വർക്കല: പാപനാശത്ത് പിതൃതർപ്പണത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു.12ന് പുലർച്ചെ 1.15മുതൽ വൈകിട്ട് 4വരെയാണ് വാവ് സമയം.തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിൽ വർക്കല ശ്രീജനാർദ്ദന സ്വാമി ക്ഷേത്രത്തിന്റ പാപനാശം ബലിമണ്ഡപത്തിലും മണ്ഡപത്തിന് സമീപം പ്രത്യേകം തയ്യാറാക്കിയ ബലി പന്തലിലുമായി ആയിരങ്ങൾക്ക് ബലിയിടാനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്.ബലിപന്തലിൽ ഒരേ സമയം 600പേർക്ക് കർമ്മങ്ങൾ ചെയ്യാൻ കഴിയും.ചടങ്ങുകൾക്ക് കാർമ്മികത്വം വഹിക്കുന്ന കടൽത്തീരത്ത് 100 ഓളം പുരോഹിതർക്കും ലൈസൻസ് നൽകുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നു.ഇതുവരെ 50 ഓളം പേർക്ക് ലൈസൻസ് നൽകിയിട്ടുണ്ട്. ക്ഷേത്രത്തിൽ തിലഹവനം നടത്തുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.സർക്കാരിന്റെ വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചാണ് പ്രവർത്തനം.മോഷണം,പോക്കറ്റടി എന്നിവ തടയുന്നതിന് സി.സി ടിവി സംവിധാനവും ഒരുക്കിയിട്ടുണ്ട്.വർക്കല പൊലീസിന്റെ നേതൃത്വത്തിൽ 664 പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി വിന്യസിക്കും.ഗതാഗത നിയന്ത്രണം,വാഹന പാർക്കിംഗ്,കടൽത്തീരത്തെ സുരക്ഷ എന്നിവയ്ക്കും പ്രത്യേക സംവിധാനം ഒരുക്കും.മൈതാനം,എസ്.എൻ മിഷൻ ആശുപത്രി പരിസരം, സ്വകാര്യ ബസ് സ്റ്റാൻഡ് ഉൾപ്പെടെയുള്ള സ്ഥലങ്ങൾ പാർക്കിംഗിനായി ഉപയോഗിക്കാനും നിർദേശമുണ്ട്.കടലിൽ ഇറങ്ങുന്നവരുടെ സുരക്ഷ ഉറപ്പാക്കാൻ ലൈഫ് ഗാർഡുകളെയും ഫയർ ആൻഡ് റെസ്ക്യൂ സംഘത്തെയും വിന്യസിക്കും.
ആവശ്യമായ സ്ഥലങ്ങളിൽ സ്കൂബാ ഡൈവിംഗ് സംഘത്തിന്റെ സേവനവും ലഭ്യമാക്കും.എക്സൈസ് വിഭാഗം പ്രത്യേക പരിശോധനയും പട്രോളിംഗും നടത്തും.കെ.എസ്.ഇ.ബി ആവശ്യമായ വെളിച്ച സൗകര്യം ഒരുക്കും.കുടിവെള്ള വിതരണത്തിനായി വാട്ടർ അതോറിട്ടി ടാങ്കുകൾ സ്ഥാപിക്കും.ആരോഗ്യവകുപ്പ് 24 മണിക്കൂറും അടിയന്തര ചികിത്സാ സംവിധാനവും ആംബുലൻസ് സേവനവും ഒരുക്കും.ശുചീകരണം,മാലിന്യനീക്കം,താത്കാലിക സൗകര്യങ്ങൾ എന്നിവ നഗരസഭയുടെ നേതൃത്വത്തിൽ നടപ്പാക്കും.കെ.എസ്.ആർ.ടി.സി വിവിധ ഡിപ്പോകളിൽ നിന്ന് പ്രത്യേകം സർവീസ് നടത്തും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |