
കൊച്ചി: പട്ടാപ്പകൽ കത്രിക കൊണ്ട് രണ്ടു പേരെ കുത്തി പരിക്കേൽപ്പിച്ച ശേഷം നഗരത്തിൽ കറങ്ങി നടന്ന അക്രമിയെ എറണാകുളം സെൻട്രൽ പൊലീസ് അറസ്റ്റ് ചെയ്തു. പണമിടപാടുകാരും സുഹൃത്തുക്കളുമായ കായംകുളം സ്വദേശി ഷെമീം (48), കായംകുളം പെരിങ്ങാല സ്വദേശി മാത്യു ഉമ്മൻ (43) എന്നിവർക്കാണ് കുത്തേറ്റത്. പ്രതി മട്ടാഞ്ചേരി മുസ്‌ലിയാത്ത് വീട്ടിൽ ഷൈജുവാണ് (44) പിടിയിലായത്.
തിങ്കളാഴ്ച വൈകിട്ട് മൂന്നിന് ജോസ് ജംഗ്ഷൻ പരിസരത്തെ ഇ ടോയ്ലറ്റിന് സമീപമായിരുന്നു ആക്രമണം. രാവിലെ ഷൈജുവും കൂട്ടാളിയും ചേർന്ന് എറണാകുളം സൗത്തിലെ ഒരു തുണിക്കടക്ക് സമീപം ലോട്ടറി കച്ചവടക്കാരനെ മർദ്ദിച്ചത് ഷെമീമും മാത്യു ഉമ്മനും ചേർന്ന് തടഞ്ഞിരുന്നു. ഇരുവരും പിന്നീട് ജോസ് ജംഗ്ഷനിൽ ചായ കുടിച്ചു കൊണ്ടിരിക്കെ പ്രതി ഇവിടെയെത്തി. ലോട്ടറിക്കാരനെ മർദ്ദിക്കുന്നത് തടഞ്ഞതിനെ ചൊല്ലി ഷൈജു അസഭ്യം പറഞ്ഞതോടെ ഷെമീം വിലക്കി. തുടർന്നായിരുന്നു കത്രിക ഉപയോഗിച്ചുള്ള ആക്രമണം. ഷെമീമിന്റെ വയറ്റിൽ രണ്ട് തവണ കുത്തേറ്റു. തടസം പിടിക്കുന്നതിനിടെ മാത്യു ഉമ്മന് നെഞ്ചിൽ മൂന്ന് തവണ കുത്തേറ്റു.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള ഷെമീം അപകടനില തരണം ചെയ്തു. ചികിത്സ തേടിയ ശേഷം ആശുപത്രി വിട്ട മാത്യു ഉമ്മന്റെ മൊഴിയിലാണ് കേസെടുത്തത്. സംഭവത്തിന് ശേഷം ഡർബാർഹാൾ പരിസരത്തേക്ക് കടന്ന പ്രതിയെ സെൻട്രൽ ഇൻസ്പെക്ടർ അനീഷ് ജോയി, എസ്.ഐമാർ ശ്യാംകുമാർ, മനോജ് കുമാർ, ഉദ്യോഗസ്ഥരായ ഹരീഷ് ബാബു, പ്രശാന്ത് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
വധശ്രമത്തിനാണ് കേസ്. മോഷണം, അടിപിടി കേസുകളിൽ പ്രതിയായ ഷൈജുവിൽ നിന്ന് കുത്താൻ ഉപയോഗിച്ച കത്രിക കണ്ടെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |