
നെയ്യാറ്റിൻകര: ഇരുമ്പിൽ നിവാസികളുടെ കഴിഞ്ഞ അരനൂറ്റാണ്ട് കാലമായുള്ള ആവശ്യത്തിനൊടുവിൽ സർക്കാർ ആരംഭിച്ച കന്നിപ്പുറം പാലം നിർമ്മാണം എങ്ങുമെത്തുന്നില്ല. ഇരുമ്പിൽ പ്രദേശത്തെ ഇരുമ്പിൽ ടൗണുമായി ബന്ധിപ്പിക്കുന്നതിനാണ് കന്നിപ്പുറം പാലം നിർമ്മാണം തുടങ്ങിയത്. ഇപ്പോൾ പാലക്കടവ് വഴി റെയിൽവേ ക്രോസ് മറികടന്ന് 3 കിലോമീറ്റർ ചുറ്റി സഞ്ചരിച്ചുവേണം തവരവിള, ഇരുമ്പിൽ നിവാസികൾക്ക് ടൗണിലെത്താൻ.
പാലം പണി തുടങ്ങിയതോടെ ഇതുവഴിയുള്ള കടത്ത് തോണി സർവ്വീസും നിലച്ചു. സ്കൂൾകുട്ടികൾ ഉൾപ്പെടെ കിലോമീറ്ററുകൾ സഞ്ചരിച്ചാണ് ടൗണിലെത്തുന്നത്.
യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയശേഷം കിഫ്ബി ഫണ്ടുകൾ സംബന്ധിച്ച ആശങ്കയാണ് കരാറുകാരനെ നിർമ്മാണപ്രവൃത്തികളിൽനിന്ന് പിൻമാറാൻ ഇടയാക്കിയത്. കിഫ്ബി ഫണ്ട് ഓഡിറ്റ് ഒബ്ജക്ഷനിലും മറ്റും പെട്ട് അനിശ്ചിതമായി നീളുന്നതിനാൽ ഒരു തീരുമാനം വേണമെന്നാണ് നാട്ടുകാർ എൻ.ശക്തൻ എം.എൽ.എയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഫണ്ടിന്റെ അപര്യാപ്തത: നിർമ്മാണം അനിശ്ചിതത്വത്തിൽ
2016ഒക്ടോബർ 31ന് കന്നിപ്പുറം പാലത്തിനായി കിഫ്ബി ആദ്യം പത്തുകോടി അനുവദിച്ചു. പിന്നീട് ടെൻഡർ തുക 2024ൽ 15.17കോടി രൂപ കിഫ്ബി പുതുക്കി അനുവദിച്ചു. 15.5കോടി രൂപ ഉപയോഗിച്ചാണ് നിർമ്മാണം തുടങ്ങിയത്. ഇപ്പോൾ പാലം തൂണുകളിൽ മാത്രമൊതുങ്ങിയിരിക്കുകയാണ്. കരാറുകാരൻ പണിചെയ്യാൻ വിസമ്മതിച്ചതോടെ പാലം നിർമ്മിക്കുന്നത് അനിശ്ചിതത്വത്തിലായി.
നെയ്യാറ്റിൻകര കോടതി റോഡിൽ നിന്നാരംഭിച്ച് കന്നിപ്പുറം കടവ് കടന്ന് ഇരുമ്പിലിലെത്തുന്ന പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമ്മാണം കഴിഞ്ഞ സർക്കാരിന്റെകാലത്താണ് തുടങ്ങിയത്. കെ.ആർ.എഫ്.ബിക്കാണ് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമ്മാണച്ചുമതല.
പാലത്തിനായി നെയ്യാറിൽ കോൺക്രീറ്റ് തൂൺ നിർമ്മിച്ചു. ഇരുവശത്തെയും അപ്രോച്ച് റോഡുകളെ ബന്ധിപ്പിക്കാനായുള്ള ഭാഗത്തെ കോൺക്രീറ്റും പൂർത്തിയാക്കി.
പണം അനുവദിച്ചെങ്കിലും കോടതിയുടെ സ്ഥലമുൾപ്പെടെ ഏറ്റെടുക്കേണ്ട പ്രവർത്തനം വൈകിയതോടെ സ്ഥലമേറ്റെടുക്കൽ നീണ്ടുപോയി.പാലത്തിനും അപ്രോച്ച് റോഡിനുമായി 9.89കോടി രൂപയും 5.28കോടി രൂപ സ്ഥലമേറ്റെടുക്കാനുമാണ് അനുവദിച്ചത്.
കോടതി നൽകിയ സ്ഥലം ഏറ്റെടുത്തില്ല
കന്നിപ്പുറം പാലത്തിന്റെ അപ്രോച്ച് റോഡിനായി കോടതിസമുച്ചയത്തിന്റെ സ്ഥലംകൂടി ഏറ്റെടുത്തിരുന്നു.
കന്നിപ്പുറം കടവുവരെയുള്ള റോഡിന് ഇരുവശത്തെയും സ്വകാര്യവ്യക്തികളുടെ സ്ഥലം നിർദ്ദിഷ്ഠ പാലത്തിൽ നിന്നും 300മീറ്ററോളം ഭൂമിയേറ്റെടുത്ത് കല്ലിട്ടു. സ്ഥലത്തെ ചില കെട്ടിടങ്ങൾ പൊളിച്ചുനീക്കുകയും ചെയ്തു.കോടതിയിൽ പുതിയ മതിൽ നിർമ്മിച്ച ശേഷമേ നിലവിലെ മതിൽ പൊളിച്ചുനീക്കാവൂയെന്ന് കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ, ഏറ്റെടുത്ത സ്ഥലത്ത് മതിൽ നിർമ്മിക്കാനോ, നിലവിലെ മതിൽ പൊളിച്ചുനീക്കാനോ അധികൃതർ തയ്യാറായിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |