SignIn
Kerala Kaumudi Online
Friday, 11 September 2026 2.49 AM IST

അടിതെറ്റി ജില്ലയുടെ ആരോഗ്യമേഖല, ആശുപത്രികളിൽ ഡോക്ടർമാരില്ല

doctor

പത്തനംതിട്ട : കാലാവസ്ഥാ വ്യതിയാനത്തിനൊപ്പം പകർച്ചവ്യാധികൾ പടരുന്നത് ആശങ്കയ്ക്ക് കാരണമാകുമ്പോൾ, ആവശ്യത്തിന് ഡോക്ടർമാരില്ലാതെ ജില്ലയുടെ ആരോഗ്യമേഖല കിതയ്ക്കുകയാണ്. ജില്ലയിലെ പ്രധാന സർക്കാർ ആശുപത്രികളിൽ 60 ൽ അധികം ഡോക്ടർമാരുടെ ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കോഴഞ്ചേരി ജില്ലാ ആശുപത്രി, പത്തനംതിട്ട ജനറൽ ആശുപത്രി, അടൂർ ജനറൽ ആശുപത്രി, താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിലെ വിവിധ സ്പെഷ്യാലിറ്റികളിൽ 18 ഡോക്ടർമാരുടെ തസ്തിക ഒഴിഞ്ഞുകിടപ്പുണ്ട്. 15 ക്യാഷ്വാലിറ്റി മെഡിക്കൽ ഓഫീസർമാരുടെ ഒഴിവുമുണ്ട്. കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ 25 അസിസ്റ്റന്റ് സർജൻമാരുടെ ഒഴിവുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോന്നി മെഡിക്കൽ കോളേജിൽ ആവശ്യത്തിന് ഡോക്ടർമാരുണ്ടെങ്കിലും ജില്ലാ, ജനറൽ, താലൂക്ക് ആശുപത്രികളുടെ സ്ഥിതി ഏറെ പരിതാപകരമാണ്. തിരുവല്ല, മല്ലപ്പള്ളി താലൂക്ക് ആശുപത്രികളിൽ അസിസ്റ്റന്റ് സർജൻ തസ്തികൾ ഇപ്പോൾ ഇല്ല. ആറ് കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർമാർ വേണ്ട ഈ ആശുപത്രികളിൽ മൂന്ന് ഡോക്ടർമാരാണ് ജോലി ചെയ്യുന്നത്. അനസ്തെറ്റിസ്റ്റ് ഇല്ലാത്ത ആശുപത്രികളിൽ വർക്ക് അറേഞ്ച്മെന്റിൽ മറ്റു ആരോഗ്യകേന്ദ്രങ്ങളിൽ നിന്ന് ഡോക്ടർമാരെ എത്തിക്കുകയാണ് പതിവ്.

രോഗികളേറെ...

പകർച്ചവ്യാധികൾ വർദ്ധിച്ചതോടെ സർക്കാർ ആശുപത്രികളിൽ ചികിത്സതേടി എത്തുന്ന രോഗികളുടെ എണ്ണം വർദ്ധിക്കുകയാണ്. പകർച്ചപ്പനി, എച്ച് വൺ എൻ വൺ, ഇൻഫ്ളുവൻസ, ഡെങ്കി ബാധിതരാണ് ഇതിൽ കൂടുതലും. ചിക്കൻപോക്സ്, മഞ്ഞപ്പിത്തം തുടങ്ങിയ പകർച്ചവ്യാധികളും ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മിന്നൽ പ്രളയത്തിന് പിന്നാലെ ഉണ്ടായ ഉഷ്ണതരംഗം ജീവിത ശൈലി രോഗബാധിതരുടെ എണ്ണത്തിലും വർദ്ധനവ് വരുത്തിയിട്ടുണ്ട്. അമിതജോലി ഭാരം കാരണം ഡോക്ടർമാർക്ക് അവധിയെടുക്കാൻ കഴിയുന്നില്ല.

നിയമനം വൈകുന്നു

പി​.എസ്.സി​ അഡ്വൈസ് മെമ്മോ നൽകിയാലും സർക്കാരിൽ നിന്നുള്ള നിയമന ഉത്തരവുകൾ വൈകുന്നതും തസ്തികകൾ കൃത്യസമയത്ത് നികത്തപ്പെടാത്തതും ഡോക്ടർമാരുട കുറവി​ന് കാരണമാണ്.

നിയമന ഉത്തരവ് ലഭിക്കുന്ന പല ഡോക്ടർമാരും ഉന്നത പഠനത്തിനോ സ്വകാര്യ മേഖലയിലേക്കോ മാറുന്നതിനാൽ ജോലിയിൽ പ്രവേശിക്കാത്തതും പ്രതി​സന്ധി​ക്ക് കാരണമാകുന്നു. ഡിപ്പാർട്ട്‌മെന്റൽ പ്രൊമോഷനുകൾ വൈകുന്നതിനാൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ തസ്തികകൾ ദീർഘകാലമായി​ ഒഴിഞ്ഞ് കിടക്കുകയാണ്.

ജില്ലയിൽ 60 ൽ അധികം ഡോക്ടർമാരുടെ ഒഴിവുകൾ.

ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിലെ

വിദഗ്ദ്ധ ഡോക്ടർമാരുടെ ഒഴിവുകൾ ഇങ്ങനെ


പത്തനംതിട്ട ജനറൽ ആശുപത്രി

1. ജനറൽ മെഡിസിൻ കൺസൾട്ടന്റ് (രണ്ട് ഒഴിവുകൾ).

2. ഓർത്തോ സീനിയർ കൺസൾട്ടന്റ്

3. ഓർത്തോ ചീഫ് കൺസൾട്ടന്റ്

4. പി.എം.ആർ കൺസൾട്ടന്റ്

5. പീഡിയാട്രിഷൻ

6. ഗൈനക്കോളജി സീനിയർ കൺസൾട്ടന്റ്

കോഴഞ്ചേരി ജില്ലാ ആശുപത്രി

1. സർജൻ

2. ഒഫ്താൽമോളജി

3. ജനറൽ മെഡിസിൻ

4. ഓർത്തോ

5. ഡെർമോളജി

അടൂർ ജനറൽ ആശുപത്രി

1. അനസ്തെറ്റിസ്റ്റ് കൺസൾട്ടന്റ്

2. ഓർത്തോ കൺസൾട്ടന്റ്

തിരുവല്ല താലൂക്ക് ആശുപത്രി

1. ജനറൽ മെഡിസിൻ കൺസൾട്ടന്റെ്

റാന്നി താലൂക്ക് ആശുപത്രി

1.അനസ്തേഷ്യ കൺസൾട്ടന്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL