SignIn
Kerala Kaumudi Online
Friday, 17 July 2026 3.30 AM IST

രാമകഥ നിറയുന്ന ചുട്ടിപ്പാറ

photo

പത്തനംതിട്ട : നയന മനോഹര വിരുന്നൊരുക്കി വിനോദ സഞ്ചാരികളെ മാടിവിളിക്കുന്നതിനൊപ്പം രാമകഥകളാൽ സമ്പന്നമായി ജില്ലാആസ്ഥാനത്ത് തലഉയർത്തി നിൽക്കുകയാണ് ചുട്ടിപ്പാറ. ശ്രീരാമൻ പ്രതിഷ്ഠ നടത്തിയ മഹാദേവ ക്ഷേത്രം, സീത ചേലവിരിച്ച പാറ, കാറ്റാടിപ്പാറയിലെ ഹനുമാൻ, മണിക്കിണർ, പുലിമട ഇങ്ങനെ നീളുന്നു ചുട്ടിപ്പാറയുടെ രാമായണ പെരുമ. ചേലപ്പാറ, കാറ്റാടിപ്പാറ, പുലിപ്പാറ എന്നിങ്ങനെ പരസ്പരം തൊട്ടുരുമി നിൽക്കുന്ന മൂന്ന് പാറക്കൂട്ടങ്ങൾ ചേർന്നതാണ് ചുട്ടിപ്പാറ. ചരിത്രവും ഐതീഹ്യവും നിറയുന്ന ചുട്ടിപ്പാറയിൽ ദിവസേന നിരവധി വിനോദ സഞ്ചാരികളാണ് എത്തുന്നത്. രാമായണമാസം തുടങ്ങുന്നതോടെ നിരവധി ഭക്തരും എത്തും. പത്തനംതിട്ട ഫയർ ഫോഴ്സ് സ്റ്റേഷന് മുന്നിലൂടെയാണ് പാറയുടെ മുകളിലേക്കുള്ള പ്രധാന വഴി. സമുദ്രനിരപ്പിൽ നിന്ന് 400 അടി ഉയരത്തിലാണ് ഈ പാറക്കൂട്ടങ്ങൾ.

ഐതീഹ്യപെരുമയിൽ

വനവാസകാലത്ത് സീത ചേല (സാരി) ഉണക്കാൻ വിരിച്ചിരുന്നത് ചുട്ടിപ്പാറയുടെ ഭാഗമായ ചേലപ്പാറയിലാണെന്നാണ് വിശ്വാസം. ചേലയുടെ ഞുറിവുകൾ പോലെ വെള്ളനിറത്തിൽ പാറയുടെ ഉച്ചിയിൽ അടയാളങ്ങളുള്ളതുകൊണ്ട് പാറയ്ക്ക് ചേലപ്പാറ എന്നു പേരുവന്നു. വനവാസകാലത്ത് ശ്രീരാമൻ പ്രതിഷ്ഠിച്ചതെന്ന് വിശ്വസിക്കുന്ന മഹാദേവക്ഷേത്രം ഏറെ ശ്രദ്ധേയമാണ്. ചേലപ്പാറയിൽ നിന്ന് കാറ്റാടിപ്പാറയിലേക്ക് കടക്കുമ്പോഴുള്ള കാഴ്ച ഹനുമാന്റെ പൂർണകായ പ്രതിമയാണ്. രാമലക്ഷ്മണൻമാർക്കും സീതയ്ക്കും ഹനുമാൻ കാവലിരുന്നത് ഈ പാറയിലാണെന്നാണ് പഴമക്കാർ പറയുന്നത്. കാറ്റാടിപ്പാറയ്ക്ക് ഹനുമാൻ പാറയെന്നും വിളിപ്പേരുണ്ട്. ചുട്ടിപ്പാറയുടെ ഏറ്റവും ഉയർന്ന ഭാഗമാണ് ഇതിനോട് ചേർന്നുള്ള പുലിപ്പാറ. ഇവിടെ പുലിമടയുമുണ്ട്.

ഒരിക്കലും വറ്റാത്ത മണിക്കിണർ

മഴക്കാലത്തും വേനലിലും ശുദ്ധജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശമാണ് ചുട്ടിപ്പാറ മലയുടെ താഴ്വാരങ്ങൾ. ജല അതോറിറ്റിയുടെ കുടിവെള്ള വിതരണമാണ് ആശ്രയം. എന്നാൽ ഏത് കനത്ത വേനലിലും ചുട്ടിപ്പാറയ്ക്ക് ഒത്ത നടുവിലായുള്ള മണിക്കിണർ വറ്റാറില്ല. ആഴമില്ലെങ്കിലും പാറയുടെ മുകളിലെ ക്ഷേത്രത്തിലേക്ക് ആവശ്യമായ വെള്ളം ഇവിടെ നിന്ന് നിത്യേന ലഭിക്കും. ചുട്ടിപ്പാറ സർക്കാർ ഭൂമിയാണെങ്കിലും ക്ഷേത്രവും പരിസരവും ട്രസ്റ്റിന്റെ കീഴിലാണ്. ശബരിമലയുടെ പ്രവേശനകവാടമായ പത്തനംതിട്ടയുടെ പ്രാധാന്യം കണക്കിലെടുത്ത് പാറയുടെ മുകളിൽ വലിയ അയ്യപ്പ പ്രതിമ സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL