ചെങ്ങന്നൂർ: ആല പഞ്ചായത്തിലെ ആറാം വാർഡിൽ കുടുംബ തർക്കത്തെത്തുടർന്ന് വീടുകയറി നടത്തിയ ആക്രമണത്തിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും ഗുരുതര പരിക്കേറ്റു. പെണ്ണുക്കര കൂട്ടിങ്ങലയത്ത് അംബിക (54), മക്കളായ പ്രേംജിത്ത് (36), പ്രവിജിത്ത് (29) എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ ചെങ്ങന്നൂർ പൊലീസ് കേസെടുത്തു.
ഞായറാഴ്ച വൈകിട്ടോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. വീട്ടിലെ മൂത്ത മകനും ഭാര്യയും തമ്മിലുണ്ടായ കുടുംബപ്രശ്നത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇരുവിഭാഗങ്ങളുമായി സംസാരിച്ചിരുന്നു. തുടർന്ന് പ്രശ്നം താത്കാലികമായി പരിഹരിക്കുകയും ഭാര്യ മാവേലിക്കരയിലെ സ്വന്തം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. എന്നാൽ രാത്രി ഏഴോടെ ഭാര്യാ സഹോദരൻ ജിതിൻ എലിയാസ് ശംഭുവിന്റെ നേതൃത്വത്തിൽ എട്ടോളം പേർ ആയുധങ്ങളുമായി വീട്ടിലേക്ക് അതിക്രമിച്ചു കയറിയെന്നാണ് പരാതി.
പെപ്പർ സ്പ്രേ പ്രയോഗിച്ച ശേഷം കമ്പിവടി, ഹെൽമെറ്റ്, ഇരുമ്പ് പൈപ്പ് എന്നിവ ഉപയോഗിച്ച് മർദ്ദിച്ചതായി വാർഡ് മെമ്പർ രാജേഷ് ടി.ജി പറഞ്ഞു. ആക്രമണത്തിൽ പ്രവിജിത്തിന്റെ തലയ്ക്ക് കമ്പിവടി കൊണ്ടുള്ള അടിയേറ്റു. അംബികയുടെ തലയ്ക്കും പരിക്കുണ്ട്. ഹെൽമെറ്റ് ഉപയോഗിച്ച് മർദ്ദിച്ചതായും പരാതിയിൽ പറയുന്നു. വീട്ടിനുള്ളിലെ ഡൈനിംഗ് ടേബിൾ, ഫാൻ, ടെലിവിഷൻ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ അക്രമികൾ തല്ലിത്തകർത്തു. അംബികയുടെ കഴുത്തിലുണ്ടായിരുന്ന മാല പൊട്ടിച്ചെടുത്തതായും പരാതിയിൽ പറയുന്നു. പരിക്കേറ്റവരെ ആദ്യം ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനെ തുടർന്ന് പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |