
തിരുവനന്തപുരം: ഓണം വാരാഘോഷയാത്രയിൽ വിവിധ സർക്കാർ വകുപ്പുകളുടെ പ്രവർത്തനങ്ങളും വികസനപദ്ധതികളും അവതരിപ്പിച്ച ഫ്ലോട്ടുകൾ കാഴ്ചയുടെ വിരുന്നൊരുക്കി. കേരളത്തിന്റെ പൈതൃകം, സംസ്കാരം, വികസനം,സ്ത്രീ ശാക്തീകരണം, ആരോഗ്യം, ശാസ്ത്രീയ പുരോഗതി തുടങ്ങി വിവിധ വിഷയങ്ങൾ ഫ്ലോട്ടുകളിലൂടെ അണിനിരന്നു. ദക്ഷിണ റെയിൽവേയുടെ വന്ദേഭാരത് നഗരത്തിലൂടെ ഓടിക്കുന്ന രീതിയുള്ള ഫ്ലോട്ടിൽ സ്റ്റേഷന്റെ മാതൃക,ഡിജിറ്റൽ ടിക്കറ്റിംഗ് സംവിധാനം, പൈതൃക കെട്ടിടം, റെയിൽവേയുടെ ഡിജിറ്റൽ സേവനങ്ങൾ എന്നിവ അവതരിപ്പിച്ചു. മോട്ടോർ വാഹനവകുപ്പിന്റെ ഫ്ലോട്ടിൽ ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനും രജിസ്റ്റേർഡ് വെഹിക്കിൾ സ്ക്രാപ്പിംഗ് ഫെസിലിറ്റിയുമാണ് അവതരിപ്പിച്ചത്. ഐ.എസ്.ആർ.ഒയുടെ ഗഗൻയാൻ ദൗത്യത്തിന്റെ മാതൃകയും ക്രയോജനിക് എൻജിനും ഘോഷയാത്രയിലെ മറ്റൊരു കൗതുകമായിരുന്നു. തെരുവുനായ ശല്യത്തിന് പരിഹാരം കാണാനുള്ള പ്രവർത്തനങ്ങളാണ് നഗരസഭ അവതരിപ്പിച്ചത്. സ്മാർട്ട് ജലസേചനം, മണ്ണിലെ ഈർപ്പം കണ്ടെത്തുന്ന സംവിധാനം, എ.ഐ അധിഷ്ഠിത വിളരോഗ നിർണയം എന്നിവയാണ് കൃഷിവകുപ്പിന്റെ ഫ്ലോട്ടിലുണ്ടായിരുന്നത്. അമിതവണ്ണം, കുടവയർ, ജങ്ക് ഫുഡിന്റെ അമിത ഉപയോഗം എന്നിവയ്‌ക്കെതിരെ ആരോഗ്യസന്ദേശവുമായാണ് നാഷണൽ ആയുഷ് മിഷനെത്തിയത്. കേരള പൊലീസിന്റെ ഓപ്പറേഷൻ തുഫാൻ,എക്സൈസ് വകുപ്പിന്റെ ഓപ്പറേഷൻ തണ്ടർ എന്നിവയും ജനശ്രദ്ധ പിടിച്ചുപറ്രി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |