SignIn
Kerala Kaumudi Online
Friday, 12 June 2026 6.31 AM IST

യുദ്ധക്കെടുതി പടിവാതിലിൽ, നിർമ്മാണമേഖല പ്രതിസന്ധിയി​ൽ

war

കോന്നി : പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്നത് നിർമാണ മേഖലയെ തളർത്തി. അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി ചെലവ് വർദ്ധിക്കുകയും വിതരണ ശൃംഖല തടസപ്പെടുകയും ചെയ്തതോടെ കമ്പി, സിമന്റ്, ടാർ (ബിറ്റുമിൻ), പെയിന്റ് തുടങ്ങിയ അവശ്യവസ്തുക്കളുടെ വില കുത്തനെ ഉയരുകയാണ്. റോഡ് നിർമ്മാണത്തിന് ആവശ്യമായ ബിറ്റുമിൻ പോലുള്ള അസംസ്കൃത വസ്തുക്കളുടെ ലഭ്യത കുറയുകയും വില കൂടുകയും ചെയ്തത് ടാറിംഗ് ഉൾപ്പെടെയുള്ള മാരാമത്ത് പണികളെ സാരമായി ബാധിച്ചു. നിർമ്മാണ സാമഗ്രികളുടെ വില വർദ്ധിച്ചത് കെട്ടിട നിർമ്മാണ മേഖലയേയും പ്രതിസന്ധിയിലാക്കി. അന്യസംസ്ഥാന തൊഴിലാളികൾ കൂലി കൂട്ടണമെന്ന ആവശ്യവുമായി ബഹിഷ്കരണം തുടരുന്നതിനിടെയാണ് വില വർദ്ധനയും. ഇന്ധന വിലയിലുണ്ടായ വർദ്ധനവ് നിർമാണ സാമഗ്രികൾ എത്തിക്കുന്നതിനുള്ള ചരക്കുകൂലിയിലും വർദ്ധനവിന് കാരണമായി.

ടാറിംഗ് പൊള്ളും!

റോഡ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഒരു ബാരൽ ബിറ്റുമിന് 16,800 രൂപ ആണ് വില. യുദ്ധം ആരംഭിക്കുന്നതിനു മുൻപ് 8,000 രൂപയായിരുന്നു. എമൽഷൻ 200 ലിറ്ററിനു 29,000 രൂപയെത്തി. മുൻപ് 19,000 രൂപയായിരുന്നു വില. ടാറിംഗിനുള്ള അസംസ്കൃത വസ്തുക്കൾക്ക് ഇരട്ടി വിലയായി. കല്ല്, മെറ്റൽ, പാറമണൽ എന്നിവയ്ക്ക് വില ഉയർന്നു. യുദ്ധം തുടങ്ങിയ ശേഷം 50 കിലോയുള്ള ഒരു ചാക്ക് സിമന്റിനു 30 രൂപ വില ഉയർന്നു. ഇലക്ട്രിക്കൽ പ്ലംബിംഗ് സാധനങ്ങൾക്കും വിലവർദ്ധനവ് ഉണ്ടായി. ലൈഫ് മിഷന്റെ വീട് നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്ന സാധാരണക്കാർക്കും അപ്രതീക്ഷിതമായി ഉണ്ടായ നിർമ്മാണ സാമഗ്രികളുടെ വിലക്കയറ്റം ഇരുട്ടടിയായി മാറി.

ഇന്ധനവില വർദ്ധിപ്പിച്ചതും നിർമ്മാണ സാമഗ്രികളുടെ വിലവർദ്ധിച്ചതും

നിർമ്മാണ മേഖലയ്ക്ക് തിരിച്ചടിയായി.

രാജാമണി (കോൺട്രാക്ടർ)

ഇലക്ട്രി​ക്ക്, പ്ളംബിംഗ് സാമഗ്രി​കൾക്കും വലി​യതോതി​ൽ വി​ല വർദ്ധി​ച്ചു

നിർമ്മാണ സാമഗ്രി അളവ് ഏകദേശ വില (രൂപയിൽ)
സിമന്റ് 50 കിലോഗ്രാം ബാഗ് ₹390 – ₹480
എം - സാൻഡ് 1 യൂണിറ്റ് (100 cft) ₹6,800 – ₹7,000
പി - സാൻഡ് 1 യൂണിറ്റ് (100 cft) ₹8,200 – ₹8,500
കമ്പി ( Steel Bars) 1 ടൺ (1000 kg) ₹70,000 – ₹73,000
ചെങ്കല്ല് / ചുടുകട്ട 1 എണ്ണം ₹13 – ₹16
സിമന്റ് കട്ടകൾ 1 എണ്ണം ₹42 – ₹46
മെറ്റൽ 150 അടി​ ₹7000 – ₹7500

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL