
വിഴിഞ്ഞം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ സംഭവത്തിൽ രണ്ടുപേരെ വിഴിഞ്ഞം പൊലീസ് അറസ്റ്റുചെയ്തു. ഒന്നാം പ്രതി തൃശ്ശൂർ മുരിങ്ങൂർ സ്വദേശി ഷഫീഖ് (49),രണ്ടാം പ്രതി മലപ്പുറം നിലമ്പൂർ സ്വദേശി ഷഫ്‌ന (32)എന്നിവരാണ് പിടിയിലായത്.
ഒന്നാംപ്രതിയെ തൃശൂർ കൊറോട്ടി ലാൻഡ് ക്ലബിന് സമീപത്തുവച്ചും രണ്ടാംപ്രതിയെ വീട്ടിൽ നിന്നുമാണ് അറസ്റ്റുചെയ്തതെന്ന് വിഴിഞ്ഞം എസ്.എച്ച്.ഒ കെ.ഹേമന്തകുമാർ പറഞ്ഞു. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശി അജിതയുടെ പരാതിയിലാണ് കൊണ്ടോട്ടിയിൽ പ്ലാനറ്റ് ആൻഡ് ടൂർസ് എന്ന സ്ഥാപനം നടത്തുന്ന ഷഫ്ന,ജീവനക്കാരൻ തൃശൂർ സ്വദേശി ഷഫീക്ക് എന്നിവരെ പിടികൂടിയത്. ആസ്ട്രേലിയയിൽ ജോലി വാഗ്ദാനം നൽകി ദമ്പതികളിൽ നിന്ന് പലപ്പോഴായി 15.80 ലക്ഷം രൂപയും ലണ്ടനിൽ ജോലി വാഗ്ദാനം ചെയ്ത് ഇവരുടെ ബന്ധുവിൽ നിന്ന് 5.40 ലക്ഷംരൂപയും തട്ടിയെന്നാണ് പരാതി. കഴിഞ്ഞ 10ന് നൽകിയ പരാതിയിലുള്ള അന്വേഷണത്തിലാണ് കഴിഞ്ഞദിവസം ഇവരെ പിടികൂടിയത്.
ഇസ്രയേലിൽ ജോലി വാഗ്ദാനം ചെയ്‌ത് അഞ്ചുലക്ഷം രൂപ തട്ടിയെടുത്ത കേസിൽ തമിഴ്നാട്ടുകാരായ രണ്ടുപേർ 6ന് അറസ്‌റ്റിലായതിന് പിന്നാലെയാണ് സമാനമായ കേസ്. ആസ്ട്രേലിയയിലെ സൂപ്പർ മാർക്കറ്റിൽ ജോലി വാഗ്ദാനം ചെയ്ത് 7,90 ലക്ഷം രൂപ വീതം ആവശ്യപ്പെട്ടത് പ്രകാരം താനും ഭർത്താവ് അലക്സും പലപ്പോഴായി ബാങ്കുവഴി അയച്ചെന്നും അജിത പൊലീസിന് മൊഴി നൽകിയിരുന്നു. ബന്ധു മുഖേന ലഭിച്ച നമ്പരിലേക്ക് ബന്ധപ്പെടുകയായിരുന്നു.
കബളിപ്പിക്കൽ മനസിലായി പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. എസ്.ഐ പ്രശാന്ത്,എസ്.സി.പി.ഒ വിനയകുമാർ,സി.പി.ഒ.റെജിൻ,ഡബ്ലിയൂ.പി.സി ലിനി എന്നിവരടങ്ങിയ സംഘം പിടികൂടിയ പ്രതികളെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |