
പാലോട്: നന്ദിയോട് പഞ്ചായത്തിലെ ചൂടൽമൺപുറം ആദിവാസി ഉന്നതിയിലുള്ളവർക്ക്,ജീവൻ കൈയിൽ വച്ച് ഇനി സാഹസികമായി തടിപ്പാലം കടക്കണ്ട.പുതിയ പാലം നിർമ്മിക്കാൻ നന്ദിയോട് പഞ്ചായത്ത് 8 ലക്ഷം അനുവദിച്ചു.
നിലവിൽ ചൂടൽമൺപുറം വലിയ തോടിന് കുറുകെ മരകമ്പുകൾ അടുക്കിയാണ് നാട്ടുകാർ അക്കരെയിക്കരെ കടക്കുന്നത്.കാലൊന്ന് തെറ്റിയാൽ തോട്ടിലേക്ക് വീഴും.പ്രായമായവരും സ്ത്രീകളും കുട്ടികളും വളരെ ആയാസപ്പെട്ടാണ് പാലം കടന്നിരുന്നത്.കിടപ്പുരോഗികളെ ആശുപത്രിയിൽ എത്തിക്കാൻ ഇതുവഴി കഴിഞ്ഞിരുന്നില്ല.
തുടർന്ന് പ്രദേശവാസികളുടെ ദുരിതം ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ ജൂൺ 29ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെയാണ് പഞ്ചായത്ത് ഇടപ്പെട്ട് പാലത്തിനായി 8 ലക്ഷം രൂപ അനുവദിച്ചത്.
പാലം വരുന്നതോടെ തങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
ചൂടൽമൺപുറത്ത് നിന്ന് പുളിച്ചാമല,ഭദ്രംവച്ചപാറ മേഖലകളെ ബന്ധിപ്പിക്കുന്ന വഴിയിലാണ് മരകമ്പുകളിലുള്ള പാലം
ഇവിടെയുണ്ടായിരുന്ന ചെറിയ കോൺക്രീറ്റ് പാലം തകർന്നിട്ട് മൂന്ന് വർഷത്തോളമായി
പാലം തകർന്നിട്ടും അധികൃതർ നടപടി സ്വീകരിക്കാതെയായതോടെയാണ്,നാട്ടുകാർ തോടിന് കുറുകെ മരകമ്പുകളിട്ട് യാത്രാസൗകര്യം ഒരുക്കിയത്
നൂറുക്കണക്കിന് ആദിവാസികൾ താമസിക്കുന്ന ഇവിടെ ആർക്കെങ്കിലും സുഖമില്ലാതെയായാൽ തലച്ചുമടായി കൊണ്ടുപോകണം.സ്‌കൂൾ കുട്ടികളടക്കം ഈ പാലത്തിലൂടെയാണ് വരുന്നത്.
വന്യമൃഗ ശല്യമുള്ള മേഖലയാണ്.ഇതിനു സമീപത്തെ മറ്റൊരു കോൺക്രീറ്റ് പാലവും കമ്പികളെല്ലാം ദ്രവിച്ച് തകർച്ചാഭീഷണിയിലാണ്.
തോട്ടിൽ വെള്ളം പൊങ്ങിയാൽ യാത്ര ദുരിതപൂർണമാകും
ഫണ്ട് അനുവദിച്ചെങ്കിലും
പാലം വേണമെന്ന നാട്ടുകാരുടെ ആവശ്യത്തെ തുടർന്ന് വാർഡ് മെബറുടെ നേതൃത്വത്തിൽ പട്ടികവർഗ ഡിപ്പാർട്ട്‌മെന്റിന് നിവേദനം നൽകിയിരുന്നു.തുടർന്ന് പാലം നിർമ്മിക്കാനായി 37 ലക്ഷം രൂപ അനുവദിച്ചതായി അറിയിച്ചെങ്കിലും ഒരുവർഷത്തോളമായിട്ടും നടപടിയൊന്നും ഉണ്ടായില്ല.ഈ തുക കൂടി ലഭ്യമാക്കുന്നതിനു വേണ്ട നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |