
ചിറ്റാർ : ചിറ്റാറിൽ ക്രഷറുകൾക്ക് സമീപത്തായി റോഡരികിൽ പാർക്കുചെയ്തിരുന്ന ലോറികളിൽ നിന്ന് 60 ലിറ്ററോളം ഡീസൽ മോഷ്ടിച്ച് കടത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ ചിറ്റാർ പൊലീസ് അറസ്റ്റുചെയ്തു. അസാം ബിന്യാചര സ്വദേശി നജറുൽ ഹഖ് (38), ചിറ്റാർ പുലിക്കൂട്ടുങ്കൽ വീട്ടിൽ സനൂപ് സത്യൻ (39), ഇയാളുടെ സഹോദരൻ അനൂപ് സത്യൻ (37) എന്നിവരാണ് പിടിയിലായത്. അസാം സ്വദേശിയായ മറ്റൊരാളെ പൊലീസ് തെരയുന്നുണ്ട്.
ഹരിയാന ആസ്ഥാനമായി പ്രവർത്തിക്കുന്നതും ഇപ്പോൾ ആലപ്പുഴ കേന്ദ്രീകരിച്ച് നിർമ്മാണപ്രവർത്തനങ്ങൾ നടത്തി വരുന്നതുമായ വേദ് ഇൻഫ്രാസ്ട്രക്ചർ കമ്പനിയുടെ ടോറസ് ലോറികളിൽ നിന്നാണ് ഇവർ ഡീസൽ മോഷ്ടിച്ച് കടത്താൻ ശ്രമിച്ചത്.
അസാം സ്വദേശികളായ രണ്ടു പേരും ഇതേ കമ്പനിയിലെ ജോലിക്കാരാണ്. ഇവരോട് സൗഹൃദം സ്ഥാപിച്ച് നാട്ടുകാരായ മറ്റു രണ്ടു പേരും കൂടി ചേർന്നാണ് ഡീസൽ മോഷ്ടിക്കാൻ പദ്ധതിയിട്ടത്.
തിങ്കളാഴ്ച രാത്രി ഒരു മണിയോടെ രണ്ട് ലോറികളിൽ നിന്നായി 60 ലിറ്ററോളം ഡീസൽ മോഷ്ടിച്ച് കന്നാസുകളിലാക്കി മറ്റൊരു കാറിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടെ ചിറ്റാർ പൊലീസ് സ്റ്റേഷനിലെ നൈറ്റ് പട്രോളിംഗ് സംഘത്തിന് മുന്നിൽ കുടുങ്ങുകയായിരുന്നു. സബ് ഇൻസ്‌പെക്ടർമാരായ മനോജ് കുമാർ.പി.പി, അനിൽകുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ സജീവ്, ടിന്റോ സെലസ്റ്റിൻ, സജിൻ.കെ.എസ് എന്നിവരടങ്ങിയ സംഘം പ്രതികളെ സ്റ്റേഷനിലെത്തിച്ചു. വേദ് കമ്പനിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത ശേഷം പ്രതികളുടെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |