വടക്കാഞ്ചേരി: കേരളകൗമുദി വാർത്ത തുണയായി, കരുതക്കാട്ടെ സാമൂഹിക വനവത്കരണ വിഭാഗം റെയ്ഞ്ച് ഓഫീസും ക്വാർട്ടേഴ്‌സ് കെട്ടിടവും തിരികെ വരുന്നു. തകർന്നുവീണതിനെത്തുടർന്ന് പൊളിച്ചുമാറ്റിയ കെട്ടിടം പുനർനിർമ്മിക്കുന്നതിൽ അധികൃതർ അനാസ്ഥ കാണിക്കുന്നുവെന്ന് കേരളകൗമുദി നിരന്തരം വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. കൂടാതെ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എയുടെ ഇടപെടലും നിർണായകമായി.
1982ലാണ് തൃശൂർ സോഷ്യൽ ഫോറസ്ട്രി റെയ്ഞ്ച് ഓഫീസ് വടക്കാഞ്ചേരിയിലെ കരുതക്കാട് പ്രവർത്തനം തുടങ്ങിയത്. 2012 വരെ ഇവിടെ പ്രവർത്തിച്ച ഓഫീസ് കെട്ടിടങ്ങളുടെ ശോചനീയാവസ്ഥയെത്തുടർന്ന് ചെമ്പുക്കാവിലെ വാടകക്കെട്ടിടത്തിലേക്ക് മാറ്റുകയായിരുന്നു. ഈ ഓഫീസാണ് 44 സെന്റ് ഭൂമിയിലേക്ക് ആധുനിക സൗകര്യങ്ങളോടെ തിരികെ വരുന്നത്.
വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ 2023 സെപ്തംബറിൽ ഓഫീസ് നിർമ്മാണത്തിനായി 1.2 കോടി പ്രഖ്യാപിച്ചിരുന്നു. ഈ മാസം 30ന് രാവിലെ 9.30ന് മന്ത്രി എ.കെ. ശശീന്ദ്രൻ ഓൺലൈനായി നിർമ്മാണോദ്ഘാടനം നിർവഹിക്കും. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ കെ. രാധാകൃഷ്ണൻ എം.പി മുഖ്യാതിഥിയാകും.
ഇതോടനുബന്ധിച്ച് സംഘാടക സമിതി രൂപീകരണയോഗം നടന്നു. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ, നഗരസഭാ ചെയർമാൻ പി.എൻ. സുരേന്ദ്രൻ, കൗൺസിലർ എസ്.എ.എ. ആസാദ്, വനം വകുപ്പ് ഉദ്യോഗസ്ഥരായ കെ. മനോജ്, ടി.എൻ. രാജേഷ്, എം.പി. അനിൽകുമാർ എന്നിവർ പങ്കെടുത്തു.
വിപുലമായ സൗകര്യങ്ങൾ
202324 വർഷത്തെ നബാർഡ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഓഫീസ് ക്വാർട്ടേഴ്‌സ് കെട്ടിടങ്ങളുടെ നിർമ്മാണം. ഓഫീസ് റൂം, സ്‌ട്രോംഗ് റൂം, കമ്പ്യൂട്ടർ റൂം, റെക്കാഡ് റൂം സൗകര്യങ്ങളോടെ 1820 ചതുരശ്ര അടി വിസ്തൃതിയിൽ നിർമ്മിക്കുന്ന റെയ്ഞ്ച് ഓഫീസ് കെട്ടിടവും, 1284 ചതുരശ്ര അടി വിസ്തൃതിൽ നിർമ്മിക്കുന്ന ക്വാർട്ടേഴ്‌സും ഉൾപ്പെടും. സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡിനാണ് നിർമ്മാണച്ചുമതല. 48പഞ്ചായത്തുകളും നാല് മുനിസിപ്പാലിറ്റികളും, കോർപറേഷനും ഉൾപ്പെടുന്നതാണ് തൃശൂർ സോഷ്യൽ ഫോറസ്ട്രി റെയ്ഞ്ച് ഓഫീസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |