
വിഴിഞ്ഞം: വെങ്ങാനൂർ ജംഗ്ഷന് സമീപം കാറിന് തീപിടിച്ച് ഏറ്റുമാനൂർ സ്വദേശി ടൈറ്റസ് കുര്യൻ മരിച്ച സംഭവത്തിന്റെ ഞെട്ടൽ മാറാതെ ദൃക്സാക്ഷി എം.ദിലീപ്.
'' പതിവ് ക്ഷേത്ര ദർശനത്തിന് പോകാൻ സുഹൃത്തിനെ കാത്തുനിൽക്കുമ്പോഴാണ് ഒരു കാർ തന്നെ കടന്നുപോകുന്നതും പുറകിലേക്ക് വരുന്നതും ശ്രദ്ധിച്ചത്. കാറിന് മുന്നിൽ തീ ആളിപ്പടരുന്നത് കണ്ട് അടുത്തേക്ക് ഓടിയെത്തുമ്പോൾ കാറിലുണ്ടായിരുന്നയാൾ കൈകൾ ഉയർത്തി പുറത്തിറങ്ങാൻ ശ്രമിക്കുന്നതാണ് കണ്ടത്. അതുവഴി എത്തിയ ബൈക്ക് യാത്രക്കാരുമായി ചേർന്ന് പിന്നിലെ ഡോർ വലിച്ച് തുറന്നെങ്കിലും ഡ്രൈവർ സീറ്റിലുണ്ടായിരുന്നയാളെ പുറത്തിറക്കാനായില്ല - ദിലീപ് പറഞ്ഞു.
സമീപത്തെ അത്തത്തട്ടിന് സമീപത്തു നിന്ന് ചുടുകല്ലും തടികഷ്‌ണവും എടുത്ത് മുൻവശത്തെ ഗ്ലാസ് തകർക്കാൻ ശ്രമിച്ചെങ്കിലും തീ ആളിപ്പടർന്നു. സമീപത്തുള്ള സ്വന്തം വീട്ടിലേക്ക് ഓടി രണ്ട് ബക്കറ്റിൽ വെള്ളവുമായി എത്തുമ്പോഴേക്കും കാറിൽ നിന്ന് പൊട്ടിത്തെറി ശബ്‌ദമുണ്ടായി,പിന്നീട് നോക്കി നിൽക്കാനെ കഴിഞ്ഞുള്ളൂവെന്നും ദിലീപ് പറഞ്ഞു. തീ അണച്ച ശേഷം അസ്ഥികൂടം മാത്രമാണ് കാണാനായതെന്നും ദിലീപ് കൂട്ടിച്ചേർത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |