കോന്നി: ഭാവിതലമുറയ്ക്ക് ഭാഗവതം എളുപ്പത്തിൽ വായിച്ചു മനസിലാക്കാൻ 91-ാം വയസിൽ സംസ്കൃതത്തിലുള്ള മഹാഭാഗവതം ഗദ്യരൂപത്തിൽ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് കോന്നി കല്ലുക്കാട്ട്, പരേതനായ റിട്ട.അദ്ധ്യാപകൻ എ.ആർ സുകുമാർനായരുടെ ഭാര്യയും റിട്ട.അദ്ധ്യാപികയുമായ സാവിത്രിയമ്മ. മൂവായിരത്തിലധികം പേജുകളിലായി മഹാഭാഗവതത്തിലെ പതിനെണ്ണായിരത്തോളം ശ്ലോകങ്ങളാണ് ഇവർ അഞ്ചു വർഷത്തെകഠിനാദ്ധ്വാനം കൊണ്ട് മലയാളത്തിലേക്ക് പകർത്തി എഴുതിയത്. സാവിത്രിയമ്മ പൂർത്തിയാക്കിയ ഈ മഹാഗ്രന്ഥം ഉടൻ തന്നെ പുസ്തകമായി പ്രസിദ്ധീകരിക്കാനുള്ള തയാറെടുപ്പിലാണ് കുടുംബാംഗങ്ങൾ. സർക്കാർ സ്കൂളിൽ ഹിന്ദി അദ്ധ്യാപികയായിരുന്ന സാവിത്രിയമ്മ 31 വർഷത്തെ സേവനത്തിനു ശേഷം 1990ലാണ് വിരമിച്ചത്. തുടർന്ന് ഭാഗവതം പൂർണമായി വായിക്കുകയും സപ്താഹങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. ചെറുപ്പത്തിൽ പിതാവും മങ്കൊമ്പ് കുളങ്ങര ഇല്ലത്തെ അംഗവുമായ പത്മനാഭൻ നമ്പൂതിരി പഠിപ്പിച്ചു തന്ന സംസ്കൃത അറിവുകൾ 87-ാം വയസിൽ വീണ്ടെടുത്താണ് സാവിത്രിയമ്മ വിവർത്തനം ആരംഭിച്ചത്.
ദൗത്യം ജോലിയിൽ നിന്ന് വിരമിച്ച ശേഷം
ജോലിയിൽ നിന്ന് വിരമിച്ച് 30 വർഷങ്ങൾക്ക് ശേഷമാണ് സാവിത്രിയമ്മ ഈ വലിയ ദൗത്യത്തിലേക്ക് തിരിഞ്ഞത്. എഴുതിയ ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നതിൽ തുടക്കത്തിൽ വലിയ താല്പര്യം കാണിച്ചില്ലെങ്കിലും മക്കളുടെയും ബന്ധുക്കളുടെയും നിർബന്ധത്തിന് വഴങ്ങി പിന്നീട് സമ്മതം മൂളുകയായിരുന്നു. റിട്ട.അദ്ധ്യാപികമാരായ സുമ, സുജ എന്നിവരാണ് മക്കൾ. റിട്ട.റെയിൽവേ ഉദ്യോഗസ്ഥൻ ഉണ്ണികൃഷ്ണൻ, റിട്ട.പഞ്ചായത്ത് സെക്രട്ടറി ഷിറാസ് എന്നിവർ മരുമക്കളാണ്.
.............................................
മക്കളോടും കുടുംബാംഗങ്ങളോടും പറയാതെ കൈയിൽ കിട്ടിയ പേപ്പറുകളിൽ വളരെ ചെറിയ അക്ഷരങ്ങളിൽ പേപ്പർ നിറച്ചായിരുന്നു തുടക്കത്തിലെ എഴുത്ത്. പിന്നീട് എഴുത്തിന്റെ ഗൗരവം മനസിലാക്കിയ കുടുംബാംഗങ്ങൾ ഇത് കൃത്യമായി അടുക്കി വച്ചപ്പോഴാണ് മൂവായിരത്തിലധികം പേജുകളുള്ള വിവർത്തന ശേഖരമാണെന്ന് തിരിച്ചറിഞ്ഞത്.
(സാവിത്രിയമ്മ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |