
പത്തനംതിട്ട: കെ.എസ്.ആർ.ടി.സി ഒാർഡിനറി ബസുകളിൽ തിങ്കളാഴ്ച മുതൽ തുടങ്ങുന്ന സ്ത്രീകളുടെ സൗജന്യയാത്രയിൽ ആശങ്കയിലാണ് സ്വകാര്യ ബസ് ഉടമകളും ജീവനക്കാരും. ജില്ലയിൽ ഒട്ടുമിക്ക ഭാഗങ്ങളിലേക്കും കെ.എസ്.ആർ.ടി.സി ഒാർഡിനറി സർവീസുകളുണ്ട്. സൗജന്യ യാത്ര കാരണം തങ്ങളുടെ നിലനിൽപ്പ് അപകടത്തിലാകുമെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ ആശങ്ക.
കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്നതിന് മാനദണ്ഡം ഏർപ്പെടുത്തണമെന്ന് ഒരു വിഭാഗം ബസ് ഉടമകൾ പറയുന്നു. സ്വകാര്യ ബസുകളിൽ യാത്ര ചെയ്യുന്നവരിൽ വലിയൊരു വിഭാഗം സർക്കാർ ഉദ്യോഗസ്ഥരും അദ്ധ്യാപികമാരുമാണ്. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരേക്കാൾ ഉയർന്ന സ്കെയിലിൽ സർക്കാർ ശമ്പളം കൈപ്പറ്റുന്ന ഇവർക്ക് സൗജന്യ യാത്ര അനുവദിക്കേണ്ടതുണ്ടോ എന്നാണ് ചോദ്യം. താരതമ്യേന വേതനം കുറഞ്ഞ ദിവസക്കൂലിക്കാരായ പുരുഷൻമാർ പണം മുടക്കി യാത്ര ചെയ്യുമ്പോൾ സർക്കാർ ശമ്പളം പറ്റുന്ന സ്ത്രീകൾക്ക് സൗജന്യം അനുവദിക്കുന്നത് സാമൂഹിക അസമത്വം ഉണ്ടാക്കുമെന്നാണ് ആക്ഷേപം.
സ്വകാര്യ ബസുകളെ സംരക്ഷിക്കാൻ സർക്കാർ നിർദേശിച്ച പാക്കേജിനോട് ഉടമകൾ യോജിച്ചിട്ടില്ല. ഡീസലിന് സബ്സിഡിയും ടാക്സ് ഇളവുമാണ് സർക്കാർ മുന്നോട്ടുവച്ചത്. സബ്ഡിഡി യിലൂടെലിറ്ററിന് ഒന്നോ രണ്ടോ രൂപയുടെ ഇളവു മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ. രണ്ട് രൂപ ഡീസൽ സബ്സിഡി അനുവദിച്ചാൽ പരമാവധി 180രൂപയാണ് ഒരു ദിവസം ഒരു ബസിനു ലഭിക്കുക. ടാക്സ് ഇളവിലൂടെ 300രൂപയും ലഭിച്ചേക്കാം. ഒരു ദിവസം പരമാവധി 500 രൂപയുടെ ആനുകൂല്യമാകും ലഭിക്കുന്നത്. കെ.എസ്.ആർ.ടി.സിയിൽ സൗജന്യ യാത്ര അനുവദിക്കുമ്പോൾ സ്വകാര്യ ബസുകൾക്ക് ഒരു ദിവസം 4000രൂപ വരെ നഷ്ടമുണ്ടാകുമെന്ന് ഉടമകൾ പറയുന്നു.
വരുമാന നഷ്ടം , തൊഴിൽ നഷ്ടം
യാത്രക്കാർ കുറയുന്നതോടെ വരുമാനത്തിൽ വലിയ നഷ്ടമാകും ഉണ്ടാവുക. സ്വകാര്യ ബസ് സർവീസുകളെ ആശ്രയിച്ചു കഴിയുന്ന ഡ്രൈവർമാരും കണ്ടക്ടർമാരും മെക്കാനിക്കൽ, ഒാഫീസ് ജീവനക്കാരും അടക്കമുള്ള ജില്ലയിലെ രണ്ടായിരത്തോളം ആളുകൾക്ക് തൊഴിലും നഷ്ടപ്പെടും. സ്വകാര്യ ബസുകളിൽ അറുപത് ശതമാനത്തിന് മുകളിൽ സ്ത്രീ യാത്രക്കാരാണ്. ഇവരിൽ ഭൂരിഭാഗവും സ്ഥിരം യാത്രക്കാരുമാണ്. പുരുഷൻമാർ കൂടുതലും സ്വകാര്യ വാഹനങ്ങളിൽ സഞ്ചരിക്കുന്നതിനാലാണ് സ്വകാര്യ ബസുകളിൽ അവരുടെ എണ്ണം കുറയുന്നതെന്നാണ് ബസുടമകളുടെ വിലയിരുത്തൽ.
കെ.എസ്.ആർ.ടി.സിയിൽ സൗജന്യ യാത്ര തുടങ്ങുമ്പോൾ തങ്ങൾക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കാൻ സർക്കാർ പ്രഖ്യാപനങ്ങൾ ഉണ്ടായിട്ടില്ല. സ്വകാര്യ ബസുടമകളുമായി നടത്തിയ ചർച്ചയിൽ സർക്കാർ മുന്നോട്ടുവച്ച നിർദേശങ്ങൾ ബസുടമകൾ അംഗീകരിച്ചിട്ടില്ല.
@ ജില്ലയിലെ സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭിക്കുന്ന കെ.എസ്.ആർ.ടി.സി ബസുകൾ 131.
@ ആകെ സ്വകാര്യ ബസുകൾ 454
@ ജീവനക്കാർ 1576
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |