മേലൂർ: ഉച്ചത്തിൽ സംസാരിച്ചാലേ കേൾവിയിൽ പതിയുകയുള്ളൂ, ഇതൊഴിച്ചാൽ മുന്നൂർപ്പിള്ളിയിലെ നാരായണൻ കാരണവർ ഇപ്പോഴും ഉഷാർ..! നൂറാം പിറന്നാൾ ആഘോഷത്തിനെത്തിയ ബന്ധുക്കൾക്കൊപ്പം ചിത്രങ്ങളെടുക്കാനും മധുരം നുണയാനും മടിയില്ല ഈ മുത്തച്ഛന്.
നാല് വർഷം മുൻപ് വരെ പറമ്പ് കിളയ്ക്കാനും കൃഷി ചെയ്യാനും ഒക്കെ മുണ്ടേലി നാരായണൻ മുൻപിൽ തന്നെയുണ്ടായിരുന്നു. രണ്ടുവർഷം മുൻപ് ജീവിതപങ്കാളി ഗൗരിയുടെ വേർപാടാണ് ശാരീരകമായി അൽപ്പം കാരണവരെ തളർത്തിയത്. തുടർന്നാണ് വീടിനകത്ത് ഒതുങ്ങിത്തുടങ്ങിയത്.
മുണ്ടേലി ഇറ്റാമൻ - കാളി ദമ്പതികളുടെ രണ്ടാമത്തെ മകനാണ് നാരായണൻ. പിതാവിന്റെ പാത പിന്തുടർന്ന് നെൽക്കൃഷിയായിരുന്നു ഉപജീവനമാർഗം. കന്നുകളെ പൂട്ടി പാടങ്ങൾ ഉഴുതുമറിക്കുകയും വെള്ളം തേവലും സ്വന്തമായി ചെയ്യുമായിരുന്നു. കർഷകനായതിനാൽ ജീവിത ശൈലിക്കും ചിട്ടവട്ടങ്ങളുണ്ടായിരുന്നു. എല്ലാ ഭക്ഷണവും ഇഷ്ടമാണ്. ജീവിത ശൈലീരോഗങ്ങൾ ഈ പ്രായം വരെ അലട്ടിയില്ലെന്നതും അത്ഭുതം.
ആറ് മക്കളാണ് നാരായണൻ കാരണവർക്ക്. സുലോചന, മനോഹരി, രത്നവല്ലി, പ്രഹ്ളാദൻ, തുളീദാസൻ, സുരേഷ് എന്നീ മക്കളും ചെറുമക്കളുമായി നാലുതലമുറയുടെ അധിപൻ കൂടിയാണ്. തുളസീദാസന്റെ വീട്ടിലായിരുന്നു ശതാബ്ദി നിറവിലായതിന്റെ ആഘോഷങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |