SignIn
Kerala Kaumudi Online
Saturday, 04 July 2026 4.21 AM IST

ധനകാര്യ സ്ഥാപനത്തിൽനിന്ന് ഒമ്പത് ലക്ഷം തട്ടിപ്പ് നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

anoop

വിയ്യൂർ: സ്വർണ്ണം കൈമാറ്റം ചെയ്യാനെന്ന വ്യാജേന ധനകാര്യ സ്ഥാപനത്തിൽ നിന്നും ഒമ്പത് ലക്ഷത്തിലധികം രൂപ തട്ടിപ്പ് നടത്തിയ കേസിലെ പ്രധാന പ്രതികൾ പിടിയിൽ. ഒല്ലൂർ ക്രിസ്റ്റഫർ നഗർ സ്വദേശി മേക്കാട്ടുകുളം സജു വർഗീസ് (52), കുന്നംകുളം കിഴൂർ സ്വദേശി മേക്കാട്ടുകുളം നവീൻ സജു (22), വേലൂർ വെങ്ങിലശ്ശേരി സ്വദേശി വൈകുണ്ഡം നാരായണൻ നമ്പൂതിരി (59) എന്നിവരാണ് ഗോവയിൽ നിന്നും അറസ്റ്റിലായത്. കേസിൽ ഉൾപ്പെട്ട മലപ്പുറം വണ്ടൂർ സ്വദേശി കുന്നുമ്മൽ കെ. അനൂപ് (33), മറ്റ് മൂന്ന് പ്രതികൾ എന്നിവരെ നേരത്തെ പിടികൂടിയിരുന്നു.

കഴിഞ്ഞ മേയ് 25നായിരുന്നു കേസിനാസ്പദമായ സംഭവം. വിയ്യൂരിലെ 'അക്ഷയശ്രീ നിധി ലിമിറ്റഡ്' എന്ന സ്ഥാപനത്തിലെ ജീവനക്കാരിയെ ഫോണിൽ ബന്ധപ്പെട്ട സജു വർഗീസ്, തൃപ്രയാറിലെ മുത്തൂറ്റ് ഫിനാൻസിലുള്ള തന്റെ 148 ഗ്രാം സ്വർണം വിയ്യൂരിലെ സ്ഥാപനത്തിലേക്ക് മാറ്റാൻ താത്പര്യം അറിയിച്ചു. ഇതനുസരിച്ച് ജീവനക്കാരി തൃപ്രയാറിലെ സ്ഥാപനത്തിലെത്തിയപ്പോൾ, ഒരു ദിവസം പത്തുലക്ഷത്തിൽ താഴെ മാത്രമേ അനുവദിക്കൂവെന്ന് അറിയിച്ചു. തുടർന്ന് 95 ഗ്രാം സ്വർണത്തിന്റെ പണയം അവസാനിപ്പിക്കാനായി വിയ്യൂരിലെ സ്ഥാപനത്തിൽ നിന്നും സജുവിന്റെ അക്കൗണ്ടിലേക്ക് 9,17,800 രൂപ അയച്ചുകൊടുത്തു. ഈ തുക മറ്റ് പ്രതികൾ ചേർന്ന് പുഴയ്ക്കലുള്ള ഫെഡറൽ ബാങ്കിൽ നിന്നും പിൻവലിച്ച് തട്ടിയെടുക്കുകയായിരുന്നു.

വിയ്യൂർ ഇൻസ്‌പെക്ടർ മഹേഷ്‌കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ സന്തോഷ്, ശ്രീജിൻ, വിനോജ് കുമാർ, എ.എസ്.ഐമാരായ സുനിൽകുമാർ, ശ്രീകുമാർ, സി.പി.ഒമാരായ ജോഷി, വിമൽ, ജോൺസൺ, ടോമി, സുഭാഷ്, ഭദ്രൻ, കൃഷ്ണപ്രസാദ്, മനേക്, നിഷി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL