SignIn
Kerala Kaumudi Online
Friday, 23 October 2026 5.35 PM IST

പള്ളിമേടയിൽ ഈ പള്ളീലച്ചനും അച്ചുവിനും സുഖം !

palli

തൃശൂർ: വേച്ചുവേച്ചാണ് ഫാ.പോൾ നടക്കുന്നത്. സ്വന്തം ജീവനെക്കാളേറെ സ്‌നേഹിക്കുന്ന അച്ചു എന്ന പൂച്ചക്കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിൽ വീണ് കാലൊടിഞ്ഞിട്ടും തെല്ലും സ്നേഹക്കുറവില്ല ഈ പള്ളീലച്ചന്. പള്ളിക്കെട്ടിടത്തിന്റെ സൺഷേഡിൽ വീണ പൂച്ചയെ രക്ഷിക്കാൻ കയറിയതാണ് മുക്കാട്ടുകര സെന്റ് ജോർജ് പള്ളി വികാരി ഫാ.പോൾ പിണ്ടിയാൻ. പാതിരാത്രിയാണെന്നൊന്നും നോക്കിയില്ല, കോണി വച്ച് കയറി. നിരങ്ങി താഴെ ടൈൽസിലേക്ക് വീണു. കാലിന്റെ പാദത്തോട് ചേർന്ന് ഒടിഞ്ഞു. ഫോണില്ലാത്തതിനാൽ ആരുമറിഞ്ഞില്ല.

ചോര വാർന്ന് ഒടിഞ്ഞകാലുമായി മുകളിൽ പുരോഹിതർ താമസിക്കുന്ന മുറിയിലേക്കെത്തി. അസിസ്റ്റന്റ് വികാരിയെ വിളിച്ചപ്പോൾ കൈക്കാരന്മാരെ കൂട്ടി ഓടിയെത്തി. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും പുരോഹിതന്റെ മനസ് മുഴുവൻ അച്ചുവിനെ കുറിച്ചുള്ള വ്യാകുലതയായിരുന്നു. അവൻ സൺഷേഡിൽ നിന്ന് വീഴുമോ ?. നേരം പുലരും മുമ്പേ കൈക്കാരന്മാരും മറ്റുള്ളവരും ചേർന്ന് പേർഷ്യൻ ക്യാറ്റ് വിഭാഗത്തിൽ പെട്ട പൂച്ചയെ സുരക്ഷിതമായി താഴെയിറക്കി. ഇതറിഞ്ഞപ്പോഴാണ് സഹിക്കാൻ പറ്റാത്ത വേദന കാലിനുണ്ടായിട്ടും രാവിലെ ശരിക്കും സന്തോഷം തോന്നിയതെന്ന് ഫാ.പോൾ പറഞ്ഞു. ജന്മദിന സമ്മാനമായി 2023 മാർച്ച് 20നാണ് അസിസ്റ്റന്റ് വികാരി ഫാ.പോൾ മുട്ടത്തും കൈക്കാരന്മാരും ചേർന്ന് പേർഷ്യൻ സമ്മാനിച്ചതാണ്. ഒന്നര വർഷമായി സന്തത സഹചാരിയാണ് അച്ചു. കഴിഞ്ഞ ഒക്ടോബർ 16ന് രാത്രി 12ന് ശേഷമാണ് അപകടത്തിൽപെട്ടത്.

സ്‌നേഹമായെത്തിയ പൂച്ച


കൂർക്കഞ്ചേരി പള്ളി പണിയുമ്പോഴാണ് 2017ൽ ഒരു നാടൻ പൂച്ച പള്ളിയിലെത്തിയത്. അലഞ്ഞുതിരിഞ്ഞ അവൾക്ക് വേണ്ട ഭക്ഷണമൊക്കെ കൊടുത്തു. പെൺപൂച്ചയായതിനാൽ പെറ്റുപെരുകി. സ്ഥലം മാറി മുക്കാട്ടുകരയെത്തിയപ്പോൾ അവളുടെ ഓർമ്മ വിട്ടുപോന്നില്ല. അതെല്ലാം മനസിലാക്കിയാണ് മുക്കാട്ടുകര പള്ളിയിലെ അന്നത്തെ അസിസ്റ്റന്റ് വികാരിയും മറ്റും അച്ചുവിനെ സമ്മാനിക്കുന്നത്. അച്ചനോടുള്ളതു പോലെ, ഇടവകയിലെ എല്ലാവരോടും അച്ചുവിന് വലിയ സ്‌നേഹമാണ്. ആരെങ്കിലും പള്ളിമേടയിലെത്തിയാൽ ഉടൻ മേശപ്പുറത്ത് കയറും, ഉപദ്രവിക്കില്ല. ഒറ്റ കുഴപ്പമേയുള്ളൂ, ആരു വിളിച്ചാലും കൂടെ പോകും. അതിനാൽ അടഞ്ഞ വാതിലാണ് എന്നും അച്ചുവിന് മുന്നിൽ. കാലിൽ കമ്പിയിട്ടതിനാൽ പ്ലാസ്റ്റർ വെട്ടിയെങ്കിലും വിശ്രമത്തിലാണ് ഫാദർ പോൾ. സമയം പോകാനാണ് പാട്. നിവർന്നു നിന്നാൽ കാലിന് ചുറ്റും വാലും പൊക്കി അവനുണ്ട്. അച്ചു, മുഖമിട്ടുരച്ചും ശരീരം ചേർത്തുവച്ചും അവൻ സ്നേഹം പ്രകടിപ്പിക്കുമ്പോൾ പക്ഷേ വേദനയെല്ലാം പമ്പകടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL