ആറ്റിങ്ങൽ: ഓണം അടുത്തതോടെ കച്ചേരി ജംഗ്ഷനിൽ സദാസമയവും തിരക്കാണ്.വാഹനമെടുത്ത് ജംഗ്ഷനിൽ എത്തിയാൽ പെട്ടത് തന്നെ.കച്ചേരി ജംഗ്ഷനിൽ തലങ്ങും വിലങ്ങും വാഹനങ്ങൾ പായുകയാണ്.സുരക്ഷിതമായി റോഡ് മുറിച്ച് കടക്കാൻ പോലും കഴിയാത്ത അവസ്ഥ. ജംഗ്ഷനിലെ സിഗ്നൽ ലൈറ്റുകൾ പ്രവർത്തനരഹിതമായതാണ് പ്രശ്നങ്ങൾക്ക് കാരണം.ഇടയ്ക്കിടെ തകരാറിലായിക്കൊണ്ടിരുന്ന ലൈറ്റുകൾ നന്നാക്കാൻ കരാറുകാരായ കെൽട്രോൺ ഇനിയും രംഗത്തെത്തിയിട്ടില്ല.
ദേശീയപാതയ്ക്ക് പുറമെ ചിറയിൻകീഴ്,ബി.ടി.എസ്,പൊലീസ് സ്‌റ്റേഷൻ എന്നീ റോഡുകൾ ഇവിടെ ഒത്തുചേരുന്നു.ആലംകോട് ഭാഗത്ത് നിന്നുവരുന്ന വാഹനങ്ങളിൽ ചിറയിൻകീഴ്,മണനാക്ക് ഭാഗങ്ങളിലേക്ക് പോകാനുള്ളവ കച്ചേരി ജംഗ്ഷനിൽ നിന്ന് ബി.ടി.എസ് റോഡ് വഴിയാണ് പോകുന്നത്.ഇവയ്ക്ക് കടന്നുപോകണമെങ്കിൽ ദേശീയപാതയിൽ ആലംകോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ട്രാഫിക്ക് വാർഡൻ തടയണം.ഈ രീതി തന്നെയാണ് മറ്റ് റോഡുകളിലും നിലനിൽക്കുന്നത്. തിരക്കേറിയ സമയങ്ങളിൽ മാത്രമാണ് ഇവിടെ ട്രാഫിക് വാർഡന്റെ സേവനം ലഭിക്കുന്നത്.മറ്റുസമയങ്ങളിൽ വാഹനങ്ങൾ നാലുപാടും ഒരേസമയം കടക്കുന്നത് വലിയ അപകടഭീഷണി ഉയർത്തുന്നുണ്ട്. എത്രയും വേഗം സിഗ്നലുകൾ നന്നാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കരാർ തുക കിട്ടിയില്ല
ട്രാഫിക്ക് ലൈറ്റുകൾ പണിമുടക്കാൻ തുടങ്ങിയപ്പോൾ തന്നെ പൊലീസ് കെൽട്രോണിനെ രേഖാമൂലം വിവരമറിയിച്ചിരുന്നു.കരാർ തുക ലഭിക്കാത്തത് കൊണ്ടാണ് കെൽട്രോണിന്റെ അറ്റകുറ്റപ്പണികൾ വൈകുന്നതെന്ന് പറയുന്നു.
കാൽനടയാത്രക്കാർ ഗതികേടിൽ
സിഗ്നൽ തകരാറിലായതോടെ ഏറ്റവുമധികം ബുദ്ധിമുട്ടിലായത് കാൽനടയാത്രക്കാരാണ്. വിവിധ സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്കും,വില്ലേജോഫീസ്,കോടതികൾ,സബ്ട്രഷറി,മിനി സിവിൽസ്റ്റേഷനിലെ സർക്കാരോഫീസുകൾ,പൊലീസ് സ്‌റ്റേഷൻ,സബ് രജിസ്ട്രാർ ഓഫീസ് എന്നിവിടങ്ങളിലേക്കെല്ലാം പോകാനുള്ളവർക്കും ദേശീയപാത മുറിച്ചുകടക്കണം.ഇവരെല്ലാം ഭീതിയോടെയാണ് ഇപ്പോൾ റോഡ് മുറിച്ച് കടക്കുന്നത്.
നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജംഗ്ഷനാണ് കച്ചേരി ജംഗ്ഷൻ.ദേശീയപാതയിൽ ഏറ്റവുമധികം വാഹനങ്ങൾ കടന്നുപോകുന്ന സ്ഥലമായിട്ടും സിഗ്നൽ ലൈറ്റില്ലാത്തത് വാഹനയാത്രക്കാരെ ദുരിതത്തിലാക്കുന്നു.
ഓണത്തിരക്ക് കണക്കിലെടുത്ത് ആറ്റിങ്ങലിലെ സിഗ്നൽ ലൈറ്റുകൾ അറ്റകുറ്റപ്പണികൾ നടത്തണം.
ടി.സ്വരാജ്,പ്രസിഡന്റ്,ബി.ജെ.പി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |