SignIn
Kerala Kaumudi Online
Wednesday, 02 September 2026 1.38 AM IST

നേതാജി സ്മരണകളുമായി പോരാളികൾ വഴിപിരിഞ്ഞിട്ട് രണ്ട് പതിറ്റാണ്ട്

in23

തിരുവനന്തപുരം: വീണ്ടുമൊരു സ്വാതന്ത്ര്യദിനം കൂടിയെത്തുമ്പോൾ നേതാജിക്കൊപ്പം പോരാടിയ കേരളത്തിലെ ഐ.എൻ.എ ഭടന്മാരെയും നാടിനാകെ മാതൃകയായ അവരുടെ പ്രവർത്തനവും അധികമാരും ഓർമ്മിക്കാറില്ല. ജീവിച്ചിരിക്കുന്ന അംഗങ്ങളുടെ അംഗ സംഖ്യ 30ൽ താഴെയായി കുറഞ്ഞതോടെയാണ് കേരളത്തിലെ ഐ.എൻ.എകാരുടെ കൂട്ടായ്മയായ 'കേരള എക്‌സ് ഐ.എൻ.എ അസോസിയേഷൻ' രണ്ട് പതിറ്റാണ്ട് മുമ്പ് പ്രവർത്തനം അവസാനിപ്പിച്ചത്. കടയ്ക്കാവൂർ കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന സംഘടനയുടെ പ്രവർത്തനം നിറുത്തി 2006 ഓടെ സംസ്ഥാന കമ്മിറ്റി ഓഫീസായ 'നേതാജി ഭവനും' ബാങ്ക് ബാലൻസുമടക്കം സർക്കാരിന് കൈമാറുകയായിരുന്നു.

നാടിന്റെ സ്വാതന്ത്ര്യത്തിനായി വീടുവിട്ടിറങ്ങിയ ഐ.എൻ.എ ഭടന്മാർ രാജ്യത്തിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിന് വലിയ പ്രാധാന്യമാണ് നൽകിയിരുന്നത്. ഇവരുടെ വിവിധ സേവന പ്രവർത്തനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. യുദ്ധങ്ങൾ, പ്രകൃതിക്ഷോഭങ്ങൾ തുടങ്ങിയവയിൽ ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് സഹയാധനവുമായി ഐ.എൻ.എക്കാർ എത്തിയത് സമൂഹത്തിനാകെ മാതൃകയായി. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയടക്കമുള്ളവയ്ക്ക് തങ്ങളുടെ പണം മുടക്കി കെട്ടിടങ്ങൾ നിർമ്മിച്ച് നൽകാനും തയ്യാറായി.

 അംഗം തികയാതെ...
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഐ.എൻ.എ ഭടന്മാർ ഒത്തുചേർന്നിരുന്നത് കടയ്ക്കാവൂരിലായിരുന്നു. റെയിൽവേ സ്‌റ്റേഷനടുത്തുള്ള നേതാജി ഭവനിൽ 20 വർഷം മുമ്പാണ് അവർ അവസാനമായി ഒത്തുചേർന്നത്. അന്ന് 30 പേരില്ലാത്തതിനാൽ അസോസിയേഷന്റെ യോഗം ചേരാനായില്ല. പ്രായത്തിന്റെ അവശതകളും രോഗവും അവഗണിച്ച് യോഗത്തിനെത്തിയത് വളരെ കുറച്ചുപേർ. നിയമാവലി പ്രകാരം 3 തവണ നോട്ടീസ് നൽകി വിളിച്ചുചേർത്തിട്ടും ക്വാറം തികഞ്ഞില്ലെങ്കിൽ 'സംഘടനയുടെ പ്രവർത്തനം അവസനിച്ചതായി കണക്കാക്കും". മൂന്നുതവണ വിളിച്ച യോഗത്തിലും 30 പേർ എത്താതിരുന്നതോടെ അര നൂറ്റാണ്ട് മാതൃകാ പ്രവർത്തനം നടത്തിയ കൂട്ടയ്മക്കും അവസാനമായി.

എല്ലാം സർക്കാരിന്
സംഘടനപ്രവർത്തനം നിലച്ചാൽ ഉടൻ എല്ലാ സ്വത്തുവകളും ബാങ്ക് ബാലൻസും ഭാരവാഹികളുടെ കൈവശമുള്ള പണവുമടക്കം തിട്ടപ്പെടുത്തി സർക്കാരിന് കൈമാറണമെന്ന നിയമാവലി അവർ അക്ഷരംപ്രതി പാലിച്ചു. സംഘടനയുടെ ജനറൽ സെക്രട്ടറിയായിരുന്ന എ.എൻ. ശിവാനന്ദന്റെ നേതൃത്വത്തിൽ ഈ നടപടികൾ പൂർത്തിയാക്കുകയായിരുന്നു. കടയ്ക്കാവൂരിലെ നേതാജി ഭവൻ സർക്കാർ ഏറ്റെടുത്ത് രജിസ്ട്രാർ ഓഫീസാക്കി. ഇന്നും ഐ.എൻ.എക്കാരുടെ ഓർമ്മകളുമായി ഈ കെട്ടിടം ഇവിടെയുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL