SignIn
Kerala Kaumudi Online
Tuesday, 21 July 2026 9.04 AM IST

നല്ല മരണം , കിടന്നില്ലല്ലോ... (കഥയും കാഴ്ചയും)

death

ഒരാൾ മരിച്ചു. പ്രായമായിരുന്നു. പെട്ടെന്നുള്ള മരണം. ഹൃദയാഘാതം.

ആളുകൾ പറഞ്ഞു.- "നല്ല മരണം. കിടന്നില്ലല്ലോ....".

പ്രായത്തിന്റെ അവശത മൂലം കിടന്നുപോകുന്നത് ഭാഗ്യദോഷമാണെന്ന് നമ്മൾ കരുതുന്നു. കിടന്നുപോകരുതേ എന്നാണ് പ്രായമേറിയവരുടെ പ്രാർത്ഥന. പ്രായമേറിയവർ കിടന്നുപോകരുതേ എന്ന് മറ്റുള്ളവരും പ്രാർത്ഥിക്കുന്നു. കിടന്നുപോയാൽ മറ്റുള്ളവർക്ക് ബാദ്ധ്യതയാകുമെന്ന് ഭയപ്പെടുന്ന കാലം. വാർദ്ധക്യത്തെ ബാദ്ധ്യതയായി കാണുകയാണോ നമ്മൾ?​. കാലം വല്ലാതെ മാറിയിരിക്കുന്നു. പഴയവ ഉപേക്ഷിച്ച് പുതുപുത്തൻ സാധനങ്ങൾകൊണ്ട് വീട് മനോഹരമാക്കാനാണ് നമ്മൾ ആഗ്രഹിക്കുന്നത്. അതിനാണ് വ്യാപാര സ്ഥാപനങ്ങൾ എക്സ്ചേഞ്ച് മേളകൾ ഒരുക്കുന്നത്. വീട്ടിലെ പഴയ ടി.വിയും ഫ്രിഡ്ജും മിക്സിയുമൊക്കെ എക്സ്ചേഞ്ച് മേളയിലെത്തി കൈമാറ്റം ചെയ്ത് പുതുപുത്തൻ സാധനങ്ങൾ വാങ്ങാം. പഴയതിന് പകരം പുതിയ ടിവിയും ഫ്രിഡ്ജും മിക്സിയും വാങ്ങാം. തുരുമ്പെടുത്ത് പ്രയോജനമില്ലാത്ത പഴയ സാധനങ്ങൾ ഉപേക്ഷിച്ച് പുതിയത് വാങ്ങി വീട് മനോഹരമാക്കാം. എല്ലാം പുതിയതായപ്പോഴും വീട്ടിൽ രണ്ട് പഴയസാധനങ്ങൾ മിച്ചമിരിക്കുന്നു. തലനരച്ചിട്ടുണ്ട്. കുഴമ്പിന്റെയും തൈലത്തിന്റെയും ഗന്ധമുണ്ട്. അവശതയുടെ അപസ്വരങ്ങളുണ്ട്. പഴയമനുഷ്യരാണ്. ഒരിക്കലും ഉപേക്ഷിക്കാൻ പാടില്ലാത്തവർ. ആ പഴയമനുഷ്യർക്ക് പകരം അതേ മൂല്യമുള്ള പുതിയ മനുഷ്യരെ കിട്ടില്ല. അവർ തള‌ർന്നുപോയെന്നിരിക്കും. കിടന്നുപോയെന്നിരിക്കും. പക്ഷേ അവരോളം നമ്മളെ സ്നേഹിച്ചവർ വേറെയാരാണ്. പണ്ട് തലനരച്ച വൃദ്ധരായിരുന്നു കുടുബത്തിന്റെ കാരണവർ.. അവസാനവാക്ക് അവരുടേതായിരുന്നു. അവരുടെ അനുഗ്രഹം പുണ്യമായിരുന്നു. തലനരച്ച,​ നടുവളഞ്ഞ മുത്തശിമാർക്ക് പേരക്കുട്ടികളോട് പറയാൻ കഥകളുണ്ടായിരുന്നു. അവർ പറഞ്ഞ കഥകൾ കേട്ടാണ് കുട്ടികൾ സ്വപ്നം കാണാൻ പഠിച്ചത്. ഏതുചടങ്ങിലും തലമുതി‌ർന്നവർക്ക് സ്ഥാനമുണ്ടായിരുന്നു. വാർദ്ധക്യത്തെ ബഹുമാനിച്ചിരുന്ന പഴയകാലത്തിൽ നിന്ന് നമ്മൾ ഏറെ മാറി. മുത്തശിക്കഥ കേൾക്കാതെ ,​ കാരണവരുടെ കാൽതൊട്ട് വന്ദിക്കാതെ വളരുന്ന ഒരു തലമുറയാണോ വരുന്നത്. ഞാനും എന്റെ ബൈക്കും അതിന് പിന്നിലിരിക്കുന്ന സുന്ദരിയും മാത്രമാണ് എന്റെ ലോകം എന്നായിരിക്കുമോ അവർ ചിന്തിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL