ചെങ്ങന്നൂർ: പ്രാർത്ഥനയും സന്യാസജീവിതവും വ്രതാനുഷ്ഠാനങ്ങളും മാത്രമല്ല, വിയർപ്പൊഴുക്കുന്ന അദ്ധ്വാനവും ദൈവവേല തന്നെയെന്ന് തെളിയിക്കുകയാണ് ഓതറ സെന്റ് ജോർജ് ദയറ. മലങ്കര ഓർത്തഡോക്സ് സഭയുടെ ഉടമസ്ഥതയിലുള്ള ജില്ലയിലെ ഈ ദയറ, വിശ്വാസത്തിനൊപ്പം കൃഷിയും മൃഗസംരക്ഷണവും ഏകോപിപ്പിച്ച് മാതൃകയാവുകയാണ്. കാലംചെയ്ത ചെങ്ങന്നൂർ ഭദ്രാസനത്തിന്റെ പ്രഥമ മെത്രാപ്പൊലീത്ത മാർ അത്താനാസിയോസ് തിരുമേനി തുടക്കമിട്ട കാർഷിക സംസ്കാരമാണ് ദയറയിൽ തുടർന്നുവരുന്നത്. കാർഷിക മേഖലയോട് പ്രത്യേക താൽപര്യമുണ്ടായിരുന്ന തിരുമേനി ആരംഭിച്ച പൈനാപ്പിൾ, ഡ്രാഗൺ ഫ്രൂട്ട്, ചേന, വാഴ, കപ്പ, കാച്ചിൽ, വെള്ളരിക്ക, പയർ, പാവൽ, കാന്താരി മുളക് തുടങ്ങിയ വിവിധ വിളകളുടെ കൃഷി ഇന്നും സജീവമാണ്. 2018ൽതിരുമേനി കാലംചെയ്തതിനു ശേഷം ദയറ മാനേജർ അപ്രേം റമ്പാന്റെ നേതൃത്വത്തിലാണ് കൃഷിയും - മൃഗസംരക്ഷണവും. ’എബി’ എന്ന പേരിൽ അറിയപ്പെടുന്ന അപ്രം റമ്പാൻ 2006ൽ ദയറയിൽ അംഗമായതുമുതൽ ഇവിടുത്തെ കാർഷിക പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയാണ്. നാലര ഏക്കറിലുള്ള ദയറയുടെ ഭൂമി കാർഷിക ആവശ്യങ്ങൾക്കായി പരമാവധി പ്രയോജനപ്പെടുത്തുന്നുണ്ട്. കൃഷിക്കൊപ്പം ജീവധന പരിപാലനത്തിലും ദയറ ശ്രദ്ധേയമായ മുന്നേറ്റമാണ് നടത്തുന്നത്. ഇവിടെ നിന്ന് ലഭിക്കുന്ന തീറ്റയും മറ്റ് ഉൽപ്പന്നങ്ങളും ഉപയോഗിച്ചാണ് മൃഗസംരക്ഷണം നടത്തുന്നത്.
ദയറയിലെ മൃഗസമ്പത്ത്
17 ആടുകളും അഞ്ച് പശുക്കളും 35 താറാവുകളും എട്ട് നായകളും മൂന്ന് പേർഷ്യൻ പൂച്ചകളും കൂടാതെ കോഴികളും വിവിധ ഇനം മത്സ്യങ്ങളും ദയറയിലുണ്ട്. പശുവിന്റെ പാൽ ദയറയിൽ വിൽപ്പന നടത്തുന്നു. ദൈനംദിന ചെലവുകൾക്ക് കൃഷിയിൽനിന്നുള്ള വരുമാനമാണ് പ്രധാനമായും ഉപയോഗിക്കുന്നത്.
കർമ്മനിരതമായ സന്യാസജീവിതം
ഞായറാഴ്ചകളിൽ ചെങ്ങന്നൂർ ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിൽ കുർബാന അർപ്പിക്കുന്നതിനൊപ്പം ദയറയുടെ ദൈനംദിന ചുമതലകൾക്കും കാർഷിക പ്രവർത്തനങ്ങൾക്കും അപ്രേം റമ്പാൻ നേരിട്ട് നേതൃത്വം നൽകുന്നു.
കൃഷിയിൽനിന്ന് ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് കൃഷി മുന്നോട്ടു കൊണ്ടുപോകുന്ന സ്വയംപര്യാപ്തമായ രീതിയാണ് പിന്തുടരുന്നത്. മണ്ണിൽ അദ്ധ്വാനിച്ചുണ്ടാക്കുന്ന വിളവും സ്വയംപര്യാപ്തതയും ദൈവകൃപയുടെ അടയാളമാണെന്ന സന്ദേശമാണ് ഓതറ സെന്റ് ജോർജ് ദയറ നൽകുന്നത്.
(അപ്രേം റമ്പാൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |