SignIn
Kerala Kaumudi Online
Tuesday, 26 May 2026 5.12 PM IST

പൈപ്പ് പൊട്ടിയിട്ട് ദിവസങ്ങളായി മലയാലപ്പുഴയിൽ വഴിനീളെ വെള്ളം

water-

കോന്നി: കനത്ത വേനലിൽ രൂക്ഷമായ കുടിവെള്ളക്ഷാമം മൂലം ജനം വലയുമ്പോൾ മലയാലപ്പുഴയിൽ വാട്ടർ അതോറിട്ടിയുടെ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് രണ്ടിടത്ത്.പുതുക്കുളം ജംഗ്ഷനിലും പുതുക്കുളം- കുമ്പഴ റോഡിലെ പൊതിപ്പാട് ജംഗ്ഷന് സമീപവുമാണ് പൈപ്പ് ലൈൻ പൊട്ടി വൻതോതിൽ വെള്ളം നഷ്ടപ്പെടുന്നത്. ദിവസങ്ങളായി ഇൗ സ്ഥിതി തുടർന്നിട്ടും വാട്ടർ അതോറിട്ടി പരിഹാരം കണ്ടിട്ടില്ല. വേനലിന്റെ തുടക്കത്തിൽത്തന്നെ രൂക്ഷമായ കുടിവെള്ളക്ഷാമം നേരിടുന്ന പഞ്ചായത്താണ് മലയാലപ്പുഴ. വാട്ടർ അതോറിട്ടിയുടെ മലയാലപ്പുഴ ശുദ്ധജല വിതരണ പദ്ധതിയാണ് നാട്ടുകാരുടെ ആശ്രയം. ദിവസങ്ങളായി വെള്ളം ഒഴുകി പുതുക്കുളം ജംഗ്ഷന് സമീപം കുഴി രൂപപ്പെട്ടു. അമിതവേഗത്തിലെത്തുന്ന വാഹനങ്ങൾ കുഴിയിൽ വീഴാൻ സാദ്ധ്യതയുണ്ട്. അധികൃതർ തിരിഞ്ഞു നോക്കാത്തതിനെ തുടർന്ന് ഇൗ ഭാഗത്ത് കമ്പുകൾ നാട്ടി നാട്ടുകാരാണ് മുന്നറിയിപ്പ് നൽകിയത്.

പൊതീപ്പാട് ജംഗ്ഷന് സമീപവും പൈപ്പ് പൊട്ടി വൻതോതിലാണ് കുടിവെള്ളം പാഴാകുന്നത്. പൈപ്പ് പൊട്ടിയ സ്ഥലത്ത് ഇവിടെയും കുഴിയായി. വാഹനങ്ങൾ അപകടത്തിൽപ്പെടാതിരിക്കാൻ മുൻകരുതലായി നാട്ടുകാർ ഇൗ ഭാഗത്ത് റിബൺ കെട്ടിയിട്ടുണ്ട്.

മലയാലപ്പുഴ ശുദ്ധജല വിതരണ പദ്ധതിയുടെ കല്ലാറ്റിലെ കടവുപുഴയിലെ പമ്പ് ഹൗസിൽ നിന്ന് പമ്പ് ചെയ്യുന്ന വെള്ളമാണ് വിവിധ സ്ഥലങ്ങളിലേക്ക് എത്തിക്കുന്നത്. ഹാരിസൺ മലയാളം പ്ലാന്റേഷന്റെ കുമ്പഴ എസ്റ്റേറ്റിലെ ഹെലിപാഡിലാണ് ടാങ്ക്. ഇവിടെ നിന്ന് വെള്ളം പൈപ്പ് ലൈൻ വഴി മലയാലപ്പുഴ കാഞ്ഞിരപ്പാറയിലെ ടാങ്കിൽ എത്തിക്കും. മലയാലപ്പുഴ ദേവീക്ഷേത്രത്തിലെ ആവശ്യങ്ങൾക്കടക്കമുള്ള വെള്ളം ഈ പൈപ്പ് ലൈനിലൂടെയാണ് ലഭ്യമാകുന്നത്.

പൊട്ടിയത് വാഹനം കയറി

റോഡരികിനോട് ചേർന്ന് കുഴിച്ചിട്ടിരിക്കുന്ന പൈപ്പ് ലൈനിൽ വാഹനങ്ങൾ കയറിയാണ് പൊട്ടിയത്. പൈപ്പ് പൊട്ടിയ ഭാഗത്തെ കുഴിയിൽ ഇരുചക്രവാഹനയാത്രക്കാർ വീഴുന്നുണ്ട്. റോഡ് നിരപ്പിൽത്തന്നെ പൈപ്പിട്ട് മണ്ണ് മൂടിയത് മൂലമാണ് വാഹനങ്ങൾ കയറുമ്പോൾ പൈപ്പ് പൊട്ടുന്നതെന്ന് നാട്ടുകാർ പറയുന്നു.

തിരക്കേറിയ റോഡാണിത്. മലയാലപ്പുഴ, കുമ്പഴ, മയിലാടുപാറ, പത്തിശ്ശേരി, ചിങ്കൽതടം, മലയാലപ്പുഴ താഴം, പൊതീപ്പാട്, ആനചാരിക്കൽ, കടുവാക്കുഴി, കാഞ്ഞിരപ്പാറ, ഇലക്കുളം, മുക്കുഴി വെള്ളറ, പാമ്പേറ്റിമല, കുമ്പഴ എസ്റ്റേറ്റ്, കടവുപുഴ, ചെങ്ങറ, മുക്കുഴി, കുമ്പളത്താമൺ, കോടമല, തെക്കുമല, വടശേരിക്കര, തലച്ചിറ തുടങ്ങിയ പ്രദേശങ്ങളിലേക്ക് ഇതുവഴിയാണ് പോകുന്നത്.

പൈപ്പ് ലൈനുകളുടെ അറ്റകുറ്റപ്പണികൾ നടത്തി കുടിവെള്ളം പാഴാകുന്നത് ഒഴിവാക്കണം.

സോമരാജൻ ( പ്രദേശവാസി )

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL