SignIn
Kerala Kaumudi Online
Tuesday, 11 August 2026 7.06 AM IST

ഒറ്റൂരിലെ സാംസ്കാരിക നിലയത്തിന് അധികൃതരുടെ അവഗണന

vayanashala

കല്ലമ്പലം: ഞെക്കാട് ഗവ.ഹയർസെക്കൻഡറി സ്കൂളിന് സമീപത്തെ ജനതാ ലൈബ്രറി ആൻഡ് റീഡിംഗ് റൂം സംരക്ഷണമില്ലാതെ നശിക്കുന്നു. ഞെക്കാട്,ചേന്നൻകോട് പ്രദേശങ്ങളിലെ ജനങ്ങൾക്ക് അറിവിന്റെ വെളിച്ചം പകരാനായി 1950 ൽ അദ്ധ്യാപകനായ നാണുവിന്റെ നേതൃത്വത്തിലുള്ള ബഹുജന കൂട്ടായ്മയിൽ ആരംഭിച്ച ഗ്രന്ഥശാലയാണിത്.

സംഭാവനയായി ശേഖരിച്ച പുസ്തകങ്ങളുമായി കടമുറികളിലും വീടുകളുടെ വരാന്തകളിലുമാണ് സ്ഥാപനം തുടക്കത്തിൽ പ്രവർത്തിച്ചത്. പിന്നിട്ട് ലൈബ്രറി കൗൺസിലിന്റെ അഫിലിയേഷൻ നേടി. ആസ്ഥാനമില്ലാത്തതാണ് ആദ്യകാലത്ത് പ്രവർത്തനത്തിന് തടസമായത്. പഞ്ചായത്തംഗവും അദ്ധ്യാപകനുമായിരുന്ന ഗോപാലകൃഷ്ണകുറുപ്പിന്റെ നേതൃത്വത്തിലുള്ള ജനകീയസമിതി നാട്ടുകാരിൽ നിന്ന് പിരിവെടുത്ത് ചേന്നൻകോട് ജംഗ്ഷന്‍ സമീപം കല്ലമ്പലം - വർക്കല റോഡിനോട് ചേർന്ന് രണ്ടര സെന്റ്‌ സ്ഥലം വാങ്ങി.

അവിടെ കെട്ടിട നിർമ്മാണത്തിന് സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടപ്പോഴാണ് ഗ്രന്ഥശാല ഒറ്റൂർ പഞ്ചായത്തിനെ ഏൽപ്പിക്കാൻ തീരുമാനിച്ചത്. അങ്ങനെ ഗ്രന്ഥശാല പഞ്ചായത്ത് ഏറ്റെടുക്കുകയും സാംസ്കാരിക നിലയമാക്കി മാറ്റുകയും ചെയ്തു. പഞ്ചായത്ത് തന്നെ കെട്ടിടം നിർമ്മിക്കുകയും ലൈബ്രറിയും വായനശാലയും ആരംഭിക്കുകയും ചെയ്‌തു.

എന്നാൽ അധികനാൾ കഴിയുംമുമ്പ് ഗ്രന്ഥശാലയുടെ പ്രവർത്തനം നിലച്ചതോടെ ഇഴജന്തുക്കളുടെയും സാമൂഹിക വിരുദ്ധരുടെയും താവളമായി ഇവിടം മാറി. കൃത്യമായ പുസ്തക വിതരണവും രജിസ്റ്ററുകളും ഇല്ലാത്തതിനാൽ ഗ്രന്ഥശാലയുടെ അഫിലിയേഷനും നഷ്ടമായി. പിന്നീട് 2017ൽ അക്ഷര സ്നേഹികളായ കുറെപ്പേരുടെ ശ്രമഫലമായി പഞ്ചായത്ത് അധികാരികൾ കെട്ടിടത്തിൽ അറ്റകുറ്റപ്പണികൾ നടത്തി പ്രവർത്തനം പുനരാരംഭിച്ചു.
അപ്പോഴേക്കും 5000ഓളമുള്ള പുസ്തകങ്ങൾ അധികവും ചിതലെടുത്ത് നശിച്ചുപോയിരുന്നു. ലൈബ്രേറിയനെ നിയമിക്കാനോ പ്രവർത്തനം മെച്ചപ്പെടുത്താനോ പഞ്ചായത്ത് കൂട്ടാക്കിയതുമില്ല. കഴിഞ്ഞ 5 വർഷമായി സ്ഥാപനത്തെ അധികൃതർ മറന്നിരിക്കുകയാണ്.

പ്രതികരണം

ഒറ്റൂർ പഞ്ചായത്തിന് കീഴിൽ മികച്ച സാംസ്കാരിക നിലയമായി പ്രവർത്തിക്കേണ്ട സ്ഥാപനമാണ്‌ അധികാരികളുടെ അവഗണന കാരണം ഇല്ലാതാകുന്നത്. ഇത് തുറന്നുപ്രവർത്തിക്കാൻ പഞ്ചായത്ത്‌ അധികൃതർ അടിയന്തരമായി ഇടപെടണം.

പ്രതീഷ് (പൊതുപ്രവർത്തകൻ)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL