തൃശൂർ: മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജിലെ രക്ത ബാങ്കിന്റെ നേതൃത്വത്തിൽ ക്യാമ്പുകൾ കൂട്ടുകയും സന്നദ്ധസംഘടനകൾ കൂടുതലായി ദാനത്തിന് തയ്യാറാവുകയും ചെയ്തതോടെ രക്തം തേടിയുളള നെട്ടോട്ടം ഇനി കുറയും. രക്തം കൂടുതൽ കിട്ടുന്നതോടെ വിതരണം കൂടുതൽ എളുപ്പമാകും. തിരുവനന്തപുരത്തുളള റെയർ ബ്‌ളഡ് ഡോണർ രജിസ്ട്രിയും ഇവിടെ സജീവമാകും. പുതിയ പി.ജി. കോഴ്‌സിനും അപേക്ഷിച്ചിട്ടുണ്ട്. ചുവന്ന രക്താണുക്കൾ, പ്ലേറ്റ്‌ലെറ്റുകൾ, പ്ലാസ്മ, ക്രയോപ്രെസിപിറ്റേറ്റ് തുടങ്ങിയ വിവിധ രക്ത ഘടകങ്ങളുടെ നിർമ്മാണത്തിലും വിതരണവും ഇവിടെയുണ്ട്. പ്ലേറ്റ്‌ലെറ്റ്, പ്ലാസ്മ, ഗ്രാനുലോസൈറ്റ് ശേഖരണത്തിനുള്ള അഫെറെസിസ് സൗകര്യവുമുണ്ട്. ദാതാക്കളുടെ തിരഞ്ഞെടുപ്പ്, രക്തശേഖരണം, രക്തവിനിമയം വഴി പകരുന്ന രോഗങ്ങളുടെ പരിശോധന, സീറോളജിക്കൽ പരിശോധന, രക്തയൂണിറ്റുകളുടെ സംസ്‌കരണം തുടങ്ങിയവയും കൈകാര്യം ചെയ്യുന്നുണ്ട്. സംസ്ഥാനത്തെ നാലാമത്തെ വലിയ രക്തശേഖരണ കേന്ദ്രമാണിത്.
പരിശീലനവും കൂട്ടി
മെഡിക്കൽ ഓഫീസർമാർ, നഴ്‌സുമാർ, ടെക്‌നീഷ്യൻമാർ എന്നിവർക്ക് പരിശീലനവും കാര്യക്ഷമമാക്കി. ഒക്ടോബർ മുഴുവൻ നീണ്ട ആഘോഷങ്ങളുടെ ഭാഗമായി ക്യാമ്പുകളും ബോധവത്കരണ ക്ലാസുകളും മത്സരങ്ങളും നടക്കും. രക്തദാതാക്കൾക്കായി ശീർഷക രചനാ മത്സരം, വിദ്യാത്ഥികൾക്കായി റീൽസ് മത്സരം, രക്ത മിത്ര ഓൺലൈൻ ക്വിസ്, ഡിസൈൻ എന്നിവയാണ് മത്സരങ്ങൾ. ദേശീയ സന്നദ്ധ രക്തദാന ദിനത്തിൽ സംഘടനകളെ പ്രിൻസിപ്പൽ ഡോ. എൻ അശോകൻ അനുമോദിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. കെ.ബി. സനൽകുമാർ , സൂപ്രണ്ട് ഡോ. എം. രാധിക , ഇ.എൻ.ടി വകുപ്പ് മേധാവി ഡോ. പി.വി. അജയൻ, ഡോ. സജിത്ത് വിളമ്പിൽ, ഡോ. കെ.എ. അർച്ചന, ഡോ. പി.എസ്. അഞ്ജലി, ഡോ. ആഷ്‌ലി മോൺസൺ മാത്യു, ഡോ. നിത്യ എം. ബൈജു എന്നിവർ സന്നിഹിതരായി.
ആദരിക്കപ്പെട്ട സംഘടനകൾ:
ഡി.വൈ.എഫ്.ഐ
സേവാഭാരതി
ബ്ലഡ് ഡോണേഴ്സ് കേരള
ഹയർ സെക്കൻഡറി വിഭാഗം എൻ.എസ്.എസ്
പോൾ ബ്ലഡ്
എച്ച്.ഡി.എഫ്.സി
സ്ഥാപനങ്ങൾ:
ഗവ. എൻജിനിയറിംഗ് കോളേജ്
വിദ്യ എൻജിനിയറിംഗ് കോളേജ്
എസ്.എൻ ട്രസ്റ്റ് ഹയർ ഹയർ സെക്കൻഡറി സ്‌കൂൾ, നാട്ടിക
ശ്രീരാമ ഗവ. പോളിടെക്‌നിക്, തൃപ്രയാർ
ഗവ. മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ, വടക്കാഞ്ചേരി
ഹോളി ഫാമിലി സി.ജി. ഹയർ സെക്കൻഡറി സ്‌കൂൾ, ചെമ്പുക്കാവ്
പ്രതിവർഷം ശേഖരിക്കുന്ന യൂണിറ്റ്: 20,000
രോഗികൾക്ക് നൽകുന്ന രക്തഘടകങ്ങൾ: 60,000
രക്തഗ്രൂപ്പ് കണ്ടെത്തൽ, ആന്റിഗ്ലോബുലിൻ ടെസ്റ്റ്, ക്രോസ്മാച്ച്, ആന്റിബോഡി സ്‌ക്രീനിംഗ് ആൻഡ് ഡിറ്റക്ഷൻ, ആന്റിബോഡിയുടെ ടൈറ്ററേഷൻ തുടങ്ങിയ അടിസ്ഥാന ഇമ്മ്യൂണോ ഹെമറ്റോളജിക്കൽ ടെസ്റ്റുകളും നടക്കുന്നുണ്ട്.- ഡോ. സജിത്ത് വിളമ്പിൽ, ബ്ലഡ് ബാങ്ക്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |