SignIn
Kerala Kaumudi Online
Friday, 23 October 2026 2.43 AM IST

ഇന്ന് അത്തം: നാട് ഓണത്തിരക്കിലേക്ക്

1

തൃശൂർ : ഇന്ന് അത്തം, ഇനി നാട് ഓണത്തിരക്കിലേക്ക്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ തലത്തിലുള്ള ഓണാഘോഷം ഇല്ലെങ്കിലും വീടുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും ഓണപ്പൂക്കളമൊരുക്കുന്നതിന് പൂക്കൾ വാങ്ങാൻ ഇന്നലെ വൻ തിരക്കായിരുന്നു. ഓണവിഭവം തയ്യാറാക്കാനും അത്തം മുതൽ ഒരുക്കം തുടങ്ങും. ഓണത്തിന് ആഴ്ചകൾക്ക് മുമ്പ് തിരക്ക് തുടങ്ങുന്ന വസ്ത്രവ്യാപാര സ്ഥാപനങ്ങളിൽ വരുംദിവസങ്ങളിൽ തിരക്കേറും. സപ്ലെകോയുടെ ഓണം ഫെയറും അടുത്ത ദിവസം മുതൽ ആരംഭിക്കും. കാഴ്ച്ചക്കുല ശേഖരണവും ഓണത്തിന്റെ പ്രത്യേകതയാണ്. ഇത്തവണ ഓണാഘോഷത്തിന്റെ ഭാഗമായി കുമ്മാട്ടിക്കളിലും പുലിക്കളിയും മാത്രമാണുള്ളത്.

പൂ വിലയിൽ വൻ ഇടിവ്

പൂക്കൾ വരുന്ന അന്യസംസ്ഥാനങ്ങളിൽ മഴ കുറഞ്ഞതും ഉത്പാദനം കൂടിയതും വിപുലമായ ആഘോഷമില്ലാതായതും പൂക്കളുടെ വില ഇടിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഒറ്റയ്ക്കും കൂട്ടായും ഒരുക്കുന്ന പൂക്കൃഷിയും വിലയിടിവിന് കാരണമായി. ഓണപ്പൂക്കളത്തിലെ പ്രധാന ഇനമായ ചെണ്ടുമല്ലിയുടെ മൊത്ത വില 50 രൂപയാണ്. ചില്ലറ വിൽപ്പന നൂറിനും 120നും ഇടയിലാണ്. അരളിക്ക് മാത്രമാണ് വില കൂടുതൽ. അനധികൃത പൂ വിൽപ്പന തടയുന്നതിന്റെ ഭാഗമായി ഓൾ കേരള ഫ്‌ളവർ മർച്ചന്റ്‌സ് അസോസിയേഷന്റെ ഇടപെടലുമുണ്ട്. ചെണ്ടുമല്ലി കിലോ 50 രൂപയും, ജമന്തി കിലോ 250 രൂപയും മാത്രമാണ് വില. ഉണ്ട റോസിന് കിലോ 120 രൂപയും, അരളിക്ക് 200 രൂപയും, ചില്ലി റോസിന് 280 രൂപയും, പനീർ റോസിന് 200 രൂപയും, ലില്ലിക്ക് 350 രൂപയുമാണ് ഇന്നത്തെ വില. അതേസമയം സ്റ്റാളിൽ മഞ്ഞ, ചുവപ്പ് നിറത്തിലുള്ള ചെണ്ടുമല്ലിക്ക് കിലോ 120 രൂപയും, ജമന്തിക്ക് കിലോ 400 രൂപയുമാണ് വില. അരളി വില കിലോ 250. വാടാർമല്ലിക്ക് 150 രൂപയും, കോഴിവാലന് 100 രൂപയുമാണ് വില.

സപ്ലൈകോ ഓണം ഫെയർ നാളെ

സപ്ലൈകോയുടെ ഓണം ഫെയർ നാളെ മുതൽ തേക്കിൻകാട് മൈതാനിയിൽ ആരംഭിക്കും. തെക്കേഗോപുര നടയിൽ രാവിലെ ഒമ്പതരയ്ക്ക് മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്യും. പി.ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മേയർ എം.കെ.വർഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് തുടങ്ങിയവർ പങ്കെടുക്കും.


പുലിക്കളി കൊടിയേറ്റം ഇന്ന്

നാലോണനാളിൽ നടത്തിവരുന്ന പുലിക്കളി മഹോത്സവത്തിന്റെ ഭാഗമായുള്ള കൊടിയേറ്റം നാളെ അത്തം ദിനത്തിൽ രാവിലെ ഒമ്പതിന് നടുവിലാൽ ജംഗ്ഷനിൽ മേയർ എം.കെ.വർഗീസ് നിർവഹിക്കും.


കഴിഞ്ഞ വർഷത്തേക്കാൾ വൻ വിലക്കുറവാണ് ഇത്തവണ ഉണ്ടായത്. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷം ഇല്ലാത്തത് കച്ചവടക്കാരെ ആശങ്കയിലാക്കുന്നുണ്ട്

ജഗജീവൻ
ഫ്‌ളവർ മർച്ചന്റ് അസോ., ജില്ലാ പ്രസിഡന്റ് .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR, ATHAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL