SignIn
Kerala Kaumudi Online
Monday, 21 September 2026 3.30 PM IST

റോഡിലെ "സർക്കസ് " മുളയിലേ നുള്ളണം

bike-

വർക്കല: ജനങ്ങളുടെ ജീവന് ഭീഷണിയാകും വിധം അലക്ഷ്യമായി വാഹനമോടിക്കുന്നവരുടെ എണ്ണം വർക്കലയിൽ ക്രമാതീതമായി വർദ്ധിക്കുന്നു. തിരക്കേറിയ മൈതാനം - വർക്കല ക്ഷേത്രം ബീച്ച് റോഡിൽ ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാതെയാണ് ബൈക്കുകളിൽ യുവാക്കളുടെ അഭ്യാസ പ്രകടനം. ഇൻസ്റ്റാഗ്രാമിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും കാണുന്ന മിന്നുന്ന അഭ്യാസപ്രകടനങ്ങൾ പ്രചോദനമാക്കി ഇതേ രീതിയിൽ റീൽസ് ചിത്രീകരിക്കുവാൻ ഇറങ്ങി തിരിക്കുന്ന യുവാക്കളുടെ എണ്ണവും വർദ്ധിച്ചിട്ടുണ്ട്.

അമിതവേഗതയിൽ അഭ്യാസപ്രകടനം നടത്തുന്ന വീഡിയോ ചിത്രീകരിക്കുന്നതിനായി ഒപ്പം മറ്റൊരു ബൈക്കിൽ രണ്ട് പേർ ഇവരെ ഫോളോ ചെയ്യുന്നുണ്ടാവും. റോഡിലെ മറ്റ് വാഹനങ്ങളെ അവഗണിച്ചുകൊണ്ട് നിരപരാധികളായ യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കും വിധമാണ് ഇത്തരത്തിലുള്ള അഭ്യാസപ്രകടനവും ചിത്രീകരണവും.

നമ്പർ പ്ലേറ്റ് മാറ്റി നിരത്തിൽ

മോട്ടോർ വാഹനവകുപ്പ്, പൊലീസ് ഉദ്യോഗസ്ഥരുടെ പിടി വീഴാതിരിക്കാൻ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് ഇളക്കിമാറ്റിയാണ് റോഡിലെ സർക്കസ്. നിരത്തുകളിലെ അഭ്യാസ പ്രകടനങ്ങളുടെ ഇരകളാകേണ്ടി വരുന്നത് അച്ചടക്കത്തിൽ വാഹനം ഓടിക്കുന്നവരും കാൽനടയാത്രക്കാരും വയോധികരുമാണ്. കൂടാതെ നിയമലംഘകർ സൃഷ്ടിക്കുന്ന തീവ്ര ശബ്ദമലിനീകരണത്തിൽ ശിശുക്കൾ മുതൽ വയോധികർക്കും ഹൃദ്രോഗികൾ ഉൾപ്പെടെയുള്ളവർക്കും പൊതുസമൂഹത്തിനും കനത്ത ആരോഗ്യ ഭീഷണിയാണ് ഉയർത്തുന്നത്.

ട്രാഫിക് നിയമങ്ങൾ പാലിക്കണം

റോഡുകളിൽ സുരക്ഷ ഉറപ്പാക്കാൻ ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കേണ്ടതുണ്ട്. ട്രാഫിക് നിയമങ്ങൾ പാലിച്ചാൽ വലിയ അപകടങ്ങളും മരണങ്ങളും ഒഴിവാക്കാനാകും. നിയമ ലംഘനങ്ങളിൽ പിടിച്ചെടുക്കപ്പെട്ട ഒട്ടനവധി വാഹനങ്ങളാണ് പൊലീസ് സ്റ്റേഷനുകളുടെ മുറ്റത്തും റോഡരികിലും തുരുമ്പെടുത്ത് നശിക്കുന്നത്. ഇവയിൽ മിക്കതും റോഡ് അപകടങ്ങളിൽപ്പെട്ട് ജീവൻ പൊലിഞ്ഞവരുടേതാണ്.

റോഡിലെ അശ്രദ്ധ കുടുംബങ്ങൾ അനാഥമാകുന്നതിന് കാരണമായേക്കാം എന്ന തിരിച്ചറിവ് ഓരോ വ്യക്തിക്കും ഉണ്ടാകേണ്ടതുണ്ട്.

വാഹന പരിശോധന ശക്തമാക്കണം

അമിത വേഗതയും അഭ്യാസ പ്രകടനങ്ങളും നിയന്ത്രിക്കുന്നതിന് പ്രദേശത്ത് പേരിന് പോലും വാഹന പരിശോധനയില്ല എന്നത് നിയമലംഘനങ്ങൾ വർദ്ധിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്. പൊലീസിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും ശക്തമായ ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാകണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL