SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.21 AM IST

പെസഹാദിനത്തിൽ ദേവാലയങ്ങളിൽ കാൽകഴുകൽ ശുശ്രൂഷ

പത്തനംതിട്ട: വിശുദ്ധ കൂർബാന സ്ഥാപനത്തിനു മുന്നോടിയായി എളിമയുടെ മാതൃക കാട്ടി ശിഷ്യരുടെ പാദങ്ങൾ കഴുകിയ ക്രിസ്തുവിനെ അനുസ്മരിച്ച് പെസഹാദിനത്തോടനുബന്ധിച്ച് ദേവാലയങ്ങളിൽ കാൽകഴുകൽ ശുശ്രൂഷ നടന്നു.
പത്തനംതിട്ട സെന്റ് പീറ്റേഴ്‌സ് മലങ്കര കത്തോലിക്കാ പള്ളിയിൽ പത്തനംതിട്ട ഭദ്രാസന പ്രഥമ അദ്ധ്യക്ഷൻ യൂഹാനോൻ മാർ ക്രിസോസ്റ്റമിന്റെ കാർമ്മികത്വത്തിൽ കാൽകഴുകൽ ശുശ്രൂഷ നടന്നു.
തുമ്പമൺ സെന്റ് മേരീസ് ഓർത്തഡോക്‌സ് ഭദ്രാസന ദേവാലയത്തിൽ ഡോ.യുഹാനോൻ മാർ ദിയോസ്‌കോറസും പരുമല സെമിനാരി ദേവാലയത്തിൽ അഹമ്മദാബാദ് ഭദ്രാസനാധിപൻ ഗീവർഗീസ് മാർ തെയോഫിലോസും കാൽകഴുകൽ ശുശ്രൂഷയ്ക്കു കാർമ്മികത്വം വഹിച്ചു.സീറോ മലബാർ, ലത്തീൻ ദേവാലയങ്ങളിൽ പെസഹാ തിരുക്കർമ്മങ്ങളോടനുബന്ധിച്ച് കാൽകഴുകൽ ശുശ്രൂഷ നടന്നു.

യേശുവിന്റെ പീഡസഹനങ്ങളുടെ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി ആചരിക്കും. ദേവാലയങ്ങളിൽ രാവിലെ പ്രാർത്ഥനകൾ ആരംഭിക്കും. ദേവാലയത്തിനു ചുറ്റും പുറത്തേക്കുമുള്ള കുരിശിന്റെ വഴിയോടെയാണ് ശുശ്രൂഷകൾക്കു തുടക്കമാകുന്നത്. സുദീർഘമായ പ്രാർത്ഥനകളും കുരിശ് മരണത്തിന്റെ സ്മരണയിലുള്ള ആരാധനയും കബറടക്കവുമെല്ലാം ഇതിന്റെ ഭാഗമായുണ്ടാകും. കഞ്ഞിനേർച്ചയോടെയാണ് സമാപനം. രാത്രിയിൽ ജാഗരണ പ്രാർത്ഥനകളും ഉണ്ടാകും.
പത്തനംതിട്ട മേരിമാതാ ഫൊറോന ദേവാലയത്തിൽ നിന്നും രാവിലെ 6.45ന് ടൗണിലൂടെ കുരിശിന്റെ വഴി ആരംഭിക്കും. സെന്റ് പീറ്റേഴ്‌സ് കത്തീഡ്രലിലേക്കാണ് കുരിശിന്റെ വഴി. യൂഹാനോൻ മാർ ക്രിസോസ്റ്റം മെത്രാപ്പൊലീത്ത സന്ദേശം നൽകും.
അടൂരിലെ വിവിധ കത്തോലിക്കാ ദേവാലയങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ രാവിലെ കുരിശിന്റെ വഴി നടക്കും. തുടർന്നാണ് ദേവാലയങ്ങളിൽ ശുശ്രൂഷകൾ ആരംഭിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL