SignIn
Kerala Kaumudi Online
Friday, 23 October 2026 2.13 AM IST

കേന്ദ്ര മന്ത്രിയുടെ സന്ദർശനം : പ്രതീക്ഷയുടെ പാളത്തിന് വേഗം കൂടുമോ ?

തൃശൂർ: റെയിൽവേ സ്റ്റേഷൻ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ വിളംബരമായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ തൃശൂർ സന്ദർശനം. 393 കോടിയുടെ പദ്ധതിക്കാണ് അനുമതിയായത്. ഷൊർണൂർ മുതൽ എറണാകുളം വരെ വിവിധ ഘട്ടങ്ങളായി മൂന്നാം പാത നിർമ്മിക്കുമെന്ന മന്ത്രിയുടെ അറിയിപ്പ് ഏറെ പ്രതീക്ഷ നൽകുന്നു. ഇവിടെ ഭൂമി ഏറ്റെടുക്കൽ ആരംഭിച്ചെങ്കിലും ഇതുവരെയും പൂർത്തിയായിട്ടില്ല. ഭാരതപ്പുഴയ്ക്ക് കുറുകെയുള്ള പുതിയ പാലത്തിന്റെ പൈലിംഗും അവസാനിച്ചിട്ടില്ല. കേരളത്തിന്റെ അയൽസംസ്ഥാനങ്ങളായ കർണാടക, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന എന്നിവയുമായുള്ള കണക്ടിവിറ്റി മെച്ചപ്പെടുത്താൻ ഷൊർണൂർ - കോയമ്പത്തൂർ പാതയിൽ മൂന്നും നാലും റെയിൽപാത നിർമ്മിക്കും. ഷൊർണൂർ - എറണാകുളം പാത ഒഴിച്ച് മറ്റു ഭാഗങ്ങളിൽ മണിക്കൂറിൽ വേഗത 100 കിലോമീറ്ററായും ചിലയിടങ്ങളിൽ 110 കിലോമീറ്ററായും വർദ്ധിപ്പിച്ചിട്ടുണ്ട്. പാത ഇരട്ടിപ്പ് പൂർത്തിയായാൽ ട്രെയിനിന്റെ വേഗം കൂട്ടാനും സർവീസിന്റെ സമയകൃത്യത പാലിക്കാനുമാകും. കവച് സംവിധാനം (ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കാനുള്ള സാങ്കേതികവിദ്യ) അനുവദിക്കുന്നതിൽ മുൻഗണന നൽകുമെന്നും അറിയിച്ചിട്ടുണ്ട്. കവച് വന്നാൽ കൂടുതൽ മെമുവും അനുവദിക്കാനാകും.

ശബരിപാതയിലും സന്ദർശനം

കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ശബരിപാതയും സന്ദർശിച്ചു. 1997 - 98ലെ റെയിൽവേ ബഡ്ജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണ് ശബരി പാത. അലൈൻമെന്റ് അംഗീകരിക്കുകയും സ്ഥലം ഏറ്റെടുക്കൽ ആരംഭിക്കുകയും ചെയ്തു. എന്നാൽ കേന്ദ്രത്തിൽ നിന്ന് അനുകൂല സമീപനം ഉണ്ടാകാതെ വന്നതോടെ പദ്ധതി എവിടെയും എത്തിയില്ല. ഇതിനിടെ കാലതാമസം വന്നതോടെ പദ്ധതിയുടെ പ്രതീക്ഷിക്കുന്ന ചെലവ് 36 ശതമാനം വർദ്ധിച്ച് 3811 കോടിയായി ഉയർന്നു.

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് പ്രശംസ

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് തൃശൂർ റെയിൽവേ സ്റ്റേഷൻ സന്ദർശനത്തിനെത്തിയ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രശംസ. ഡൽഹിയിൽ ഔദ്യോഗിക പരിപാടിയുള്ളതിനാലാണ് എത്താനാകാഞ്ഞതെന്ന് മന്ത്രി അറിയിച്ചു. തൃശൂർ റെയിൽവേ വികസനത്തിന്റെ രൂപ രേഖ തയ്യാറാക്കുന്നതിൽ അദ്ദേഹം ഏറെ സംഭാവന നൽകിയെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഞായറാഴ്ച ഉച്ചയ്ക്ക് 12.45നാണ് മന്ത്രി തൃശൂർ റെയിൽവേ സ്റ്റേഷനിലെത്തിയത്. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ, മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ, പി.കെ.കൃഷ്ണദാസ് എന്നിവരും ഒപ്പമുണ്ടായിരുന്നു. ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ് കുമാർ, കെ.ആർ.ഹരി, റെയിൽവേ ഉദ്യോഗസ്ഥർ എന്നിവർ കേന്ദ്രമന്ത്രിയെ സ്വീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL