്ടമ്മയുടെ സ്വർണമാല പൊട്ടിച്ചെടുത്ത് ആറ്റിൽച്ചാടിയ മോഷ്ടാവിനെ ആറൻമുള പൊലീസ് പിടികൂടി. ഇയാളെ പിന്തുടർന്ന് പമ്പാനദിയിൽ ചാടിയ രണ്ടു പൊലീസുകാരാണ് നദിയുടെ നടുവിൽ നിന്ന് പിടികൂടിയത്. ആറന്മുള കുഴിക്കാല കുറുന്താർ കാവിന് മേലേതിൽ വീട്ടിൽ രാജേഷ് കുമാർ (36) ആണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് സംഭവം. ആറന്മുള വഞ്ചിത്ര മേലകത്തിൽ തുണ്ടിയിൽ വീട്ടിൽ പ്രസന്ന (62) യുടെ മൂന്നുപവൻ വരുന്ന താലിമാലയാണ് ഇയാൾ മോഷ്ടിച്ചത്.

ശനിയാഴ്ച വൈകിട്ട് വീടിന്റെ ഗേറ്റ് അടയ്ക്കുന്നതിനായി പ്രസന്ന മുറ്റത്തേക്ക് ഇറങ്ങിയപ്പോൾ പതുങ്ങിയിരുന്ന പ്രതി മാല പൊട്ടിച്ച് ഓടുകയായിരുന്നു. നാട്ടുകാർ പൊലീസിൽ വിവിരമറിയിച്ചു. എസ്.ഐ ആഷിൽ രവിയുടെ നേതൃത്വത്തിൽ ഉടൻതന്നെ പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഇയാൾ സമീപത്തെ മുളങ്കാട്ടിൽ ഒളിച്ചു. പൊലീസും നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തുമ്പോൾ പ്രതി മുളങ്കാട്ടിൽ നിന്ന് പമ്പയാറ്റിൽ ചാടി നീന്തി രക്ഷപ്പെടാൻ ശ്രമിച്ചു. ഇതുകണ്ട കിരൺ, ആകേഷ് എന്നീ പൊലീസുകാർ നദിയിൽ ചാടി. ഇയാൾക്ക് പിന്നാലെ നീന്തി. നദിയുടെ നടുവിൽ വച്ച് പിടികൂടി കരയ്ക്ക് എത്തിച്ചു. പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാനും ഇയാൾ ശ്രമിച്ചു. ഇതിനിടെ എസ്.ഐയുടെ കാലിന് പരിക്കേറ്റു. ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തിയ ഇയാളെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യലുകൾക്കു ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL