
നെടുമങ്ങാട്: കർഷകർക്കും മത്സ്യവ്യാപാരികൾക്കും മികച്ച സൗകര്യങ്ങൾ ഒരുക്കുകയെന്ന ലക്ഷ്യത്തോടെ 2004ൽ കോടികൾ മുടക്കി നിർമ്മിച്ച ഇരിഞ്ചയം ആധുനിക മത്സ്യമാർക്കറ്റ് ഇപ്പോഴും അടഞ്ഞുതന്നെ. തുടക്കത്തിൽ കുറച്ചുകാലം നല്ല രീതിയിൽ പ്രവർത്തിച്ചിരുന്ന മാർക്കറ്റ് അധികൃതരുടെ അനാസ്ഥയിൽ തകിടം മറിഞ്ഞു. പ്രവർത്തനം നിലച്ച് കാടുമൂടിയ മാർക്കറ്റിലെ അത്യാധുനിക യന്ത്രങ്ങളും ഐസ് നിർമാണ പ്ലാന്റിലെ സാമഗ്രികളും സാമൂഹ്യവിരുദ്ധർ കൊണ്ടുപോയി. ശേഷിക്കുന്നവ തുരുമ്പെടുത്തു. മത്സ്യ മാർക്കറ്റ് നോക്കുകുത്തിയായി മാറിയതോടെ പ്രദേശത്തെ വ്യാപാരികളുടെയും മത്സ്യത്തൊഴിലാളികളുടെയും ജീവിത മാർഗവും വഴിമുട്ടി. റോഡരികിലും പൊതുസ്ഥലങ്ങളിലും വെയിലും മഴയും പൊടിയുമേറ്റ് മീൻ വിൽക്കേണ്ട അവസ്ഥയിൽ വ്യാപാരികളും. തൊഴിലാളികളുടെ ദുരിതം കണ്ടില്ലെന്ന് നടിക്കുകയാണ് അധികാരികൾ. സാമൂഹ്യവിരുദ്ധരുടെയും തെരുവ് നായ്ക്കളുടെയും പ്രധാന സങ്കേതമായി മാറിയിരിക്കുകയാണ് നിലവിൽ. കാടുമൂടിയ കെട്ടിടം ഇഴജന്തുക്കളുടെ താവളമായി മാറിയെന്നും നാട്ടുകാർ പരാതിപ്പെടുന്നു.നെടുമങ്ങാട് നഗരസഭ മാതൃകാ പദ്ധതിയായി അവതരിപ്പിച്ച മാർക്കറ്റും ഐസ് പ്ലാന്റുമാണ് നാമാവശേഷമായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |