SignIn
Kerala Kaumudi Online
Wednesday, 22 July 2026 4.20 AM IST

പൂങ്കാവിൽ ബേക്കറിയിൽ തീപിടിത്തം

photo

പത്തനംതിട്ട : പ്രമാടം പൂങ്കാവ് ജംഗ്ഷനിലെ മലബാർ ബേക്കേഴ്സിൽ തീപിടിത്തം. ഇന്നലെ രാവിലെയാണ് സംഭവം. ജംഗ്ഷനിലെ ഓട്ടോറിക്ഷാ സ്റ്റാൻഡിന് പിന്നിലുള്ള ബേക്കറിയിൽ നിന്ന് ആറുമണിയോടെ പുക ഉയരുന്നത് കണ്ട പ്രഭാത സവാരിക്കാർ വിവരം ഉടമയെ അറിയിച്ചു. ഉടമയെത്തി ബേക്കറി തുറന്നപ്പോഴേക്കും തീ ആളിക്കത്തിയിരുന്നു. ഒാടിക്കൂടിയവർ തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പത്തനംതിട്ടയിൽ നിന്ന് ഫയർഫോഴ്സെത്തി രണ്ട് മണിക്കൂറോളം പണിപ്പെട്ടാണ് തീ അണച്ചത്. പൊലീസും എത്തിയിരുന്നു. ഗ്യാസ് സിലിണ്ടറുകൾ ബേക്കറിക്കുള്ളിൽ ഉണ്ടായിരുന്നത് ആശങ്ക വർദ്ധിപ്പിച്ചു. ഇതിന് തീ പിടിക്കാഞ്ഞത് വൻ ദുരന്തം ഒഴിവാക്കി. ചൂട് മൂലം ചുട്ടുപഴുത്ത സിലിണ്ടറുകൾ സുരക്ഷിതസ്ഥലത്തേക്ക് മാറ്റിയ ശേഷമാണ് തീ അണയ്ക്കൽ തുടർന്നത്. ബോർമയും സാധനസമാഗ്രികളും പൂർണമായും അഗ്നിക്ക് ഇരയായി. ചൈനീസ്, ഈസ്റ്റേൺ, വെസ്റ്റേൺ, ഷമർ,തന്തൂരി ഉൾപ്പടെയുള്ള ആഹാര സാധനങ്ങൾ ലഭ്യമായിരുന്ന പ്രധാന ബേക്കറിയാണിത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രഥമിക നിഗമനം.

ബേക്കറിയോടെ ചേർന്ന് വെളിച്ചെണ്ണ ആട്ടുന്ന മില്ലും, പലചരക്ക്, സ്റ്റേഷനറി കടകളും മൊബൈൽ ഫോൺ ഷോപ്പും ചെരുപ്പ് കടകളും സ്റ്റുഡിയോയും ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുണ്ട്. ഇവിടേക്ക് തീ പടരാതിരുന്നത് ദുരന്തം ഒഴിവാക്കി. .

സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ പൂങ്കാവ് ശാഖയിൽ കഴിഞ്ഞ ജൂൺ രണ്ടിന് തീപിടിത്തം ഉണ്ടായിരുന്നു. നിരവധി ഫയലുകൾ ഉൾപ്പെടെ കത്തി നശിച്ചു. എസ്.ബി.ഐ തീപിടിത്തത്തിന് ശേഷം മാനദണ്ഡ പ്രകാരം എല്ലാ കടകൾക്കും സുരക്ഷാ പരിശോധ ഉറപ്പാക്കിയെന്ന് പഞ്ചായത്ത് അവകാശപ്പെടുമ്പോഴാണ് മറ്റൊരു അപകടമുണ്ടായത്.

ദുരൂഹതയോ... ?

പൂങ്കാവിൽ രണ്ട് മാസത്തിനിടെ രണ്ടാമത്തെ വലിയ തീ പിടിത്തമാണ് ഇന്നലെ ഉണ്ടായത്. സംഭവത്തിൽ ദൂരൂഹതയുണ്ടെന്ന് നാട്ടുകാർ പറയുന്നു. പൂങ്കാവിലെ മിക്ക കെട്ടിടങ്ങളും അര നൂറ്റാണ്ടിൽ കൂടുതൽ പഴക്കമുള്ളവയാണ്. ഇവ പുതുക്കിപ്പണിയണമെങ്കിൽ പുതിയ കെട്ടിട നിർമ്മാണ ചട്ടങ്ങൾ പാലിക്കണം. തീപിടിത്തം പോലെയുള്ള ദുരന്തങ്ങൾ തുടർച്ചയായി സംഭവിച്ചാൽ നിലവിലെ രീതിയിൽത്തന്നെ പുതുക്കിപ്പണിയാൻ കഴിയും. കെട്ടിടം ഉടമകൾക്കും സ്ഥാപന നടത്തിപ്പുകാർക്കും ഇൻഷ്വറൻസും ലഭിക്കും. എസ്.ബി.ഐയിലും മലബാർ ബേക്കഴ്സിലും തീപിടിത്തം ഉണ്ടായത് ഒരേ നിരയിലെ അവസാനവും ആദ്യവുമായ കെട്ടിടങ്ങളിലാണെന്നതും ദുരൂഹത വർദ്ധിപ്പിക്കുന്നു. ഈ കെട്ടിടങ്ങളിൽ നിന്നും തീ പുറത്തേക്ക് പടർന്നാൽ സമീപത്തെ എല്ലാ കടകളിലേക്കും വ്യാപിക്കും. ഇത് വൻ ദുരന്തങ്ങൾക്കും കാരണമാകും. പഞ്ചായത്ത് പ്രദേശമായതിനാൽ കെട്ടിടങ്ങൾക്ക് ഫയർ ഫോഴ്സിന്റെ സുരക്ഷാ സർട്ടിഫിക്കേറ്റുകൾ നിർബന്ധമല്ല. ഒറ്റനില, ഇരുനില കെട്ടിടങ്ങളാണ്. രണ്ടിൽ കൂടുതൽ നിലകൾ ഉണ്ടെങ്കിൽ മാത്രമേ ഫയർ ഫോഴ്സിന്റെ സുരക്ഷാ സർട്ടിഫിക്കേറ്റ് നിർബന്ധമാകു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL