SignIn
Kerala Kaumudi Online
Friday, 21 August 2026 1.21 AM IST

താഴ് തുറക്കാതെ വനിതാ വ്യവസായ കേന്ദ്രം

പൂട്ടിയിട്ട് രണ്ട് പതിറ്റാണ്ട്

ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭ ആരംഭിച്ച വനിതാ വ്യവസായ കേന്ദ്രം അടച്ച് പൂട്ടിയിട്ട് രണ്ട് പതിറ്റാണ്ട്.കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ആദ്യമായി വനിതാ വ്യവസായ കേന്ദ്രത്തിന് തുടക്കം കുറിച്ചത് 2004ൽ ആറ്റിങ്ങലായിരുന്നു.ആറ്റിങ്ങൽ കൃഷി ഓഫീസിനോട് ചേർന്നുള്ള കെട്ടിടത്തിലായിരുന്നു പ്രവർത്തനമാരംഭിച്ചത്.

കുറഞ്ഞ വിലയ്ക്ക് മികച്ച ഗുണനിലവാരമുള്ള ഉത്പന്നങ്ങൾ വ്യവസായിക അടിസ്ഥാനത്തിൽ ഇവിടെ നിന്ന് ഉത്പാദിപ്പിക്കാൻ തുടങ്ങി.ആറ്റിങ്ങൽ ബ്രാൻഡ് ഉത്പന്നങ്ങൾക്ക് ആവശ്യക്കാരും ഏറെയായിരുന്നു. തുണി സഞ്ചികളും,പേപ്പർ ബാഗുകളും കയറ്റിവിടുകയും ചെയ്തു.

വനിതാ വ്യവസായ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളെ കുറിച്ച് പഠിക്കാൻ രാജസ്ഥാൻ ഗവൺമെന്റിന്റെ പ്രതിനിധി സംഘം പോലും എത്തിയിരുന്നു.എന്നാൽ അന്നത്തെ നഗരസഭ ഭരണസമിതിയുടെ കാലാവധി അവസാനിച്ചതോടെ,വ്യവസായ കേന്ദ്രത്തിന്റെയും ശനിദശ ആരംഭിച്ചെന്ന് പ്രദേശവാസികൾ പറയുന്നു.തുടർന്നുവന്ന ഭരണസമിതി വനിതാ വ്യവസായ കേന്ദ്രത്തെ അവഗണിച്ചു.നിർമ്മാണത്തിനാവശ്യമായ അസംസ്കൃത വസ്തുക്കൾ സംഭരിക്കാൻ ഭരണസമിതിക്ക് കഴിഞ്ഞില്ല.വ്യവസായ കേന്ദ്രത്തിലെ ഉത്പാദനം ഗണ്യമായി കുറഞ്ഞു. ഇതിനെ തുടർന്ന് ഓരോ യൂണിറ്റുകളും ഘട്ടം,ഘട്ടമായി നിറുത്തലാക്കുകയായിരുന്നു.കേന്ദ്രം പൂട്ടിയതോടെ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന യന്ത്രസാമഗ്രികൾ പൊടിപിടിച്ച് നശിക്കുകയാണ്.കേന്ദ്രം തുറന്ന് പ്രവർത്തിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്രവ‌ർത്തനം ആരംഭിച്ചത് - 2004ൽ

പ്രവർത്തനം നിലച്ചത് - 2007ൽ

തുടക്കത്തിൽ അൻപതിൽപരം വനിതകൾക്ക് തൊഴിൽ പരിശീലനവും, സ്ഥിര നിയമനവും നൽകി

20ൽപ്പരം തയ്യൽ മെഷീനുകൾ കേന്ദ്രത്തിലുണ്ടായിരുന്നു

തയ്യൽപരിശീലനം,പേപ്പർ ബാഗുകൾ,തുണി സഞ്ചി,കരകൗശല വസ്തുക്കളുടെ നിർമ്മാണവും വിതരണവും,വില്പനയുമാണ് കേന്ദ്രം വഴി നടന്നിരുന്നത്.

പ്ലാസ്റ്റിക്മുക്ത ആറ്റിങ്ങൽ എന്ന ക്യാമ്പെയിനിന്റെ ഭാഗമായി ആറ്റിങ്ങൽ നഗരസഭയിലെ വ്യാപാര സ്ഥാപനങ്ങളിൽ പ്ലാസ്റ്റിക് കവറുകൾ ഉപേക്ഷിച്ച് പേപ്പർ കവറുകളിലേക്കും, തുണിസഞ്ചികളിലേക്കും ക്രമേണ മാറിതുടങ്ങി. ഇതോടെ വനിതാ വ്യവസായ കേന്ദ്രത്തിലെ ഉത്പാദനവും വർദ്ധിച്ചു.ഉത്പാദനം വർദ്ധിച്ചതിനനുസരിച്ച് കേന്ദ്രത്തിലെ വനിതാ ജീവനക്കാരുടെ എണ്ണം അൻപതിൽ നിന്നും ഘട്ടം ഘട്ടമായി നൂറിലേക്ക് ഉയർന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL