SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.02 AM IST

തി​രഞ്ഞെടുപ്പ് ചൂടി​ൽ നാട്, പ്രചാരണം കത്തും

ele

പത്തനംതിട്ട : ഏറ്റവും കുറഞ്ഞ പ്രചാരണ ദിവസങ്ങളുമായി​ നിയമസഭാ തിരഞ്ഞെടുപ്പി​ന് വി​ളംബരം ഉയർന്നപ്പോൾ സർവ സന്നാഹങ്ങളുമായി​ ഗോദയി​ൽ ഇറങ്ങുകയാണ് മുന്നണി​കൾ. കത്തുന്ന ചൂടിലാണ് പോർക്കളം ഉണർന്നത്.

ജില്ലയിലെ അഞ്ച് മണ്ഡലങ്ങളും എൽ.ഡി.എഫിനൊപ്പമാണ്. ഒരുകാലത്ത് യു.ഡി.എഫ് കോട്ടയായിരുന്ന ജില്ല 2019ൽ കോന്നി ഉപതിരഞ്ഞെടുപ്പോടെയാണ് പൂർണമായി ഇടതുവശം ചേർന്നത്. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും യു.ഡി.എഫ് അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ലീഡ് നേടി. തദ്ദേശ ഫലത്തിന്റെ ആത്മവിശ്വാസത്തിൽ ജില്ല തിരിച്ചുപിടിക്കാമെന്ന് യു.ഡി.എഫ് പ്രതീക്ഷ പുലർത്തുന്നു. എന്നാൽ, തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നിയമസഭാ ഫലത്തെ സ്വാധീനിക്കില്ലെന്ന് മുൻകാല ചരിത്രം ചൂണ്ടിക്കാട്ടി എൽ.ഡി.എഫ് വാദിക്കുന്നു. ജില്ലയിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ നിരന്നു. യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികളും രംഗത്തിറങ്ങുന്നതോടെ പോര് കനക്കും.

♦ ആറൻമുള

മന്ത്രി വീണാജോർജ് മൂന്നാം അങ്കത്തിനിറങ്ങുന്ന ആറൻമുള സംസ്ഥാന ശ്രദ്ധയാകർഷിക്കുന്ന മണ്ഡലങ്ങളിലൊന്നാണ്. പത്തുവർഷം മണ്ഡലം നന്നായി നോക്കിയെന്ന പ്രതിച്ഛായയിൽ മത്സരിക്കുന്ന വീണയെ എതിരാടൻ യു.ഡി.എഫ് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അബിൻ വർക്കിയെ പ്രഖ്യാപിക്കുമെന്നാണ് സൂചന. പി.മോഹൻരാജ്, എ.സുരേഷ് കുമാർ, അനീഷ് വരിക്കണ്ണാമല തുടങ്ങിയവരെയും പരിഗണിച്ചിരുന്നു. ബി.ജെ.പിയുടെ ആദ്യ പട്ടികയിൽ ആറൻമുളയില്ല.

♦ അടൂർ

എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.പി.ഐയിലെ പ്രിജി കണ്ണൻ രംഗത്തിറങ്ങി. ഇന്നലെ സ്ഥാനാർത്ഥിയുടെ റോഡ് ഷോ നടന്നു. ജില്ലയിലെ ഏക എൽ.ഡി​.എഫ് പുതുമുഖ സ്ഥാനാർത്ഥി പ്രിജിയാണ്. തുടർച്ചയായി മൂന്ന് തവണ എം.എൽ.എയായ ചിറ്റയം ഗോപകുമാറിന്റെ പിൻഗാമിയാണ് പ്രിജി. കോൺഗ്രസ്, ബി.ജെ.പി സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അവ്യക്തത തുടരുന്നു.

♦ കോന്നി

സ്ഥാനാർത്ഥി പ്രഖ്യാപനത്തോടെ ചുവരെഴുത്തുകൾ നടത്തി സി.പി.എമ്മിലെ കെ.യു.ജനീഷ് കുമാർ പ്രചാരണം തുടങ്ങി. തുടർച്ചയായി മൂന്നാം തവണയാണ് കോന്നിയിൽ മത്സരിക്കുന്നത്. 2019വരെ കോന്നി എം.എൽ.എ ആയിരുന്ന അടൂർ പ്രകാശ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചതിനെ തുടർന്ന് നടന്ന ഉപതി‌രഞ്ഞെടുപ്പിലായിരുന്നു ജനീഷിന്റെ ആദ്യ വിജയം. 2021ൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികളെ ഉടനറിയാം.

♦ തിരുവല്ല

എൽ.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർത്ഥികൾ രംഗത്തിറങ്ങി. എൽ.ഡി.എഫ് സ്ഥാനാർത്ഥി ഇൻഡ്യൻ സോഷ്യലിസ്റ്റ് ജനതാദളിലെ മാത്യു ടി.തോമസ് ഒൻപതാം തവണ തിരുവല്ലയിൽ രംഗത്തിറങ്ങുന്നു. എൻ.ഡി.എ സ്ഥാനാർത്ഥി ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണിയാണ്. യു.ഡി.എഫിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനാണ് സീറ്റ്.

♦ റാന്നി

എൽ.ഡി.എഫ് സ്ഥാനാർത്ഥി കേരള കോൺ​ഗ്രസ് എമ്മി​ലെ പ്രമോദ് നാരായണൻ തുടർച്ചയായി രണ്ടാംതവണ മത്സരിക്കുന്നു. കോൺഗ്രസ്, എൻ.ഡി.എ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL