ഇരിങ്ങാലക്കുട: പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡി.ആർ.ഡി.ഒയുടെ പേരിൽ സ്വന്തം ഫോട്ടോ പതിച്ച വ്യാജ ഐ.ഡി കാർഡ് നിർമ്മിച്ച് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവിക്ക് ഇ-മെയിൽ ചെയ്ത് തട്ടിപ്പിന് ശ്രമിച്ച കേസിൽ ചെന്നൈ സ്വദേശിയെ തൃശൂർ റൂറൽ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ കോടമ്പാക്കം ഭാരതീശ്വരർ കോളനി സ്വദേശിയായ ശങ്കർ (46) ആണ് അറസ്റ്റിലായത്. നടപടിക്രമങ്ങൾക്കുശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. ഗുരുവായൂരിൽ ദർശനത്തിനായി തന്റ ഭാര്യയും മകളും വരുന്നുണ്ടെന്നും അവർക്ക് വേണ്ട സഹായങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ടാണ് ആഗസ്റ്റ് 25ന് പ്രതി സന്ദേശം അയച്ചത്. റൂറൽ ജില്ലാ പൊലീസ് മേധാവി മുഹമ്മദ് നദീം ഇത് പരിശോധിക്കുന്നതിനായി സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി എൻ.എസ്.സലീഷിന് നൽകുകയും മെയിലെ ഉള്ളടക്കങ്ങളും വ്യാജമാണെന്ന് കണ്ടെത്തി റിപ്പോർട്ട് സമർപ്പിക്കുകയുമായിരുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. റൂറൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ കെ.സി.ബൈജു, എസ്.ഐ ആൽബി തോമസ് വർക്കി, ജി.എ.എസ്.ഐ മനോജ്, സി.പി.ഒമാരായ അജിത്ത്, സുദീപ്, ഡ്രൈവർ സി.പി.ഒ അനന്തുമോൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |