
പത്തനംതിട്ട: പനിക്കും ചുമയ്ക്കും മാത്രമുള്ള ചികിത്സയ്ക്കു വേണ്ടി ഇ.എസ്.ഐ ഡിസ്പെൻസറി പത്തനംതിട്ടയിൽ ആവശ്യമുണ്ടോ?. ചോദിക്കുന്നത് ഡിസ്പെൻസറിയിൽ മരുന്നിനും ചികിത്സയ്ക്കും എത്തുന്നവരാണ്. പ്രധാനപ്പെട്ട മരുന്നുകൾ പലതും ഇവിടെ കിട്ടാനില്ലെന്ന് രോഗികൾ പരാതിപ്പെടുന്നു. പത്തനംതിട്ട നഗരത്തിൽ അഴൂരിന് സമീപമുള്ള വാടകക്കെട്ടിടത്തിൽ ഇ.എസ്.ഐ ഡിസ്പെൻസറി പ്രവർത്തിക്കുന്നുണ്ട് എന്ന് അറിയുന്നവർ ചുരുക്കം. ഇ.എസ്.ഐ ആനുകൂല്യം ലഭിക്കുന്ന സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കുമാണ് ഇവിടെനിന്ന് ചികിത്സയും മരുന്നും ലഭിക്കുന്നത്.
ശസ്ത്രക്രിയയും കീമോതെറാപ്പിയുമൊക്കെ നടത്തി അവശരായ രോഗികൾ മരുന്നുവാങ്ങാൻ ജില്ലയിൽ നിന്ന് പോകുന്നത് കോട്ടയം ജില്ലയിലെ വടവാതൂരിലെയും കൊല്ലം ജില്ലിയിലെ എഴുകോണിലെയും ഇ.എസ്.ഐ ആശുപത്രികളിലേക്കാണ്. കിലോമീറ്ററുകൾ താണ്ടി ഇവിടെ എത്തി ഡോക്ടർമാരെ കാണുക വലിയ കടമ്പയാണ്.പത്തനംതിട്ടയിലെ ഡിസ്പെൻസറി ആശുപത്രിയായി ഉയർത്തണമെന്നാണ് ആവശ്യം. കേന്ദ്രസർക്കാരിനു കീഴിലുള്ളതാണ് ഡിസ്പെൻസറി. ആശുപത്രിയായി ഉയർത്തിയാൽ കോട്ടയത്തേക്കും കൊല്ലത്തേക്കുള്ള ദീർഘയാത്ര ഒഴിവാകും. രോഗികളുടെയും കൂടെയുള്ളവരുടെയും യാത്രാ ചെലവും കുറയും.
ഒരു ഡോക്ടർ, രോഗികൾ കുറവ്
പത്തനംതിട്ട ഇ. എസ്.ഐ ഡിസ്പെൻസറിയിൽ ഒരു ഡോക്ടർ മാത്രമാണ് രോഗികളെ പരിശോധിക്കാനുള്ളത്.രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒന്നു വരെയാണ് ഡോക്ടറുള്ളത്. ബുധനാഴ്ചകളിൽ ഡോക്ടർ അവധിയായതിനാൽ ചികിത്സയില്ല. ഡോക്ടർ അടിയന്തര ഘട്ടങ്ങളിൽ അവധിയെടുക്കുമ്പോഴും ചികിത്സയില്ല. ഒരു ഡോക്ടർ മാത്രമായതിനാൽ രോഗികളുടെ എണ്ണം കുറവാണ്. ഒരു ദിവസം ശരാശരി 80പേരാണ് ചികിത്സയ്ക്കെത്തുന്നത്. തിരുവല്ലയിലെ ഡിസ്പെൻസറിയിലും ഇതാണ് സ്ഥിതി. കടമ്പനാട്, ഏനാത്ത് ഡിസ്പെൻസറികളിൽ രണ്ട് ഷിഫ്റ്റുകളിലായി വൈകുന്നേരം വരെ രണ്ടുംമൂന്നും ഡോക്ടർമാരുടെ സേവനമുണ്ട്.
നിവേദനം നൽകി
ജില്ലാ ആസ്ഥാനമായ പത്തനംതിട്ടയിലെ ഇ.എസ്.ഐ ഡിസ്പെൻസറി ആശുപത്രിയായി ഉയർത്തി ഗുരുതര രോഗങ്ങൾക്കുള്ള മരുന്നുകൾ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ആന്റോ ആന്റണി എം.പി, എം.എൽ.എ മാർ, ഇ.എസ്.ഐ ജോയിന്റ് ഡയറക്ടർ എന്നിവർക്ക് റാന്നി സ്വദേശിനിയായ ക്യാൻസർ രോഗി ജെസി ഉമ്മൻ നിവേദനം നൽകി.
പത്തനംതിട്ടയിലെ ഡിസ്പെൻസറി ആശുപത്രിയാക്കണം. ക്യാൻസർ പോലെയുള്ള രോഗങ്ങൾക്ക് മരുന്നുകൾ ലഭ്യമാക്കണം.
ജെസി ഉമ്മൻ, കാൻസർ രോഗി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |