
തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടി കുട്ടികളുടെ സമഗ്ര ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നതിനായി വനിതാ-ശിശു വികസന വകുപ്പും, ആരോഗ്യ കുടുംബക്ഷേമ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ‘ബാല്യസ്പന്ദനം – സമഗ്ര അങ്കണവാടി ബാല ആരോഗ്യ പരിശോധനാ പദ്ധതി’ യുടെ സംസ്ഥാനതല ഉദ്ഘാടനം സെപ്തംബർ 2ന് വട്ടിയൂർക്കാവ് കൊടുങ്ങാനൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കുമെന്ന് വനിതാ-ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. സംസ്ഥാനത്തെ അങ്കണവാടി കുട്ടികളുടെ ത്രൈമാസ ആരോഗ്യ പരിശോധന പദ്ധതിയാണ് ബാല്യസ്പന്ദനം.
സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന വിഷൻ 2031ന്റെ ഭാഗമായി ആവിഷ്‌കരിച്ച 100ദിന കർമ്മ പരിപാടിയിലൂടെയാണ് ബാല്യസ്പന്ദനം പദ്ധതിക്ക് തുടക്കമാകുന്നത്.
കേരളത്തിലെ 33,120 അങ്കണവാടികളിലൂടെ കുട്ടികൾക്ക് സമയബന്ധിതമായി ആരോഗ്യപരിശോധന ഉറപ്പാക്കുകയും, ആവശ്യമായ സാഹചര്യങ്ങളിൽ വിദഗ്ധ ചികിത്സയും തുടർപരിചരണവും ലഭ്യമാക്കുകയും ചെയ്യുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. കുട്ടികളുടെ ശാരീരിക വളർച്ച, പോഷകാഹാരനില, കാഴ്ച, കേൾവി തുടങ്ങിയ ആരോഗ്യഘടകങ്ങൾ പരിശോധിക്കുന്നതിനൊപ്പം ആവശ്യമായ മെഡിക്കൽ ഇടപെടലുകൾ ഉറപ്പാക്കുന്നതിനും പദ്ധതി സഹായകരമാകും.
ബാല്യസ്പന്ദനത്തിന്റെ ഭാഗമായി അങ്കണവാടി കുട്ടികളുടെ വളർച്ചയും ആരോഗ്യനിലയും നിരന്തരം നിരീക്ഷിക്കുന്നതിനും, വളർച്ചയിൽ വ്യതിയാനങ്ങൾ കണ്ടെത്തിയാൽ അവ നേരത്തേ തിരിച്ചറിഞ്ഞ് ആവശ്യമായ ചികിത്സയും വിദഗ്ധ സേവനങ്ങളും ലഭ്യമാക്കുന്നതിനുമുള്ള സംവിധാനമാണ് ഒരുക്കുന്നത്. ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ പരിശീലനം ലഭിച്ച ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ പരിശോധനകളും തുടർനടപടികളും ഏകോപിപ്പിക്കും.
‘ആരോഗ്യമുള്ള ബാല്യം – ശക്തമായ ഭാവി’ എന്ന ലക്ഷ്യത്തോടെ കുട്ടികളുടെ ആരോഗ്യസംരക്ഷണത്തെ കൂടുതൽ ശാസ്ത്രീയവും സമഗ്രവുമായ രീതിയിൽ ശക്തിപ്പെടുത്തുകയാണ് ബാല്യസ്പന്ദനം പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. കുട്ടികളുടെ ആരോഗ്യപ്രശ്നങ്ങൾ നേരത്തേ കണ്ടെത്തി ഇടപെടുന്നത് അവരുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്കും ഭാവിയിലെ പഠന-വികസന സാധ്യതകൾക്കും ഏറെ പ്രധാനപ്പെട്ടതാണ്.
ചടങ്ങിൽ മന്ത്രി കെ. മുരളീധരൻ അധ്യക്ഷനാകും. തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി രാജേഷ് വളർച്ച നിരീക്ഷണ സംവിധാനം ഉദ്ഘാടനം ചെയ്യും. വകുപ്പുകളിലെ ഉദ്യോഗസ്ഥരും ആരോഗ്യ-ശിശുവികസന മേഖലയിലെ വിദഗ്ധരും ചടങ്ങിൽ പങ്കെടുക്കും.
Kerala will launch 'Balyaspandanam,' a joint project by the Women and Child Development and Health Departments, on September 2nd. This initiative aims to provide comprehensive quarterly health check-ups for children across 33,120 Anganwadis. The project will ensure timely screenings, expert treatment, and continuous monitoring of physical growth, nutrition, sight, and hearing, facilitating early interventions for improved child health outcomes.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |