
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ വാണിയപ്പാറത്തട്ട് ഉണ്ണി മിശിഹാ പള്ളിയുടെ സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം പോലെ തോന്നിക്കുന്ന വസ്തു കണ്ട സംഭവത്തിൽ കല്ലറ തുറന്ന് ശാസ്ത്രീയ പരിശോധന നടത്തും.
റൂറൽ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രൻ, പേരാവൂർ ഡിവൈ.എസ്.പി മോഹനചന്ദ്രൻ, കരിക്കോട്ടക്കരി സി.ഐ എൻ. പ്രശാന്ത് എന്നിവർ പള്ളി അധികൃതരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. കല്ലറയിൽ മൃതദേഹത്തിന് സമാനമായി കണ്ടെത്തിയ വസ്തു മൂന്നാമതൊരു മൃതശരീരമാണോയെന്ന് ഉറപ്പു വരുത്തണമെന്ന് ഇടവക വികാരി ഫാ. ജിൽബെറ്റ് കൊന്നയിൽ സംഘത്തെ അറിയിച്ചു. തുടർന്ന്, ഉന്നതതല സംഘം സ്ഥലത്തെത്തി സെമിത്തേരിയിൽ പരിശോധന നടത്തി.
വാണിയപ്പാറയിൽ വച്ച് കാണാതായെന്ന് സംശയിക്കുന്ന വിലങ്ങാട് സ്വദേശി ആലപ്പാട്ട് സിജോ സ്‌കറിയയുടെ ബന്ധുക്കൾ ഉൾപ്പെടെ കല്ലറയിലെ മൃതദേഹത്തിൽ സംശയം ഉന്നയിച്ചിരുന്നു. സിജോയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കുടുംബം മുഖ്യമന്ത്രിക്കും, ആഭ്യന്തര മന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. 38-ാം നമ്പർ കല്ലറയിൽ 2015ൽ അടക്കിയ ജയിംസിന്റെ ബന്ധുക്കൾ ഇടവക വികാരിയോട് സംസ്‌കാര സമയത്തെ കാര്യങ്ങൾ വിശദീകരിച്ചതും ദുരൂഹത വർധിപ്പിച്ചു. ജയിംസിന്റെ മൃതദേഹം സംസ്‌കരിക്കുന്നതിന് മുൻപ് കല്ലറയിൽ അറക്കപ്പൊടിയും മണലും നിരത്തി തുണി വിരിച്ചെന്നും, പെട്ടിയിലാണ് സംസ്‌കരിച്ചതെന്നുമാണ് ബന്ധുക്കൾ പറയുന്നത്. സംസ്‌കാര സമയത്ത് മറ്റ് മൃതദേഹങ്ങളില്ലായിരുന്നുവെന്നും. ഇതോടെയാണ് , മൂന്നാമത്തെ വസ്തു എന്താണെന്ന് ഉറപ്പു വരുത്തണമെന്ന ആവശ്യമുയർന്നത്.
കഴിഞ്ഞ ദിവസം സെമിത്തേരിയിലെ 38-ാം നമ്പർ കല്ലറ തുറന്നപ്പോഴാണ് പെട്ടിയും സമീപത്തായി പായയിൽ പൊതിഞ്ഞ രീതിയിൽ മറ്റൊരു വസ്തുവും കണ്ടത്. സംഭവത്തിൽ ദുരൂഹത തോന്നിയ പള്ളി അധികൃതർ പൊലീസിൽ
വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലും ദുരൂഹത മാറിയിരുന്നില്ല.
കല്ലറ തുറന്നു പരിശോധിക്കുന്നതിന് ഡി.എം.ഒ, കളക്ടർ, എസ്.പി എന്നിവർക്ക് ഇന്ന് റിപ്പോർട്ട് സമർപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |