SignIn
Kerala Kaumudi Online
Monday, 21 September 2026 2.12 AM IST

ഗ്രാമീണ മേഖലയിൽ ക്ഷീര കർഷകർ പ്രതിസന്ധിയിൽ

36

ഉദിയൻകുളങ്ങര: നെയ്യാറ്റിൻകര താലൂക്കിലെ ക്ഷീര സഹകരണ സംഘങ്ങളും ക്ഷീരകർഷകരും പ്രതിസന്ധിയിലേക്ക്.

കാലിത്തീറ്റ ഉൾപ്പെടെയുള്ള ഉത്പാദന ചെലവുകൾ വർദ്ധിക്കുകയും പാലുത്പാദനം കുറയുകയും ചെയ്തതോടെ പല സംഘങ്ങളുടെയും ദൈനംദിന പ്രവർത്തനം ബുദ്ധിമുട്ടിലായിരിക്കുകയാണ്.

കാലിത്തീറ്റ,പിണ്ണാക്ക്,വൈക്കോൽ തുടങ്ങിയവയുടെ വില വർദ്ധിച്ചതും പശുക്കളുടെ ചികിത്സാ ചെലവും തൊഴിലാളികളുടെ കൂലി ഉയർന്നതും ചെറുകിട ക്ഷീരകർഷകർക്ക് വലിയ സാമ്പത്തിക ബാദ്ധ്യതയാണ് സൃഷ്ടിക്കുന്നത്. കർഷകരിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്ന പാലിന്റെ അളവ് കുറയുന്നത് ക്ഷീര സഹകരണ സംഘങ്ങളെയും നേരിട്ട് ബാധിക്കുന്നുണ്ട്. പാൽ സംഭരണം കുറയുമ്പോഴും സംഘങ്ങളുടെ ജീവനക്കാരുടെ ശമ്പളം, വൈദ്യുതി, കെട്ടിട വാടക, വാഹന ചെലവ് തുടങ്ങിയ സ്ഥിരം ചെലവുകളിൽ കുറവുണ്ടാകുന്നില്ല. ഇതോടെ ചില സംഘങ്ങൾ പ്രവർത്തനച്ചെലവ് കണ്ടെത്താൻ പോലും പ്രയാസപ്പെടുന്ന സ്ഥിതിയിലാണ്.

ഒരുകാലത്ത് ഗ്രാമീണ മേഖലയിലെ നിരവധി കുടുംബങ്ങളുടെ പ്രധാന വരുമാന മാർഗമായിരുന്നു ക്ഷീരമേഖല. പുതിയ തലമുറ പശുവളർത്തലിൽ നിന്ന് മാറിനിൽക്കുന്നതും നിലവിലുള്ള കർഷകർ തൊഴിൽ ഉപേക്ഷിക്കുന്നതും മേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നതാണ്.

ക്ഷീരകർഷകർക്ക് കാലിത്തീറ്റ സബ്സിഡി വർദ്ധിപ്പിക്കുക, ഉത്പാദനച്ചെലവിന് അനുസരിച്ച് പാലിന് ന്യായമായ വില ഉറപ്പാക്കുക, ക്ഷീര സഹകരണ സംഘങ്ങൾക്ക് പ്രത്യേക സാമ്പത്തിക സഹായം അനുവദിക്കുക തുടങ്ങിയ നടപടികൾ സർക്കാർ അടിയന്തരമായി സ്വീകരിക്കണമെന്നാണ് ഈ മേഖലയിലുള്ളവരുടെ ആവശ്യം.

നെയ്യാറ്റിൻകര താലൂക്കിലെ ക്ഷീരമേഖലയുടെ നിലവിലെ സ്ഥിതി സംബന്ധിച്ച് സമഗ്രമായ പഠനം നടത്തി കർഷകരെയും സഹകരണ സംഘങ്ങളെയും സംരക്ഷിക്കാൻ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL