കോഴിക്കോട്: പൊന്നോണമെത്താന്‍ ദിവസങ്ങള്‍ ശേഷിക്കെ നഗരം ഓണത്തിരക്കിലേക്ക്. ഓണം വിപണി 'ഓൺ' ആയതോടെ
ആഘോഷങ്ങൾക്ക് നിറപകിട്ടേകാൻ വസ്ത്രം മേഖലയിലും കച്ചവടം കൊഴുക്കുകയാണ്. വിലക്കുറവും വമ്പന്‍ ഓഫറുകളും ആകര്‍ഷകമായ സമ്മാനങ്ങളുമായാണ് വസ്ത്ര- വിപണി ഓണത്തെ വരവേല്‍ക്കാനൊരുങ്ങുന്നത്. മഴ മാറിയതോടെ, തിരക്ക് മുൻകൂട്ടി കണ്ട് സാധനങ്ങൾ നേരത്തേ വാങ്ങിക്കൂട്ടുകയാണ് ആളുകൾ. റെഡിമെയ്ഡ് ഓൺലൈൻ വ്യാപാരം തകൃതിയായി നടക്കുന്നുണ്ടെങ്കിലും കടകളിൽ നേരിട്ടെത്തി വസ്ത്രം വാങ്ങിക്കുന്നവരും കുറവല്ല. തുണിക്കടകളിലും മാളുകളിലുമെല്ലാം പുത്തൻ സ്റ്റോക്ക് എത്തിയതോടെ മിഠായിത്തെരുവിലെ കടകളിലും ഓഫറുകൾ തുടങ്ങി. പഴയ സ്റ്റോക്ക്, കുറഞ്ഞ വിലയ്ക്ക് വിറ്റഴിക്കുന്നുമുണ്ട്. തെരുവുകച്ചവടങ്ങളും ഉടൻ സജീവമാകും. ഖാദി, കൈത്തറി വസ്ത്രങ്ങൾക്കും ഡിമാന്റേറെയാണ്. പുരുഷന്മാർക്കായി ലൈറ്റ് വെയിറ്റ് കോട്ടൺ കുർത്തകളും ഇത്തവണ വിപണിയിൽ സജീവമാണ്. പരമ്പരാഗതമായ മുണ്ടുകൾക്കൊപ്പം ട്രെൻഡിംഗ് ഷർട്ടുകളും കുർത്തകളും ചേർന്ന കോംബോ ഓഫറുകൾക്കാണ് ആവശ്യക്കാരുള്ളത്. കഥകളി രൂപങ്ങൾ, വള്ളംകളി, കസവ് ഡിസൈൻ എന്നിവ പ്രിന്റ് ചെയ്‌ത ക്യുബൻ കോളർ ഇത്തവണത്തെ പ്രധാന ആകർഷണമാണ്. പകല്‍സമയങ്ങളില്‍ മഴ മാറി നില്‍ക്കുന്നത് ഓണവിപണിയില്‍ എത്തുന്നവര്‍ക്ക് ആശ്വാസമാവുകയാണ്.
പ്രിയം മൽ കോട്ടൺ
ഏറെ ആവശ്യക്കാരുള്ളത് മൽ കോട്ടൺ സാരികൾക്കാണ്. പുരുഷന്മാർക്കായി ലൈറ്റ് വെയിറ്റ് മൽ കോട്ടൺ കുർത്തകളും വിപണിയിൽ സജീവമാണ്. അണിയാൻ സുഖകരവും സൗകര്യപ്രദവുമാണ് എന്നതിനാൽ എല്ലാ പ്രായക്കാർക്കും ഒരു പോലെ ഇഷ്ടമുള്ളതാണിത്. കസവു സാരികള്‍, ധാവണി, മുണ്ടുകള്‍, ഷര്‍ട്ടുകള്‍ പട്ടുപാവാടകള്‍ തുടങ്ങി പുത്തന്‍ ട്രെന്‍ഡുകളുടെ കൂടുതല്‍ സ്റ്റോക്കുകള്‍ മിക്ക കടകളിലും എത്തി. പ്രിന്റുകളുള്ള വസ്ത്രങ്ങളാണ് ഇത്തവണയും ട്രെന്റ്. കസവിനു പകരം ഇളം നിറങ്ങളിലുള്ള ബോർഡറുകൾ, പ്രിന്റുകൾ എന്നിവയുള്ള സാരികൾക്കും ഡിമാൻഡ് കൂടുതലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |