SignIn
Kerala Kaumudi Online
Monday, 21 September 2026 8.06 AM IST

തിരുവല്ലയിൽ വെള്ളപ്പൊക്കം

r

തിരുവല്ല: മലവെള്ളത്തിന്റെ കുത്തൊഴുക്കിനെ തുടർന്ന് തിരുവല്ല താലൂക്കിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. പമ്പ, മണിമല നദികളും അനുബന്ധ തോടുകളും കര കവിഞ്ഞൊഴുകുന്നതിനാൽ ജനങ്ങൾ പ്രളയഭീതിയിലാണ്. മുന്നൂറോളം വീടുകളിൽ വെള്ളം കയറിയതായാണ് കണക്കാക്കുന്നത്. ഇരവിപേരൂർ, ഓതറ, കല്ലുങ്കൽ, കുറ്റൂർ, തെങ്ങേലി, പെരിങ്ങര, ചാത്തങ്കരി, മേപ്രാൽ, നെടുമ്പ്രം, പൊടിയാടി, നിരണം, തോട്ടടി, കടപ്ര , തിരുവല്ല നഗരസഭയിലെ തിരുമൂലപുരം എന്നിവിടങ്ങളിലാണ് വെള്ളപ്പൊക്കം ജനങ്ങളെ സാരമായി ബാധിച്ചത്. ഇന്നലെ വൈകിട്ടുവരെ 30 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 224 കുടുംബങ്ങളിലെ 844 പേർ ഇവിടെ കഴിയുന്നുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്കെത്താൻ ഭൂരിപക്ഷം ദുരിതബാധിതരും വിമുഖത കാട്ടുന്നുണ്ട്. ദുരിത ബാധിതരിൽ ഏറ്റിയ പങ്കും ബന്ധുവീടുകളിൽ അഭയം പ്രാപിക്കുകയാണ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നതെന്ന് ഉറപ്പുവരുത്താൻ ആരോഗ്യ വിഭാഗത്തിന് നിർദേശം നൽകിയതായി തഹസിൽദാർ പി.ജോൺ വർഗീസ് പറഞ്ഞു.

ഗതാഗതം മുടങ്ങി

എം.സി. റോഡിൽ തിരുമൂലപുരത്തിനും കുറ്റൂരിനും ഇടയിൽ വെള്ളം കയറിയത് ഗതാഗതപ്രശ്നങ്ങൾ സൃഷ്ടിച്ചു. തിരുവല്ല - കായംകുളം സംസ്ഥാന പാതയിൽ പുളിക്കീഴ് പള്ളിപ്പടിക്ക് സമീപം വെള്ളക്കെട്ട് രൂക്ഷമാണ്. അടുത്തകാലത്ത് നവീകരിച്ച പൊടിയാടി - അമ്പലപ്പുഴ സംസ്ഥാനപാതയിൽ നെടുമ്പ്രത്ത് വെള്ളകയറി. തിരുവല്ല - കുമ്പഴ സംസ്ഥാന പാതയിൽ ഇരവിപേരൂരിലും പാടത്തുപാലത്തും ഉൾപ്പെടെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. പ്രദേശത്തെ ഭൂരിഭാഗം ഗ്രാമീണ റോഡുകളിലും ഗതാഗതം മുടങ്ങിക്കിടക്കുകയാണ്. താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ ജലനിരപ്പ് വീണ്ടും ഉയരുമെന്നാണ് കരുതുന്നതെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും തിരുവല്ല തഹസിൽദാർ പി.ജോൺ വർഗീസ് പറഞ്ഞു.

70 കുടുംബങ്ങൾ ഒറ്റപ്പെട്ടു

വെള്ളപ്പൊക്കത്തെ തുടർന്ന് കടപ്ര പഞ്ചായത്തിലെ തൈക്കടവ് ഭാഗത്തെ 70 കുടുംബങ്ങൾ ഒറ്റപ്പെട്ടു. ഒന്നാം വാർഡിൽ ഉൾപ്പെടുന്ന തൈക്കടവ് ഭാഗമാണ് വെള്ളത്താൽ ചുറ്റപ്പെട്ടത്. ഇന്നലെ രാവിലെ ഏഴു മണിയോടെയാണ് വെള്ളം ഇരച്ചെത്തിയത്. വീടുകളിൽ കുടുങ്ങിക്കിടക്കുന്ന വയോധികർ അടക്കമുള്ളവരെ വള്ളങ്ങളിലും മറ്റും സന്നദ്ധ പ്രവർത്തകർ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ഈ പ്രദേശത്തെ പ്രളയ ബാധിതർക്കായി വളഞ്ഞവട്ടം കെ.വി യു പി സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചതായി വാർഡ് മെമ്പർ സൂസമ്മ പൗലോസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL