SignIn
Kerala Kaumudi Online
Thursday, 13 August 2026 2.42 AM IST

പൊലീസിനെ വെട്ടിക്കാൻ ഊബർ ടാക്‌സിയിൽ യാത്ര,​ ആറ് കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

1

കഴക്കൂട്ടം: ഓണക്കാലം ലക്ഷ്യമിട്ട് ആന്ധ്രാപ്രദേശിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച ആറുകിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ. തമ്പാനൂർ പനങ്ങോട് മരുതുംമൂട് വീട്ടിൽ നൗഷാദ് ഖാൻ (49),വെള്ളക്കടവ് പുതുവൽ പുത്തൻവീട്ടിൽ മാഹീൻ കണ്ണ് (45) എന്നിവരാണ് ഇന്നലെ മിന്നൽ പരിശോധനയിൽ സിറ്റി ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്.

സ്ഥിരം കുറ്റവാളികളായ ഇവരെ കഴക്കൂട്ടം പൊലീസ് സ്റ്റേഷന് സമീപത്തുവച്ചാണ് ഇന്നലെ രാവിലെ പിടികൂടിയത്. മൂന്ന് പൊതികളിലാക്കി സൂക്ഷിച്ചിരുന്ന കഞ്ചാവാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. പൊലീസിന്റെയും എക്സൈസിന്റെയും കണ്ണുവെട്ടിച്ച് അതിസാഹസികമായാണ് പ്രതികൾ തലസ്ഥാനത്തെത്തിയത്.

വാഹനം മാറി മാറി യാത്ര

ചെക്ക് പോസ്റ്റുകളിലെയും വഴിയോരങ്ങളിലെയും പൊലീസ് പരിശോധന മറികടക്കാൻ തന്ത്രപരമായ പാതയും യാത്രാമാർഗവുമാണ് ഇവർ തിരഞ്ഞെടുത്തത്. ആന്ധ്രാപ്രദേശിൽ നിന്ന് പുറപ്പെട്ട ഇവർ ഒരു വാഹനത്തെയും സ്ഥിരമായി ആശ്രയിച്ചില്ല. കെ.എസ്.ആർ.ടി.സി,സ്വകാര്യ ബസുകൾ,ലോറികൾ,കാറുകൾ,ഓട്ടോകൾ എന്നിവ മാറി മാറി കയറി കോയമ്പത്തൂർ വഴിയാണ് എറണാകുളം കളമശ്ശേരിയിലെത്തിയത്. അവിടെ നിന്ന് ഊബർ ടാക്സി ബുക്ക് ചെയ്ത് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചതോടെയാണ് ഇവരുടെ പ്ലാൻ മാറിയത്. ​

യാത്രക്കാരെന്ന വ്യാജേന തലസ്ഥാനത്തേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യവിവരം പ്രതികൾക്ക് വിനയായി. കഴക്കൂട്ടം പൊലീസ് സ്റ്റേഷന് സമീപത്തുവച്ച് വാഹനം തടഞ്ഞ ഉദ്യോഗസ്ഥരെ വെട്ടിച്ച് ഓടി രക്ഷപ്പെടാൻ പ്രതികൾ ശ്രമിച്ചെങ്കിലും ഡാൻസാഫ് സംഘം സാഹസികമായി ഇവരെ കീഴ്‌പ്പെടുത്തുകയായിരുന്നു. ഓണം അവധിക്കാലത്ത് സ്കൂൾ വിദ്യാർത്ഥികൾക്കും മറ്റ് ആവശ്യക്കാർക്കും വില്പന നടത്തുന്നതിനാണ് കഞ്ചാവെത്തിച്ചതെന്ന് ചോദ്യം ചെയ്യലിൽ ഇവർ സമ്മതിച്ചു. രണ്ടുപേരും മുമ്പും നിരവധി കഞ്ചാവ് കേസുകളിൽ പ്രതികളാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL