SignIn
Kerala Kaumudi Online
Tuesday, 04 August 2026 1.17 AM IST

മുളകുപൊടിയെറിഞ്ഞ് വൃദ്ധദമ്പതികളുടെ 12 പവൻ കവർന്നു  അപേക്ഷിച്ചപ്പോൾ താലി തിരികെ നൽകി​ സംഭവം പട്ടാപ്പകൽ,​ ആലപ്പുഴയിൽ പ്രതി പിടിയിലെന്ന് സൂചന

READ ENGLISH VERSION
ratnakumari
f

ആലപ്പുഴ: ആലപ്പുഴ നഗരത്തിൽ വാടകയ്ക്ക് വീട് ചോദിച്ചെത്തിയ മദ്ധ്യവയസ്‌കൻ വൃദ്ധദമ്പതിമാർക്കു നേരെ മുളകുപൊടിയെറിഞ്ഞ് 12 പവൻ കവർന്നു. കൈതവന കണിയാംകുളം അപർണയിൽ കയർഫെഡ് മുൻ പർച്ചേസ് മാനേജർ കെ.ആർ. സുദർശൻ (70), ഭാര്യ രത്നകുമാരി (65) എന്നിവരാണ് കവർച്ചയ്ക്ക് ഇരയായത്. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം.

ദമ്പതികൾ താമസിക്കുന്ന വീടിന്റെ മുകളിലത്തെ നില വാടകയ്ക്ക് നൽകിയിരുന്നു. വാടകക്കാർ ഒഴിഞ്ഞതിനെ തുടർന്ന് വീണ്ടും നൽകുന്നതിനായി പരസ്യം കൊടുത്തു. പരസ്യംകണ്ട് ശനിയാഴ്ച എത്തിയ പ്രതി സാഹചര്യങ്ങൾ മനസിലാക്കി മടങ്ങി. ഇന്നലെ രാവിലെ ഏഴുമണിയോടെ വീണ്ടുമെത്തി ഇടപാടുകൾ സംസാരിച്ചു. ഒരുമണിയോടെ വാടക കരാറുമായി എത്തി. കരാർ എഴുതണമെങ്കിൽ സാക്ഷി വേണമെന്ന് സുദർശനൻ ആവശ്യപ്പെട്ടു. തുടർന്ന് കരാർ കാണിക്കാനെന്ന ഭാവത്തിൽ അടുത്തെത്തി,​ കൈയിൽ കരുതിയിരുന്ന മുളകുപൊടി സുദർശന്റെ മുഖത്തേക്ക് എറിയുകയായിരുന്നു. തടയാൻ ശ്രമിച്ച സുദർശനെ തള്ളിയിട്ടു. നിലവിളി കേട്ട് അടുക്കളയിൽനിന്ന് ഓടിയെത്തിയ രത്നകുമാരിയെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. ഇരുവരുടെയും ആഭരണങ്ങൾ ഊരിവാങ്ങി. രത്നകുമാരിയെ വലിച്ചിഴച്ച് മുറിക്കുള്ളിലെ അലമാരയ്ക്കരികിലെത്തിച്ച് അവിടെ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും കൈക്കലാക്കി. രത്നകുമാരി കേണപേക്ഷിച്ചതിനെ തുടർന്ന് താലിയും സുദർശന്റെ കഴുത്തിലുണ്ടായിരുന്ന തകിടും തിരികെ നൽകിയശേഷം രക്ഷപെടുകയായിരുന്നു.

ഹൃദ്രോഗിയായ സുദർശനെയും രത്‌നകുമാരിയെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുദശന്റെ കൈയ്ക്ക് പരിക്കുണ്ട്. ഫോറൻസിക് വിദഗ്ദ്ധർ പരിശോധന നടത്തി.

വീടിനു സമീപത്തെ സൂപ്പർമാർക്കറ്റിലെ സി.സി.ടി.വി ദൃശ്യങ്ങളിൽ പ്രതി ബൈക്കിൽ എത്തുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചതായി പൊലീസ് അറിയിച്ചു. കാസർകോട് സ്വദേശിയാണ് പ്രതി. ഇയാൾ പൊലീസിന്റെ പിടിയിലായതായി സൂചനയുണ്ട്. ഇക്കാര്യം പൊലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA