ക്യാൻസർ രോഗിയായ പിതാവിന് പരിക്ക്
റാന്നി : മകൻ ഓടിച്ച കാറിൽ സഞ്ചരിച്ച പിതാവിന് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റു. വടശ്ശേരിക്കര ബാലവാടി മേലേത്ത് ജോൺ എം.ജോർജി ( 58) നാണ് പരിക്കേറ്റത്. വടശ്ശേരിക്കരയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രി ചികിത്സ തേടി. ഇന്നലെ രാവിലെ 11.30ന് വടശ്ശേരിക്കര കുമ്പളത്താമൺ റോഡിലായിരുന്നു സംഭവം. ജോണും മകൻ ലിജിൻ ജോണും (22) വടശ്ശേരിക്കര ടൗണിൽ പോയി തിരികെ വരുകയായിരുന്നു. കുമ്പളത്താമണ്ണിന് സമീപത്ത് റോഡിന്റെ വളവ് തിരിയുമ്പോൾ മുകളിലത്തെ റബർത്തോട്ടത്തിലെ കുത്തിറക്കത്തിൽ നിന്ന് പെട്ടെന്ന് റോഡിലേക്ക് ഇറങ്ങിയ ഒറ്റയാന്റെ മുമ്പിൽ കാർ പെടുകയായിരുന്നു. പെട്ടെന്ന് കാറിന് നേരെ തിരിഞ്ഞ കൊമ്പൻ ഡ്രൈവറുടെ വശത്തെ ഡോറിലേക്ക് കൊമ്പ് കുത്തിയിറക്കി. എട്ട് അടിയോളം ദൂരത്തിലേക്ക് കാർ തള്ളിനീക്കിയ ശേഷം റോഡിന്റെ താഴേക്ക് ഇറങ്ങി, നദിയുടെ മറുകരയിലുള്ള വനത്തിലേക്ക് ആന കടന്നുപോയി. സംഭവസമയത്ത് ഇരുവരും കാറിനുള്ളിൽ കുടുങ്ങി. ഈ മേഖലയിൽ കാട്ടാനയുടെ ശല്യം രൂക്ഷമാണ്. രാത്രിയിൽ കാട്ടാനകൾ കൂട്ടത്തോടെയാണ് ഇവിടെ എത്തുന്നത്. പകലും പുറത്തിറങ്ങാൻ നാട്ടുകാർ ഭയക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |