വിതുര: പാലോട് വിതുര റോഡിൽ വിതുര പഞ്ചായത്തിലെ തിരക്കേറിയ കൊപ്പം ജംഗ്ഷനിൽ വെയിറ്റിംഗ് ഷെഡ് നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇവിടെയുണ്ടായിരുന്ന കാത്തിരിപ്പ് കേന്ദ്രം പൊളിച്ചുമാറ്റിയിട്ട് ഏഴ് വർഷം കഴിഞ്ഞു. വിതുര ചായം റോഡ് നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായാണ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചത്. പകരം പുതിയ വെയിറ്റിംഗ് ഷെഡ് നിർമ്മിക്കുമെന്ന് റോഡ് നിർമ്മാതാക്കൾ പ്രഖ്യാപിച്ചെങ്കിലും യാഥാർത്ഥ്യമായില്ല.
കൊപ്പം മേഖലയിലാണ് താലൂക്കാശുപത്രി, പഞ്ചായത്താഫീസ്, സബ്ട്രഷറി, ഗവൺമെന്റ് യു.പി.എസ്, ഹൈസ്കൂൾ ഹയർസെക്കൻഡറി സ്കൂൾ, മൃഗാശുപത്രി, പഞ്ചായത്ത് കമ്മ്യൂണിറ്റിഹാൾ എന്നിവ പ്രവർത്തിക്കുന്നത്. സ്കൂളുകളിൽ അയ്യായിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
പെരുവഴിയിലായി യാത്രക്കാർ
കാത്തിരിപ്പ് കേന്ദ്രമില്ലാത്തതുമൂലം വിദ്യാർത്ഥികളടക്കമുള്ള ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിലും റോഡിലും കടവരാന്തകളിലും മഴയും വെയിലുമേറ്റാണ് ബസ് കാത്ത് നിൽക്കുന്നത്. മാത്രമല്ല ബസ് കാത്ത് നിൽക്കുവാൻ നിശ്ചിത സ്ഥലമില്ലാത്തതിനാൽ യാത്രക്കാർ ബുദ്ധിമുട്ടിലുമാണ്. ബസ് എവിടെ നിറുത്തുമെന്ന നിശ്ചയമില്ലാത്തതിനാൽ ബസെത്തുമ്പോൾ ചിതറിയോടേണ്ട സ്ഥിതിയിലാണ്. റോഡരികിൽ ബസ് കാത്തുനിന്നവരെ വണ്ടി ഇടിച്ചിട്ട സംഭവങ്ങളുമുണ്ട്.
ഫണ്ട് അനുവദിച്ചെങ്കിലും നടപ്പായില്ല
വെയിറ്റിംഗ് ഷെഡ് നിർമ്മിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ മുട്ടാത്ത വാതിലുകളില്ല. മന്ത്രിക്കും എം.പിക്കും, എം.എൽ.എക്കും അനവധി തവണ പരാതികൾ നൽകിയെങ്കിലും നടപടികൾ സ്വീകരിച്ചിട്ടില്ല. നേരത്തേ വെയിറ്റിംഗ് ഷെഡ് നിർമ്മിക്കുവാൻ പഞ്ചായത്ത് ഫണ്ട് അനുവദിച്ചെങ്കിലും നടന്നില്ല. അതേസമയം കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കുവാൻ കൊപ്പത്ത് വേണ്ടത്ര സ്ഥലമില്ലാത്തതാണ് തടസകാരണമെന്ന് പറയുന്നു. വെയിറ്റിംഗ് ഷെഡ് നിർമ്മിക്കുമെന്നാണ് പഞ്ചായത്ത് വ്യക്തമാക്കുന്നത്.
വിതുരയിൽ നിർമ്മിച്ചു
പൊൻമുടി ചുള്ളിമാനൂർ റോഡ് നിർമ്മാണപ്രവർത്തനങ്ങളുടെ ഭാഗമായി വിതുര കലുങ്ക് ജംഗ്ഷനിലെ വെയിറ്റിംഗ് ഷെഡ് അടുത്തിടെ പൊളിച്ചുമാറ്റിയിരുന്നു. എന്നാൽ മാസങ്ങൾ പിന്നിട്ടപ്പോൾ റോഡ് നിർമ്മാതാക്കൾ തന്നെ ഇവിടെ പുതിയ വെയിറ്റിംഗ് ഷെഡ് നിർമ്മിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |