
തൃശൂർ: കൂടിയ ചൂടും ഉഷ്ണതരംഗവും മൂലമുണ്ടായ കൃഷിനാശത്തിന്റെ നഷ്ടപരിഹാരവും സപ്‌ളൈകോയിൽ നിന്നുള്ള നെൽവിലയും മുടങ്ങിയ ഉത്പാദനബോണസും കിട്ടാതെ ഭൂരിഭാഗം കോൾക്കർഷകരും നെട്ടോട്ടത്തിൽ. പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കാനുള്ള പണികൾ പൂർത്തിയാക്കി കൃഷിയിറക്കാൻ തുടങ്ങുമ്പോഴാണ് പണമില്ലാതെ വലയുന്നത്. നഷ്ടപരിഹാരത്തിനായി അപേക്ഷ കൊടുത്തെങ്കിലും ഇതുവരെയായിട്ടും ഭൂരിഭാഗം പേർക്കും പണം ലഭിച്ചിട്ടില്ല. പ്രകൃതിദുരന്തങ്ങളെ അതിജീവിച്ച് കൃഷി ചെയ്തുണ്ടാക്കിയ നെല്ല് സിവിൽ സപ്ലൈയ്ക്ക് കൊടുത്ത അന്തിക്കാട്, പറപ്പൂര് മേഖലയിലെ കർഷകർക്ക് ഇതുവരെയായിട്ടും നെൽവില ലഭിച്ചിട്ടില്ല. ഉത്പാദന ബോണസ് കോർപ്പറേഷൻ പരിധിയിലല്ലാത്ത എല്ലാ കർഷകർക്കും ലഭിക്കുന്നുണ്ട്. കോർപ്പറേഷൻ പരിധിയിലെ കർഷകർക്ക് 13 വർഷത്തോളമായി ബോണസ് ലഭിച്ചിട്ടില്ല. പലതവണ കൃഷി വകുപ്പിലും ഉദ്യോഗസ്ഥരോടും അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല.
മാലിന്യക്കൂമ്പാരമായി പാടങ്ങൾ
താഴ്ന്ന സ്ഥലങ്ങളിലെ വീട്ടിലേക്ക് വെള്ളം കയറാതിരിക്കാൻ പടവുകളിലേക്ക് വെള്ളം കയറ്റിയതിനാൽ നഗരമാലിന്യങ്ങളെല്ലാം അടാട്ട്, പുല്ലഴി, ചാലാടി പാടങ്ങളിൽ നിറഞ്ഞു. ലക്ഷക്കണക്കിന് പ്ലാസ്റ്റിക്ക് കുപ്പികളും ഖരമാലിന്യങ്ങളും ആശുപത്രി വേസ്റ്റും പഴയ കിടക്കകളുമെല്ലാമാണ് പാടങ്ങളിലുള്ളത്. ഇതെല്ലാം മാറ്റുന്നതിന് കർഷകർ പതിനായിരങ്ങൾ ചെലവഴിക്കണം.
കഴിഞ്ഞവർഷം ചണ്ടി, കുളവാഴ, കരിവേലി എന്നിവ നിറഞ്ഞ് വെള്ളം ഒഴുകിപ്പോകാത്ത സ്ഥിതിയായിരുന്നു. നാല് തവണ ഇറിഗേഷൻ ഓഫീസിൽ ധർണ നടത്തിയാണ് നവംബർ മാസത്തിലെങ്കിലും കൃഷിയിറക്കിയത്. മാർച്ച്, ഏപ്രിൽ മാസത്തിൽ കൃഷി വൈകി. അതോടെ നെല്ലുത്പാദനവും കുറഞ്ഞു. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ചാലുകൾ കിളച്ചതിനാൽ മണ്ണിന്റെ അസിഡിറ്റിയും കൂടി. ഇതാണ് കഴിഞ്ഞ സീസണിൽ വിളവുകുറയാനുണ്ടായ ഒരു കാരണമെന്നായിരുന്നു വിലയിരുത്തൽ.
പരാതിയൊഴിയാതെ കർഷകർ
നെല്ല് കുറഞ്ഞത് ഒരേക്കറിൽ: 100 കിലോഗ്രാം.
നെല്ലുവില വർദ്ധന ആവശ്യപ്പെടുന്നത്: കിലോഗ്രാമിന് 35 രൂപ
നീറ്റുകക്ക ലഭിക്കുന്നത്: 140 കി.ഗ്രാം
കർഷകരുടെ ആവശ്യം: 240 കി.ഗ്രാം
മറ്റ് ആവശ്യങ്ങൾ
പമ്പിംഗ് സബ്‌സിഡി അതത് സമയം ലഭ്യമാക്കണം.
അസിഡിറ്റി കുറയ്ക്കാൻ നീറ്റുകക്കയുടെ ലഭ്യത കൂട്ടണം.
മാലിന്യം നീക്കം ചെയ്യാനുള്ള നടപടിയുണ്ടാകണം
സാമ്പത്തികപ്രയാസം കൂടിവരുമ്പോൾ കർഷകരെ കൈപിടിച്ചുയർത്തേണ്ടത് സർക്കാരിന്റെ കടമയാണ്. കർഷകരുടെ നീറുന്ന പ്രശ്‌നങ്ങളിൽ അടിയന്തരമായി ഇടപെടണം. മന്ത്രിതലത്തിലും ഉദ്യോഗസ്ഥർക്കും അപേക്ഷകൾ നൽകിയിട്ടും നടപടികളായില്ല.
കൊളങ്ങാട്ട് ഗോപിനാഥൻ
വൈസ് പ്രസിഡന്റ്, ജില്ലാ കോൾ കർഷകസംഘം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |