
ഒരു കല്യാണം. ഓഡിറ്റോറിയത്തിലേക്ക് ഒരു കിലോമീറ്റർ ദൂരമുണ്ട്. നടന്നുപോകാൻ തീരുമാനിച്ചു. നടന്നു. ആളുകൾ ചോദിക്കുന്നു- "എന്താ നടന്നു പോകുന്നത്. വണ്ടിയെടുത്തില്ലേ?".
നടന്നുപോകുന്നത് ഇന്ന് അത്ഭുതമാണ്. തൊട്ടപ്പുറത്തെ ജംഗ്ഷനിലേക്കായാലും ആളുകൾ വാഹനത്തിലേ പോകു. റോഡിലൂടെ കാറിൽ പോകുമ്പോൾ എതിരെ ബൈക്കിൽ വരുന്ന പരിചയക്കാരനെ കാണുന്നു. കണ്ടെന്ന് കാട്ടാൻ കാർ ഹോൺ മുഴക്കും. കണ്ടെന്ന് അറിയിക്കാൻ ബൈക്കുകാരനും ഹോൺ മുഴക്കും. സംസാരിക്കുന്നത് വാഹനങ്ങൾ തമ്മിലാണ് . മനുഷ്യർ തമ്മിലല്ല.
പണ്ട് നടന്നുപോയ വഴികളിലൂടെ ഇന്ന് നടക്കാൻ ആളുകൾക്ക് മടിയാണ്. കിലോമീറ്ററുകൾ അകലെയുള്ള ചന്തയിലേക്ക് നടന്നുപോകാൻ മടിയില്ലാത്ത കാലമുണ്ടായിരുന്നു. അമ്പലത്തിലേക്കും പള്ളിയിലേക്കും കുളിക്കടവിലേക്കും പള്ളിക്കൂടത്തിലേക്കുമെല്ലാം നടന്നായിരുന്നു യാത്ര. ഇന്ന് നടക്കുന്നത് ആരോഗ്യം സംരക്ഷിക്കാനാണ്. അതിരാവിലെ നടക്കും. വെയിൽ വീഴുംമുമ്പ് തിരികെ വീട്ടിലെത്തും.
പഴയ മനുഷ്യർ നടന്നിരുന്നത് ആരോഗ്യം സംരക്ഷിക്കാനല്ലായിരുന്നു. അത് അവരുടെ ശീലമായിരുന്നു. എത്ര നടന്നാലും അവർ ക്ഷീണിക്കില്ലായിരുന്നു. നടന്നുപോകുമ്പോൾ ആളുകളെ കാണാമെന്നതാണ് ഏറ്റവും വലിയ മെച്ചം. അവരോട് വർത്തമാനങ്ങൾ പറയാം. വിശേഷങ്ങൾ തിരക്കാം. നാട്ടിലുള്ള എല്ലാവരും എല്ലാവർക്കും വേണ്ടപ്പെട്ടവരായത് അങ്ങനെയാണ്. കൊച്ചുകുട്ടികളെപ്പോലും എല്ലാവർക്കും തിരിച്ചറിയാമായിരുന്നു. കാലംമാറിയപ്പോൾ എല്ലാവർക്കും വാഹനങ്ങളായി. ശരംവീട്ടതൂപോലെ വാഹനത്തിൽ പോകും. ആരെയും ശ്രദ്ധിക്കാൻ നേരമില്ല. വർത്തമാനം പറയാനും വിശേഷങ്ങൾ തിരക്കാനും താത്പര്യമില്ല.
പണ്ട് നടന്നുപോയ പാതകൾ ഇപ്പോഴുമുണ്ട് പാടവരമ്പുകൾ ഇപ്പോഴുമുണ്ട്. കുളിക്കടവുകളും ഇടവഴികളുമുണ്ട്. ആളുകളുടെ കാൽപ്പാദങ്ങൾ അവയെ തൊട്ടിട്ട് കാലമെത്രയായിക്കാണും. പണ്ട് ആ വഴികളിലൂടെ നടന്നവർക്കിടയിൽ സ്നേഹ ബന്ധങ്ങളുണ്ടായിരുന്നു. കൈകോർത്ത് നടന്നവരുണ്ട്. തോളിൽ കൈയിട്ട് നടന്നവരുണ്ട്. ഒറ്റയ്ക്കും കൂട്ടമായും നടന്നവരുണ്ട്. കാലം മാറി. വാഹനത്തിൽ നിന്ന് നേരെ വീട്ടിലേക്ക് നമ്മൾ ഒതുങ്ങുന്നു. മൊബൈൽ ഫോണിലേക്ക് ചുരുങ്ങുന്നു. എങ്ങനെയാണ് നടക്കേണ്ടത് എന്ന് നമ്മൾ മറന്നുപോകുമോ ?.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |